അഞ്ചു വര്‍ഷം മുമ്പ് ഭര്‍ത്താവിനെ കൊന്നു കുഴിച്ചിട്ടു; ഇപ്പോള്‍ ഭര്‍ത്താവിന്റെ സഹോദരനെയും ഇത്തരത്തില്‍ കൊന്നു; പക്ഷേ മൃതദേഹം പൊലീസ് കണ്ടെത്തി; കൊലയാളിയായ സ്ത്രീയെ പൊലീസ് പിടികൂടിയപ്പോള്‍ തെളിഞ്ഞത് ഇരട്ടകൊലപാതകം

അഞ്ച് വര്‍ഷം മുമ്പ് ഭര്‍ത്താവിനെ കൊലപ്പെടുത്തിയ സ്ത്രീ, ദിവസങ്ങള്‍ക്ക് മുമ്പ് ഭര്‍ത്താവിന്റെ സഹോദരനെയും കൊന്നു. മധ്യപ്രദേശിലെ കോലാറിലാണ് സംഭവം. അജ്ഞാത മൃതദേഹം കണ്ടെത്തിയതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് തെളിഞ്ഞത് ഇരട്ടക്കൊലപാതകം തെളിഞ്ഞത്. സംഭവത്തില്‍ കോലാറിന് സമീപം ധമഖേഡയില്‍ താമസിക്കുന്ന സ്ത്രീയെ പോലീസ് അറസ്റ്റ് ചെയ്തു.
വെള്ളിയാഴ്ചയാണ് ഒരു പുരുഷന്റെ മൃതദേഹം ഭോപ്പാലില്‍ ഉപേക്ഷിക്കപ്പെട്ടനിലയില്‍ കണ്ടെത്തിയത്. പന്നികള്‍ കടിച്ചുപറിച്ച് വികൃതമായ നിലയിലായിരുന്നു മൃതദേഹം. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ധമഖേഡയില്‍ താമസിക്കുന്ന മോഹനാണ് മരിച്ചതെന്ന് കണ്ടെത്തിയത്. സംഭവം കൊലപാതകമാണെന്നും പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമായി.
തുടര്‍ന്ന് മോഹനൊപ്പം താമസിക്കുന്ന സഹോദരന്റെ ഭാര്യയെ കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്തതോടെയാണ് കേസിന്റെ ചുരുളഴിഞ്ഞത്. ഇതോടൊപ്പം അഞ്ചുവര്‍ഷം മുമ്പ് നടത്തിയ മറ്റൊരു കൊലപാതകവും സ്ത്രീ പൊലീസിനോട് വിവരിച്ചു. ഭര്‍ത്താവിന്റെ സഹോദരനായ മോഹനൊപ്പം ജീവിക്കാനായി അഞ്ച് വര്‍ഷം മുമ്പ് ഭര്‍ത്താവിനെയും കൊലപ്പെടുത്തിയെന്നാണ് സ്ത്രീ പോലീസിനോട് പറഞ്ഞത്. മോഹനും താനും ചേര്‍ന്നാണ് ഭര്‍ത്താവിനെ കൊന്നത്. മൃതദേഹം വീട്ടില്‍തന്നെ കുഴിച്ചിട്ടു. തുടര്‍ന്ന് മോഹനൊപ്പമായിരുന്നു താനും മകനും താമസിച്ചുവന്നതെന്നും സ്ത്രീ പൊലീസിനോട് പറഞ്ഞു.
അടുത്തിടെ മോഹനുമായി വഴക്ക് പതിവായി. ഇതോടെയാണ് മകന്റെ സഹായത്തോടെ മോഹനെ കൊലപ്പെടുത്തിയതെന്നും മൃതദേഹം നദിയില്‍ ഉപേക്ഷിച്ചത് മകനാണെന്നും സ്ത്രീ പറഞ്ഞു. സ്ത്രീയുടെ വെളിപ്പെടുത്തലിനെ തുടര്‍ന്ന് അഞ്ച് വര്‍ഷം മുമ്പ് കുഴിച്ചിട്ട മൃതദേഹം കണ്ടെത്താന്‍ പൊലീസ് പരിശോധന നടത്തി.
ഇവരുടെ വീട്ടില്‍നിന്ന് മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെടുക്കുകയും ചെയ്തു. ഇത് പോസ്റ്റുമോര്‍ട്ടത്തിനായി അയച്ചെന്നും സ്ത്രീക്കെതിരേ കേസ് രജിസ്റ്റര്‍ ചെയ്തതായും പൊലീസ് അറിയിച്ചു. കേസില്‍ വിശദമായ അന്വേഷണം നടന്നുവരികയാണ്.
https://www.facebook.com/Malayalivartha

























