കോവിഡ് മൂന്നാം തരംഗത്തെ നേരിടാന്‍ ഡല്‍ഹിയില്‍ കോവിഡ് കെയര്‍ സെന്ററുകള്‍ ശിശു സംരക്ഷണ കേന്ദ്രങ്ങളാക്കി മാറ്റുന്നു

കോവിഡ് മൂന്നാം തരംഗം കുട്ടികളെ കൂടുതലായി ബാധിക്കുമെന്ന ആശങ്കകള്‍ക്കിടയില്‍ ഡല്‍ഹി സര്‍ക്കാര്‍ കോവിഡ് കെയര്‍ സെന്ററുകള്‍ ശിശു പരിപാലന കേന്ദ്രങ്ങളാക്കി മാറ്റുന്നതിനായുള്ള പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. കോവിഡ് രോഗികളുടെ എണ്ണം കുറവായതിനാലാണ് കോവിഡ് കേന്ദ്രങ്ങള്‍ ശിശു പരിപാലന കേന്ദ്രങ്ങളാക്കി മാറ്റുന്നത്.
കോവിഡ് മൂന്നാം തരംഗം കുട്ടികളെ ഗുരുതരമായി ബാധിച്ചേക്കാമെന്ന് ആരോഗ്യ വിദഗ്ധര്‍ കരുതുന്നു. അതിനാലാണ് കുട്ടികള്‍ക്കായി ചികിത്സാ സൗകര്യങ്ങള്‍ വര്‍ധിപ്പിക്കുന്നത്. കുട്ടികള്‍ക്ക് ശരിയായ വൈദ്യസഹായം ലഭ്യമാക്കുന്നതിനായി ഓക്‌സിജന്‍ സിലിണ്ടറുകള്‍, ഓക്‌സിജന്‍ കോണ്‍സെന്‍ട്രേറ്ററുകള്‍, മെഡിക്കല്‍ സ്റ്റാഫ് എന്നിവയെല്ലാം ഈ കേന്ദ്രങ്ങളില്‍ പൂര്‍ണ്ണമായും ക്രമീകരിച്ചിട്ടുണ്ടെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. ചികിത്സാ സൗകര്യങ്ങള്‍ സൗജന്യമായിരിക്കുമെന്ന് സര്‍ക്കാര്‍ അറിയിച്ചു.
അതേസമയം കുട്ടികളിലെ കോവിഡ് ചികിത്സ സംബന്ധിച്ച മാര്‍ഗനിര്‍ദേശങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ പുറത്തിറക്കി. അഞ്ചു വയസിന് താഴെയുള്ള കുട്ടികള്‍ക്ക് മാസ്‌ക് നിര്‍ബന്ധമില്ലെന്ന് മാര്‍ഗനിര്‍ദേശത്തില്‍ പറയുന്നു. പന്ത്രണ്ട് വയസിന് മുകളില്‍ പ്രായമുള്ള കുട്ടികള്‍ നിര്‍ബന്ധമായും മാസ്‌ക് ധരിക്കണമെന്ന് മാര്‍ഗനിര്‍ദേശത്തില്‍ വ്യക്തമാക്കി.
ആറു മുതല്‍ പതിനൊന്ന് വയസ് വരെ പ്രായമുള്ള കുട്ടികള്‍ രക്ഷിതാക്കളുടെ നിരീക്ഷണത്തിലും ഡോക്ടര്‍മാരുടെ നിര്‍ദേശത്തിനും ശേഷം മാസ്‌ക് ധരിക്കാമെന്ന് ഡയറക്ടറേറ്റ് ജനറല്‍ ഓഫ് ഹെല്‍ത്ത് ആന്റ് ഫാമിലി വെല്‍ഫെയര്‍ പുറത്തിറക്കിയ നിര്‍ദേശത്തില്‍ പറയുന്നു. അതേസമയം കോവിഡ് ബാധിച്ച ലക്ഷണങ്ങളില്ലാത്ത കുട്ടികളിലെ സ്റ്റിറോയ്ഡ് ഉപയോഗം ശുപാര്‍ശ ചെയ്യുന്നില്ല.
https://www.facebook.com/Malayalivartha