പ്രഫുല്‍ പട്ടേല്‍ നേരെ കവരത്തിയില്‍...കൊച്ചിയില്‍ വന്നില്ല; പ്രഫുല്‍ പട്ടേലിനെ കാണാന്‍ കൊച്ചി വിമാനത്താവളത്തിലെത്തിയ യു.ഡി.എഫ് സംഘം നിരാശരായി മടങ്ങി; ദ്വീപിലെ പ്രതിഷേധക്കാര്‍ക്കെതിരെ പൊലീസ് രംഗത്ത്; കര്‍ശന നടപടി

കൊച്ചിയില്‍ പ്രതിഷേധിക്കാന്‍ കാത്തുനിന്നവരെ നിരാശരാക്കി ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്റര്‍ പ്രഫുല്‍ പട്ടേല്‍. ഭരണപരിഷ്‌കാരങ്ങളുമായി ബന്ധപ്പെട്ട് നടക്കുന്ന പ്രക്ഷോഭങ്ങള്‍ക്കിടെ ലക്ഷദ്വീപ് സന്ദര്‍ശനത്തിനെത്തിയ പ്രഫുല്‍ പട്ടേല്‍ കൊച്ചിയില്‍ എത്തിയില്ല. അദ്ദേഹം നേരിട്ട് കവരത്തിയിലേക്ക് പോയതായാണ് വിവരം.
യാത്രാ ഷെഡ്യൂള്‍ പ്രകാരം നെടുമ്പാശ്ശേരി വഴി ലക്ഷദ്വീപില്‍ എത്തുമെന്നായിരുന്നു നേരത്തെ അറിയിച്ചിരുന്നത്. ഇത് അവസാന നിമിഷം റദ്ദാക്കി ദാമന്‍ ദിയുവില്‍ നിന്നും അദ്ദേഹം എയര്‍ഫോഴ്‌സ് പ്രത്യേക വിമാനത്തില്‍ കവരത്തിയിലേക്ക് പോയതായാണ് വിമാനത്താവള അധികൃതര്‍ അറിയിച്ചത്.
അഡ്മിനിസ്‌ട്രേറ്റര്‍ പ്രഫുല്‍പട്ടേല്‍ കൊച്ചിയില്‍ എത്തുമെന്ന വിവരത്തെ തുടര്‍ന്ന് അദ്ദേഹത്തെ കാണാന്‍ യുഡിഎഫ് സംഘം നെടുമ്പാശേരി വിമാനത്താവളത്തില്‍ എത്തിയിരുന്നു. ഭരണ പരിഷ്‌ക്കാരങ്ങള്‍ പിന്‍വലിക്കുക, യുഡിഎഫ് സംഘത്തിന് സന്ദര്‍ശനാനുമതി നല്‍കുക എന്നീ ആവശ്യങ്ങളാണ് ജനപ്രതിനിധി സംഘം ഉയര്‍ത്തുന്നത്. എംപിമാരായ ഹൈബി ഈഡന്‍, ടിഎന്‍ പ്രതാപന്‍, എം.എല്‍.എ അന്‍വര്‍ സാദത്ത് എന്നിവരാണ് പ്രഫുല്‍പട്ടേലിനെ കാണാനെത്തിയത്.
എന്നാല്‍ കൊച്ചി യാത്ര റദ്ദാക്കിയതോടെ യുഡിഎഫ് സംഘത്തിന് അദ്ദേഹത്തെ കാണാനായില്ല. കരിനിയമങ്ങള്‍ക്കെതിരെ കോടതിയെ സമീപിക്കുന്നത് പരിഗണനയിലാണെന്ന് യുഡിഎഫ് സംഘം മാധ്യമങ്ങളോട് പ്രതികരിച്ചു. ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്റര്‍ കൊച്ചിയിലിറങ്ങാതെ ഒളിച്ചോടിയെന്ന് ടി.എന്‍ പ്രതാപന്‍ എം പി ആരോപിച്ചു.
അഡ്മിനിസ്‌ടേറ്ററുടെ സന്ദര്‍ശനത്തോടനുബന്ധിച്ച് ഇന്ന് സേവ് ലക്ഷ്ദ്വീപ് ഫോറം ലക്ഷദ്വീപില്‍ കരിദിനം ആചരിക്കുകയാണ്. വീടുകളില്‍ കരങ്കൊടി കെട്ടിയും കറുത്ത മാസ്‌ക് അണിഞ്ഞുമുള്ള പ്രതിഷേധത്തിനെതിരെ പൊലീസ് രംഗത്തെത്തി. കറുത്ത കൊടി നീക്കണമെന്ന് പൊലീസ് വീടുകളില്‍ എത്തി ആവശ്യപ്പെട്ടു.
കൊടി കെട്ടിയ ദൃശ്യങ്ങളും ശേഖരിച്ചു. പ്രതിഷേധം കണക്കിലെടുത്ത് വിവിധ ദ്വീപുകളില്‍ സുരക്ഷ ക്രമീകരണങ്ങള്‍ ശക്തമാക്കിയിട്ടുണ്ട്. എന്നാല്‍ അഡ്മിനിസ്‌ടേറ്ററെ ബഹിഷ്‌കരിച്ച് സമാധാനപരമായിട്ടായിരിക്കും പ്രതിഷേധം എന്നാണ് പ്രക്ഷോഭത്തിന് ആഹ്വാനം ചെയ്തവര്‍ അറിയിച്ചത്.
https://www.facebook.com/Malayalivartha

























