മുപ്പത് വര്‍ഷം മുമ്പ് ഞങ്ങള്‍ വന്ന ഡല്‍ഹിയല്ല ഇത്!! ഇവിടം പൊടുന്നനെ അന്യദേശമായി മാറിപ്പോയി, ഞങ്ങള്‍ ഇവിടം വിട്ടുപോയേ മതിയാവൂ; ഇത് ഏതോ ഒരു രാജ്യമാണെന്ന് തോന്നിപ്പോകുന്നു! മനസ്സ് മടുത്ത് തലസ്ഥാനം വിടണമെന്ന ചിന്തയില്‍ കവി സച്ചിദാനന്ദന്

''മുപ്പത് വര്‍ഷം മുമ്പ് ഞങ്ങള്‍ വന്ന ഡല്‍ഹിയല്ല ഇത്. ഇവിടം പൊടുന്നനെ അന്യദേശമായി മാറിപ്പോയി. ഞങ്ങള്‍ ഇവിടം വിട്ടുപോയേ മതിയാവൂ.'' ഡല്‍ഹി ജീവിതം മടുത്ത് പ്രമുഖ കവി കെ. സച്ചിദാനന്ദന് ഫേസ്ബുക്കില്‍ എല്ലാവരോടുമായി പറഞ്ഞു. അതിനോട് ഒട്ടേറെ പേരാണ് വേദനയോടെ പ്രതികരിച്ചത്.
സാഹിത്യ ലോകത്ത് മാത്രമല്ല, ഡല്‍ഹിയുടെ സാമൂഹിക ജീവിതത്തിലും പതിറ്റാണ്ടുകളായി നിറഞ്ഞു നില്ക്കുന്ന സച്ചിദാനന്ദന് എന്തുകൊണ്ട് തലസ്ഥാനം വിട്ട് നാട്ടിലേക്ക് മടങ്ങണമെന്ന് ഓര്‍ത്തുപോകുന്നു? ഇനിയൊരു മടക്കം ഉറപ്പിക്കാതെ ഏതാനും ആഴ്ചകള്‍ മുമ്പുമാത്രമാണ് കഥാകാരന് ആനന്ദ് ഡല്‍ഹി വിട്ടത്.
കേരളത്തിലേക്ക് തിരിച്ചു പോകണമെന്ന് കലശലായി ആഗ്രഹിക്കുന്നതിെന്റ കാരണങ്ങള്‍ നോവുന്ന മനസ്സോടെയാണ് സച്ചിദാനന്ദന് പറഞ്ഞത്: ഇത് ഏതോ ഒരു രാജ്യമാണെന്ന് തോന്നിപ്പോകുന്നു. തടുക്കാനാവാത്ത ഒരു തോന്നലാണത്. ഈ മണ്ണില്‍ ഞാന്‍ ഇന്ന് ഒരു പരദേശിയാണ്. അങ്ങനെ ചിന്തിക്കുന്ന ഒരുപാടുപേര് ഡല്‍ഹിയില്‍ ഉണ്ടാവും. ഭരണത്തിന്റെ പുതിയ രീതികള്‍ക്കിടയില്‍ ഇവിടെ ഒരുമയുടെ, ഒത്തുചേരലിന്റെ,
സംഭാഷണത്തിന്റെ ഇടങ്ങള്‍ ഇല്ലാതായി. ഉള്‍ക്കൊള്ളുന്ന രീതികള്‍ മാഞ്ഞുപോയി. ഇപ്പോഴത്തെ ഭരണവര്ഗരാഷ്ട്രീയവുമായി ഒരുസംഭാഷണം നമുക്ക് സാധ്യമല്ല. എനിക്ക് എല്ലാത്തരം രാഷ്ട്രീയക്കാരോടും സംസാരിക്കാന്‍ പ്രയാസം തോന്നിയിരുന്നില്ല. എന്നാല്‍, ഇപ്പോഴത്തെ ഭരണാധികാരികളോട് നമുക്ക് സംസാരിക്കാനേ തോന്നുകയില്ല.
നിരക്ഷരതയും അഹങ്കാരവും വിദ്വേഷവുമാണ് നിറഞ്ഞുനില്ക്കുന്ന ഘടകങ്ങള്‍. ഭരണമോ? കോവിഡ് രണ്ടാംതരംഗം ഡല്‍ഹിയെ നരകമാക്കിയപ്പോള്‍ ഈ ഭരണക്കാരെ ആരെയും കാണാനുണ്ടായിരുന്നില്ല. ഇവിടെ പുതിയ പാര്‍ലമെന്റ് പണിയുകയല്ല. സുപ്രധാനമായ പലതും ഇടിച്ചു നിരത്തുകയാണ്. ഡല്‍ഹിക്ക് പുതിയ ചരിത്രം നിര്‍മിക്കുകയാണ്. പുതിയനേതാക്കള്‍ പഴയചരിത്രവും ഓര്‍മകളും കുഴിച്ചുമൂടാന്‍ നോക്കുകയാണ്.
2014ലാണ് ചരിത്രം തുടങ്ങിയതെന്ന മട്ടില്‍ ചരിത്രസ്മാരകങ്ങള്‍ പൊളിച്ചുമാറ്റുകയാണ്. ഡല്‍ഹിയുടെ മുഖം മാത്രമല്ല, മനസ്സും മാറ്റുകയാണ്. സെന്‍ട്രല്‍ വിസ്ത പുതിയതൊന്ന് ഉണ്ടാക്കുന്നതിനേക്കാള്‍ സുപ്രധാനമായ പലതും നശിപ്പിക്കുകയാണ്.
പാര്‍ലമെന്റും ഇന്ത്യ ഗേറ്റുമെല്ലാം ഡല്‍ഹിക്കാര്‍ക്കും വന്നു പോകുന്നവര്‍ക്കും പ്രിയപ്പെട്ടഭാഗങ്ങളായിരുന്നു. ആഫ്രിക്കന്‍ രാജ്യങ്ങളില്‍ വരെ പഴയതൊന്നും തട്ടിനിരത്തുകയല്ല. വരുംതലമുറക്ക് ചരിത്രത്തിലേക്കുള്ള കിളിവാതിലായി സംരക്ഷിക്കുകയാണ് ചെയ്യുന്നത്. സ്മാരകങ്ങളിലേക്ക് കുട്ടികളെ കൊണ്ടുപോവുകയും ഇവരൊക്കെയാണ് നമ്മെ അടിമകളാക്കിവെച്ചതെന്ന് പറഞ്ഞുകൊടുക്കുകയുമാണ് ചെയ്യുന്നത്. ഇതൊക്കെ ആരോടുപറയാന്‍? ചോദ്യമെറിഞ്ഞ് സച്ചിദാനന്ദന് മൗനിയായി.
https://www.facebook.com/Malayalivartha

























