മുറി നല്‍കിയില്ല: പാക് കുടുംബം അന്തിയുറങ്ങിയത് റെയില്‍വെസ്‌റ്റേഷനില്‍

കരുണയില്ലാതെ ഹോട്ടല്‍ അധികൃതര്‍. പാകിസ്താന്‍ സ്വദേശികളായതിന്റെ പേരില്‍ മുംബൈയില്‍ ആറംഗ കുടുംബത്തിന് ഹോട്ടലില്‍ താമസസൗകര്യം നിഷേധിച്ചു. മൂന്ന് സ്ത്രീകളും രണ്ട് പുരുഷന്മാരും 12 വയസ്സുള്ള ഒരു കുഞ്ഞുമടങ്ങുന്ന കുടുംബം ഒടുവില്‍ മുംബൈ സെന്‍ട്രല്‍ റെയില്‍വെ സ്‌റ്റേഷനിലാണ് അന്തിയുറങ്ങിയത്. ബുധനാഴ്ച രാത്രിയാണ് സംഭവം.
അസുഖബാധിതനായ കുഞ്ഞിനേയും കൂട്ടി ഡല്‍ഹിയിലെ അതിപ്രശസ്തമായ ഹാജി അലി ദര്‍ഗ സന്ദര്‍ശിക്കാനെത്തിയതായിരുന്നു കുടുംബം. കറാച്ചിയില്‍ നിന്നും ജോധിപൂരിലേക്ക് താര്‍ എക്‌സ്പ്രസിലാണ് കുടുംബം എത്തിയത്. തുടര്‍ന്ന് അവിടെ നിന്നും ഇവര്‍ മുംബൈയില്‍ എത്തിച്ചേര്‍ന്നു.
മുംബൈയില്‍ നേരം ഇരുട്ടും വരെ താമസ സൗകര്യം അന്വേഷിച്ച് നടന്ന ഇവര്‍ക്ക് മുറി നല്‍കാന്‍ ഒരു ഹോട്ടല്‍ അധികൃതരും തയ്യാറായില്ല. പാകിസ്താനികളായതിനാല്‍ മുറി നല്‍കാന്‍ തങ്ങള്‍ക്ക് അനുവാദമില്ലെന്നും തങ്ങളുടെ പക്കല്‍ ഫോം സി ഇല്ലെന്നും പോലീസില്‍ നിന്നും ഫോം സിയുമായി എത്തുകയാണെങ്കില്‍ താമസസൗകര്യം ഒരുക്കാമെന്നും ഹോട്ടല്‍ ഉടമകള്‍ പറഞ്ഞതായി കുടുംബത്തിലെ മുതിര്‍ന്ന അംഗം ഇനായത് അലി പറഞ്ഞു.
വിദേശികള്‍ക്ക് താമസ സൗകര്യം നല്‍കുന്നുണ്ടെങ്കില്‍ അവരെ സംബന്ധിക്കുന്ന വിവരങ്ങള്‍ രേഖപ്പെടുത്തിയ ഫോം സി 24 മണിക്കൂറിനകം വിദേശ രജിസ്‌ട്രേഷന്‍ അധികൃതര്‍ക്ക് മുമ്പാകെ സമര്‍പ്പിക്കണമെന്നാണ് നിയമം. എന്നാല്‍ ഇത്തരത്തില്‍ വിവരം സമര്‍പ്പിക്കേണ്ടത് പൂര്‍ണമായും ഹോട്ടല്‍ ഉടമകളുടെ ഉത്തരവാദിത്തമാണെന്ന് രജിസ്‌ട്രേഷന്‍ വിഭാഗത്തിലെ ഉദ്യോഗസ്ഥര്‍ പറയുന്നു.
താമസസൗകര്യം ലഭിക്കാത്തതിനെ തുടര്‍ന്ന് മുംബൈ സെന്‍ട്രല്‍ സ്‌റ്റേഷനില്‍ ഇരുന്ന കുടുംബത്തിന് ഒടുവില്‍ മാധ്യമ പ്രവര്‍ത്തകരുടെ ഇടപെടലിനെ തുടര്‍ന്ന് റെയില്‍വേ സുരക്ഷാ സേന താമസസൗകര്യം ഏര്‍പ്പെടുത്തി.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha

























