കോള്‍ മുറിഞ്ഞാല്‍ ഓരോതവണയും ഒരുരൂപ ഉപഭോക്താവിന് നഷ്ടപരിഹാരം നല്‍കണം, ഒരുദിവസം 150 കോടി രൂപയുടെ നഷ്ടമെന്ന് മൊബൈല്‍ കമ്പനികള്‍

മൊബൈല്‍ ഫോണില്‍ സംസാരിച്ചുകൊണ്ടിരിക്കുമ്പോള്‍ കോള്‍ മുറിഞ്ഞുപോയാല്‍ ഉപഭോക്താവിന് ഓരോ തവണയും ഒരുരൂപ വീതം നഷ്ടപരിഹാരം കിട്ടും. ഒരുദിവസം പരമാവധി മൂന്നുതവണയേ ഇതു കിട്ടൂ. ജനുവരി ഒന്നു മുതല്‍ നഷ്ടപരിഹാരം നല്‍കാന്‍ മൊബൈല്‍ സേവനദാതാക്കളോടു ടെലികോം റഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (ട്രായ്) നിര്‍ദേശിച്ചു. ട്രായ് നിര്‍ദേശം വന്ന പശ്ചാത്തലത്തില്‍ മൊബൈല്‍ കമ്പനികള്‍ അവരുടെ സേവനം മെച്ചപ്പെടുത്തുമെന്നാണു പ്രതീക്ഷിക്കുന്നതെന്നു ടെലികോം മന്ത്രി രവിശങ്കര്‍ പ്രസാദ് പറഞ്ഞു.
ട്രായിയുടെ നിര്‍ദേശം മൊബൈല്‍ കമ്പനികള്‍ക്കു വന്‍ സാമ്പത്തിക ബാധ്യതയുണ്ടാക്കുന്നതാണ്. \'ഞങ്ങള്‍ നിരാശരാണ്. ഇതു ശരിയായ പരിഹാര മാര്‍ഗമല്ല\' എന്നാണു സെലുലാര്‍ ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്‍ ഓഫ് ഇന്ത്യ ഡയറക്ടര്‍ ജനറല്‍ രാജന്‍ എസ്. മാത്യൂസ് പ്രതികരിച്ചത്. രാജ്യത്തെ പകുതി മൊബൈല്‍ ഉപഭോക്താക്കള്‍ക്കു കോള്‍ ഡ്രോപ് ഉണ്ടായാല്‍ ഒരുദിവസം 150 കോടി രൂപ വരെ മൊബൈല്‍ കമ്പനികള്‍ പിഴ നല്‍കേണ്ട സാഹചര്യമുണ്ടാകുമെന്ന് അദ്ദേഹം പറഞ്ഞു.
കോള്‍ ഡ്രോപ് ഉണ്ടായാല്‍ നാലുമണിക്കൂറിനുള്ളില്‍ ഉപഭോക്താവിന്റെ അക്കൗണ്ടിലേക്കു നഷ്ടപരിഹാരത്തുക നിക്ഷേപിച്ച് അതിന്റെ വിവരങ്ങള്‍ അറിയിക്കണം എന്നാണു കമ്പനികള്‍ക്കുള്ള നിര്‍ദേശം. പോസ്റ്റ് പെയ്ഡ് ഉപഭോക്താക്കളാണെങ്കില്‍ അടുത്ത ബില്ലില്‍ ഈ തുക കുറയ്ക്കണം. മൊബൈല്‍ ഫോണുകളില്‍ ഉപഭോക്താക്കള്‍ കോള്‍ വിളിച്ചു സംസാരം ആരംഭിച്ചുകഴിഞ്ഞാല്‍ അത് ഉപഭോക്താക്കള്‍തന്നെ അവസാനിപ്പിക്കുന്നതിനു മുന്‍പേ കട്ടായി പോകുന്നതിനെയാണു കോള്‍ ഡ്രോപ് ആയി കണക്കാക്കുക. കോള്‍ വിളിക്കുന്ന ഉപഭോക്താവിനാണു നഷ്ടപരിഹാരം കിട്ടുക.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha

























