കര്‍ണാടക താളവാദ്യത്തിന്റെ ഖ്യാതി ലോകമാകെ എത്തിച്ച വിശ്വപ്രസിദ്ധ മൃദംഗ വിദ്വാന്‍ കാരൈക്കുടി ആര്‍.മണി അന്തരിച്ചു... ഇന്നലെ ഉച്ചയോടെ ചെന്നൈയിലായിരുന്നു അന്ത്യം

കര്‍ണാടക താളവാദ്യത്തിന്റെ ഖ്യാതി ലോകമാകെ എത്തിച്ച വിശ്വപ്രസിദ്ധ മൃദംഗ വിദ്വാന്‍ കാരൈക്കുടി ആര്‍.മണി (77) അന്തരിച്ചു. ഇന്നലെ ഉച്ചയോടെ ചെന്നൈയിലായിരുന്നു അന്ത്യം.
ഇന്ത്യന്‍ സംഗീതത്തിലെ ഏറ്റവും തലപ്പൊക്കമുള്ള പ്രതിഭയായ കാരൈക്കുടി മണി ലോക പ്രശസ്ത സംഗീതജ്ഞര്‍ക്കും വാദ്യകലാകാരന്മാര്‍ക്കുമൊപ്പം നിരവധി വേദികള്‍ പങ്കിട്ടിട്ടുണ്ട്. എം.എസ്.സുബ്ബുലക്ഷ്മി, ഡി.കെ.പട്ടമ്മാള്‍, എം.എല്‍.വസന്തകുമാരി, മധുര സോമു, ടി.എം.ത്യാഗരാജന്‍, ഡി.കെ.ജയരാമന്‍, ലാല്‍ഗുഡി ജയരാമന്‍, സഞ്ജയ് സുബ്രഹ്മണ്യന്‍, ടി. എം. കൃഷ്ണ തുടങ്ങിയ പ്രതിഭകള്‍ക്ക് വേണ്ടി മൃദംഗം വായിച്ചിട്ടുണ്ട്.
രാജ്യാന്തര സംഗീതമാസികയായ 'ലയമണിലയ'ത്തിന്റെ ചീഫ് എഡിറ്ററായിരുന്നു. അവിവാഹിതനാണ്. ഗുരുകുല സമ്പ്രദായത്തില്‍ നിരവധി ശിഷ്യരെ പരിശീലിപ്പിച്ചിട്ടുണ്ട്. 1945 സെപ്തംബര്‍ 11ന് കാരൈക്കുടിയില്‍ സംഗീതജ്ഞനായ ടി.രാമനാഥ അയ്യരുടേയും പട്ടമ്മാളിന്റെയും മകനായാണ് ഗണപതി സുബ്രഹ്മണ്യം എന്ന മണിയുടെ ജനനം. രണ്ടാം വയസില്‍ സംഗീതം പഠിച്ചുതുടങ്ങി.
തകിലും നാദസ്വരവും പഠിച്ചു. കാരൈക്കുടി ക്ഷേത്രത്തിലെ ഉത്സവങ്ങള്‍ക്കിടെ അച്ഛന്റെ തോളിലിരുന്ന് താളം പിടിച്ച മണിയുടെ വാസന മൃദംഗത്തിലാണെന്ന് തിരിച്ചറിഞ്ഞതോടെ കാരൈക്കുടി രഘു അയ്യങ്കാറിന്റെയടുത്ത് മൃദംഗ പഠനത്തിനു ചേര്‍ത്തു. കാരൈക്കുടി ശിവക്ഷേത്രത്തിലെ കുംഭാഭിഷേകത്തിന് മൃംദംഗം വായിച്ചാണ് അരങ്ങേറ്റം നടത്തിയത്.
എട്ടാം വയസില്‍ കോപ്പുതൈ അമ്മന്‍ കോവിലില്‍ പുതുക്കോട്ടൈ കൃഷ്ണമൂര്‍ത്തി അയ്യരുടെ വിണക്കച്ചേരിക്ക് പക്കം വായിച്ചു.മൃദംഗ കുലപതിയായിരുന്ന പാലക്കാട് മണി അയ്യരുടെ വാദനം പ്രചോദനമായി. ടി.ആര്‍.ഹരിഹര ശര്‍മ്മ, കെ.എം.വൈദ്യനാഥന്‍ എന്നിവരുടെ ശിക്ഷണത്തില്‍ മൃദംഗ പഠനം തുടര്‍ന്നു.
കാരൈക്കുടി രംഗ അയ്യനാഗറും വിക്കു വിനായക്റാമിന്റെ പിതാവ് ഹരിഹര ശര്‍മ്മയിയും കെ.എം വൈദ്യനാഥനും ഗുരുക്കന്മാരായി.പതിനഞ്ചാം വയസില്‍ ചെന്നൈയിലേക്ക് താമസം മാറിയതോടെ മുതിര്‍ന്ന സംഗീതജ്ഞര്‍ക്ക് മൃദംഗം വായിച്ചു തുടങ്ങി.
പതിനെട്ടാം വയസില്‍ അന്നത്തെ രാഷ്ട്രപതി ഡോ.രാധാകൃഷ്ണനില്‍ നിന്ന് ദേശീയ പുരസ്‌കാരം സ്വീകരിച്ചു. 1998 ല്‍ കേന്ദ്ര സംഗീത നാടക അക്കാഡമി പുരസ്‌കാരം ലഭിച്ചിട്ടുണ്ട്.
"
https://www.facebook.com/Malayalivartha























