പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി മതംമാറ്റി... പെണ്‍കുട്ടിയെ മാതാപിതാക്കള്‍ക്കൊപ്പം വിടാതെ കോടതി

പാക്കിസ്ഥാനില്‍ പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി മതംമാറ്റിയ സംഭവത്തില്‍ പെണ്‍കുട്ടിയെ മാതാപിതാക്കള്‍ക്കൊപ്പം വിടാതെ കോടതി. സിന്ധ് പ്രവിശ്യയില്‍ നിന്നാണ് 14കാരിയായ ഹിന്ദു പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി മതംമാറ്റി മുസ്ലീം യുവാവിനെക്കൊണ്ട് വിവാഹം കഴിപ്പിച്ചത്. മാതാപിതാക്കളുടെ പരാതിയെ തുടര്‍ന്ന് പെണ്‍കുട്ടിയെ ജില്ലാ കോടതിയില്‍ ഹാജരാക്കിയെങ്കിലും അവര്‍ക്കൊപ്പം വിട്ടില്ല. മാതാപിതാക്കള്‍ക്കൊപ്പം പോകണമെന്നാണ് പെണ്‍കുട്ടി കോടതിയെ അറിയിച്ചതെങ്കിലും പരിഗണിച്ചില്ല. തെക്കന്‍ സിന്ധ് പ്രവിശ്യയിലെ ബേനസിറാബാദ് ജില്ലയിലെ വീട്ടില്‍ നിന്ന് ജൂണ്‍ രണ്ടിനാണ് സോഹാന ശര്‍മ്മ കുമാരി എന്ന 14കാരിയെ അവളുടെ അധ്യാപകനും കൂട്ടാളികളും ചേര്‍ന്ന് വീട്ടുകാരുടെ കണ്‍മുന്നില്‍നിന്ന് തോക്ക് ചൂണ്ടി തട്ടിക്കൊണ്ടുപോയത്.
പിതാവ് ദിലീപ് കുമാര്‍ പോലീസില്‍ പരാതി നല്‍കി. പിന്നീട്, താന്‍ ഇസ്ലാം മതം സ്വീകരിച്ച് മുസ്ലീം യുവാവിനെ വിവാഹം കഴിച്ചുവെന്ന് പറഞ്ഞ് പെണ്‍കുട്ടിയുടെ വീഡിയോ പുറത്തുവന്നു. കുട്ടിക്ക് പ്രായപൂര്‍ത്തിയായിട്ടില്ലെന്ന് മാതാപിതാക്കള്‍ അറിയിച്ചു. അഞ്ച് ദിവസത്തിന് ശേഷം ജില്ലയിലെ ഒരു വീട്ടില്‍ നിന്നാണ് പെണ്‍കുട്ടിയെ പൊലീസ് കണ്ടെത്തിയത്. വെള്ളിയാഴ്ച ലാര്‍കാനയിലെ ജില്ലാ കോടതിയില്‍ ഹാജരാക്കിയപ്പോള്‍ തന്നെ തട്ടിക്കൊണ്ടുപോയി നിര്‍ബന്ധിതമായി ഇസ്ലാം മതം സ്വീകരിച്ചുവെന്നും മാതാപിതാക്കളോടൊപ്പം പോകാന്‍ ആഗ്രഹിക്കുന്നുവെന്നും കുട്ടി ജഡ്ജിയോട് പറഞ്ഞു. എന്നാല്‍, മൊഴി നല്‍കുമ്പോള്‍ സമ്മര്‍ദമുണ്ടെന്ന് കാണിച്ച് ജഡ്ജി വാദം കേള്‍ക്കുന്നത് ജൂണ്‍ 12ലേക്ക് മാറ്റിവച്ചു.
മകള്‍ വീട്ടില്‍ ട്യൂഷനെടുക്കാറുണ്ടായിരുന്നു. കുറച്ച് ദിവസം മുമ്പ് തനിക്ക് ഒരു ലക്ഷം രൂപ ലോണ്‍ വേണമെന്ന് അധ്യാപകന്‍ പറഞ്ഞതായി മകള്‍ പറഞ്ഞെന്ന് അമ്മ ജമ്‌ന ശര്‍മ്മ മാധ്യമങ്ങളോട് പറഞ്ഞു. ടീച്ചറോട് സോഹനയുമായി ഇത്തരം കാര്യങ്ങള്‍ ചര്‍ച്ച ചെയ്യരുതെന്ന് പറഞ്ഞു. എന്നാല്‍, പിറ്റേദിവസം അയാള്‍ കുറച്ച് ആളുകളുമായി മടങ്ങിയെത്തി തോക്ക് ചൂണ്ടി മകളെ ബലമായി കൊണ്ടുപോയി. മകളെ വിട്ടുതരണമെന്നും പണവും ആഭരണവും നല്‍കാമെന്ന് പറഞ്ഞെങ്കിലും ചെവിക്കൊണ്ടില്ല. ഇസ്ലാം മതം സ്വീകരിച്ച് സ്വന്തം ഇഷ്ടപ്രകാരമാണ് മുസ്ലീം യുവാവിനെ വിവാഹം കഴിച്ചതെന്ന് തെളിയിക്കാന്‍ പ്രതി ഹാജരാക്കിയ രേഖകളെല്ലാം വ്യാജമാണെന്ന് അവളുടെ പിതാവ് മാധ്യമങ്ങളോട് പറഞ്ഞു. സിന്ധ് പ്രവിശ്യയില്‍ ഹിന്ദുവിഭാഗത്തിലെ പെണ്‍കുട്ടികളെ തട്ടിക്കൊണ്ടുപോയി മതംമാറ്റി വിവാഹം കഴിക്കുന്ന സംഭവങ്ങള്‍ വര്‍ധിക്കുകയാണെന്ന് ആരോപണമുയര്‍ന്നു.
https://www.facebook.com/Malayalivartha

























