ഫാഷൻ ഷോയ്ക്കിടെ റാംപിലേക്ക് ഇരുമ്പ് തൂൺ മറിഞ്ഞുവീണ് മോഡലിന് ദാരുണാന്ത്യം, ഒരാൾക്ക് ഗുരുതര പരിക്ക്

നോയിഡയിൽ ഫാഷൻ ഷോയ്ക്കിടെ റാംപിലേക്ക് ഇരുമ്പ് തൂൺ മറിഞ്ഞുവീണുണ്ടായ അപകടത്തിൽ മോഡലിന് ദാരുണാന്ത്യം. ഗ്രേറ്റർ നോയിഡയിലെ ഗൗർ സിറ്റി സ്വദേശിയായ മോഡൽ വാൻഷിക ചോപ്ര (24) ആണ് മരണപ്പെട്ടത്. അപകടത്തിൽ ബോബി രാജ് എന്നയാൾക്കും ഗുരുതരമായ പരിക്കേറ്റിട്ടുണ്ട്.ഇയാൾ ആഗ്ര സ്വദേശിയാണ്. ഇയാളെ ഉടൻ തന്നെ അടുത്തുള്ള ആശുപത്രിയിലേക്ക് എത്തിച്ചിട്ടുണ്ടെന്നാണ് പോലീസ് പറയുന്നത്. ബോബിയും ഫാഷൻ ഷോയിൽ പങ്കെടുക്കാൻ എത്തിയാൾ ആണെന്നാണ് പോലീസ് പറയുന്നത്.
ഇന്നലെ രാത്രി 1.30 ഓടെ നോയിഡ ഫിലിം സിറ്റി ഏരിയയിലെ ഒരു സ്റ്റുഡിയോയിൽ നടന്ന ഫാഷൻ ഷോയ്ക്കിടെയായിരുന്നു അപകടം. റാംപിലേക്ക് ലൈറ്റുകൾ വച്ചിരുന്ന ഇരുമ്പ് തൂൺ മോഡലിന്റെ ദേഹത്തേക്ക് പതിക്കുകയായിരുന്നു. ഇവർ സംഭവസ്ഥലത്ത് വച്ച് തന്നെ മരിച്ചതായാണ് റിപ്പോർട്ട് . സംഭവത്തിൽ പോലീസ് സംഘാടകരേയും ലൈറ്റ് ഘടിപ്പിച്ചയാളേയും അടക്കം ചോദ്യം ചെയ്തു.
സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്തതായും മൃതദേഹം പോസ്റ്റ്‌മോർട്ടത്തിന് അയച്ചതായും പോലീസ് അറിയിച്ചു. ഇരയായ രണ്ട് പേരുടെ കുടുംബത്തേയും വിവരം അറിയിച്ചതായും പോലീസ് കൂട്ടിച്ചേർത്തു. മോഡലിന്റെ മൃതദേഹം പോസ്റ്റുമോർട്ടം നടപടികൾക്കായി അയച്ചിട്ടുണ്ട്. തുടർ നടപടികൾ ഉടൻ തന്നെയെടുക്കുമെന്നും നോയിഡ അഡീഷണൽ ഡെപ്യൂട്ടി കമ്മീഷണർ പോലീസ് ശക്തി ആവാസ്ഥി പറഞ്ഞു.
https://www.facebook.com/Malayalivartha
























