നീറ്റ് യു ജി പരീക്ഷാ ഫലം പ്രഖ്യാപിച്ചു... 99.99% മാര്‍ക്കോടെ രണ്ട് പേര്‍ ഒന്നാം റാങ്ക് കരസ്ഥമാക്കി; കേരളത്തിന് അഭിമാനമായി 23ാം റാങ്ക് നേടിയ ആര്യ ആര്‍ എസ്: മുഴുവന്‍ മാര്‍ക്ക് നേടി ഏറ്റവും കൂടുതല്‍ പേര്‍ യോഗ്യത നേടിയത് ഉത്തര്‍പ്രദേശില്‍ നിന്നാണ്

രാജ്യത്തെ മെഡിക്കല്‍, ഡെന്റല്‍, അനുബന്ധ കോഴ്‌സുകളിലേയ്ക്കുള്ള ഏക പ്രവേശന പരീക്ഷയായ നീറ്റ് യു ജി പരീക്ഷാ ഫലം പ്രഖ്യാപിച്ചു. 99.99% മാര്‍ക്കോടെ രണ്ട് പേര്‍ ഒന്നാം റാങ്ക് കരസ്ഥമാക്കി. തമിഴ്‌നാട് സ്വദേശിയായ പ്രബഞ്ചനും ആന്ധ്രാ സ്വദേശിയായ ബോറ വരുണ്‍ ചക്രവര്‍ത്തിയുമാണ് ഒന്നാം റാങ്ക് പങ്കിട്ടത്.
മൂന്നാം റാങ്ക് തമിഴ്‌നാട്ടില്‍ നിന്നുള്ള കൗസ്തവ് ബൗരി നേടി. 23ാം റാങ്ക് നേടിയ ആര്യ ആര്‍ എസാണ് മലയാളികളില്‍ ഒന്നാമത്. ആദ്യ 50 റാങ്കുകളില്‍ 40 പേരും ആണ്‍കുട്ടികളാണ്. മുഴുവന്‍ മാര്‍ക്ക് നേടി ഏറ്റവും കൂടുതല്‍ പേര്‍ യോഗ്യത നേടിയത് ഉത്തര്‍പ്രദേശില്‍ നിന്നാണ്.
മേയ് ഏഴ്, ജൂണ്‍ ആറ് എന്നീ തീയതികളിലാണ് രാജ്യത്തെ നീറ്റ് പരീക്ഷ നടന്നത്. ക്രമസമാധാന പ്രശ്‌നം മൂലം മണിപ്പൂരില്‍ ജൂണ്‍ ആറിനാണ് പ്രവേശന പരീക്ഷ നടത്താനായത്. രാജ്യത്തെ 4097 സെന്ററുകളില്‍ നിന്നായി 20.87 ലക്ഷം പേരാണ് പരീക്ഷ എഴുതിയത്. ഇതില്‍ 11.45 ലക്ഷം പേര്‍ യോഗ്യത നേടി.
ഔദ്യോഗിക പ്രഖ്യാപനത്തിന് ശേഷം neet.nta.nic.in. എന്ന വെബ്‌സൈറ്റ് വഴി ഫലം ലഭ്യമാകും. ആപ്‌ളിക്കേഷന്‍ നമ്പറും ജനനത്തീയതിയും ഉപയോഗിച്ച് വിദ്യാര്‍ത്ഥികള്‍ക്ക് പരീക്ഷാഫലം പരിശോധിക്കാം.
https://www.facebook.com/Malayalivartha
























