ഇ ഡി അറസ്റ്റ് ചെയ്ത തമിഴ്‌നാട് മന്ത്രി സെന്തില്‍ ബാലാജിയെ ചെന്നൈയിലെ കാവേരി ആശുപത്രിയിലേയ്ക്ക് മാറ്റാന്‍ മദ്രാസ് ഹൈക്കോടതി അനുമതി നല്‍കി; കൈക്കൂലി കേസില്‍ ഇ ഡി അറസ്റ്റ് രേഖപ്പെടുത്തിയതിന് പിന്നാലെ ദേഹാസ്വാസ്ഥ്യമുണ്ടാവുകയും ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയുമായിരുന്നു

കൈക്കൂലി കേസില്‍ ഇ ഡി അറസ്റ്റ് ചെയ്ത തമിഴ്‌നാട് മന്ത്രി സെന്തില്‍ ബാലാജിയെ ചെന്നൈയിലെ കാവേരി ആശുപത്രിയിലേയ്ക്ക് മാറ്റാന്‍ മദ്രാസ് ഹൈക്കോടതി അനുമതി നല്‍കി. മന്ത്രിയുടെ ആരോഗ്യ നില സംബന്ധിച്ച റിപ്പോര്‍ട്ട് പരിശോധിച്ച ശേഷമായിരുന്നു കോടതിയുടെ ഇടക്കാല ഉത്തരവ്. ചെന്നൈ ഓമന്തുരാര്‍ ഗവ. സൂപ്പര്‍ സ്‌പെഷ്യാലിറ്റി ആശുപത്രിയിലെ തീവ്ര പരിചരണ വിഭാഗത്തിലാണ് മന്ത്രി നിലവില്‍ തുടരുന്നത്.
ഇ ഡി അറസ്റ്റ് രേഖപ്പെടുത്തിയതിന് പിന്നാലെ ദേഹാസ്വാസ്ഥ്യമുണ്ടാവുകയും ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയുമായിരുന്നു. ഇവിടെ നിന്നുള്ള മെഡിക്കല്‍ റിപ്പോര്‍ട്ട് പ്രകാരം ആശുപത്രി മാറ്റം ആവശ്യപ്പെട്ട് മന്ത്രിയുടെ ഭാര്യ സമര്‍പ്പിച്ച ഹര്‍ജിയില്‍മേലായിരുന്നു കോടതി ഉത്തരവുണ്ടായത്. സെന്തില്‍ ബാലാജിയുടെ ഹൃദയ ധമനികളില്‍ രണ്ടിടത്ത് ബ്‌ളോക്കുണ്ടെന്നും അടിയന്തര ബൈപ്പാസ് ശസ്ത്രക്രിയയ്ക്ക് വിധേയനാക്കണമെന്നുമുള്ള ആശുപത്രിയില്‍ നിന്നുള്ള മെഡിക്കല്‍ റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിച്ചിരുന്നു.
സര്‍ക്കാര്‍ ആശുപത്രിയില്‍ നിന്നുള്ള മെഡിക്കല്‍ റിപ്പോര്‍ട്ട് വിശ്വാസ്യ യോഗ്യമല്ലെന്ന് ഇ ഡി വാദിച്ചെങ്കിലും കോടതി സെന്തില്‍ ബാലാജിയ്ക്ക് അനുകൂലമായ ഉത്തരവ് പുറപ്പെടുവിക്കുകയായിരുന്നു. മന്ത്രിയെ ഇ ഡിയ്ക്ക് താത്പര്യമുള്ള ഡോക്ടര്‍മാരെക്കൊണ്ട് പരിശോധന നടത്താമെന്നും കോടതി അറിയിച്ചു.അതേസമയം സെന്തില്‍ ബാലാജിയുടെ അറസ്റ്റിന് പിന്നാലെ അദ്ദേഹം ചുമതല വഹിച്ചിരുന്ന വകുപ്പുകള്‍ വീതിച്ച് നല്‍കി. വൈദ്യുതി വകുപ്പ് ധനമന്ത്രി തങ്കം തെന്നരസുവിനും, എക്‌സൈസ് വകുപ്പ് ഭവനമന്ത്രി മുത്തിസ്വാമിക്കുമാണ് കൈമാറിയത്.
എഡിഎംകെ മന്ത്രിയായിരിക്കെ ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയ കേസില്‍ മണിക്കൂറുകള്‍ നീണ്ട ചോദ്യം ചെയ്യലിനൊടുവില്‍ ബുധനാഴ്ച രാത്രിയാണ് ഇ ഡി ബാലാജിയെ അറസ്റ്റ് ചെയ്തത്. പിന്നാലെ നെഞ്ചുവേദന അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. മജിസ്‌ട്രേറ്റ് ആശുപത്രിയില്‍ എത്തിയാണ് മന്ത്രിയെ റിമാന്‍ഡ് ചെയ്തത്. മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍ അടക്കമുള്ളവര്‍ ബാലാജിയെ ആശുപത്രിയിലെത്തി സന്ദര്‍ശിച്ചിരുന്നു.
https://www.facebook.com/Malayalivartha
























