സിദ്ധരാമയ്യ അന്ന് ഭയന്നു! ഞാനായിരുന്നെങ്കിൽ... പിന്നെയും ഒളിയമ്പുമായി ഡി. കെ. ശിവകുമാർ.. സിദ്ധരാമയ്യയ്ക്ക് എതിരെ ഡികെ

കർണ്ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയ്ക്കെതിരെ ഒളിയമ്പുമായി ഡികെ ശിവകുമാർ. കർണാടകയിൽ മുഖ്യമന്ത്രി സ്ഥാനം ആഗ്രഹിച്ച് ഒടുവിൽ ഉപമുഖ്യമന്ത്രി സ്ഥാനം കൊണ്ട് തൃപ്തിപ്പെടേണ്ടിവന്ന ഡി.കെ.ശിവകുമാറിന്റെ പുതിയ പ്രസ്താവനയെച്ചൊല്ലിയാണ് കോൺഗ്രസിൽ വിവാദം ഉടലെടുത്തിരിക്കുന്നത്. മുഖ്യമന്ത്രി സിദ്ധരാമയ്യ ഭയപ്പെട്ടിരുന്നെന്ന തരത്തിലുള്ള പരാമർശമാണു രാഷ്ട്രീയ ചർച്ചകൾക്കു തിരി കൊളുത്തിയത്.
കെംപെഗൗഡയുടെ ജന്മദിനത്തോടനുബന്ധിച്ച് നടന്ന പരിപാടിയിലായിരുന്നു കുറിക്ക് കൊള്ളുന്ന ഈ പരാമർശം. 2013-18 കാലത്ത് സിദ്ധരാമയ്യ മുഖ്യമന്ത്രി ആയിരിക്കെ ഒരു സ്റ്റീൽ ഫ്ലൈ ഓവർ നിർമ്മിക്കുന്നതുമായി ബന്ധപ്പെട്ട വിവാദം ചൂണ്ടിക്കാട്ടി ആയിരുന്നു പരിഹാസം. താനായിരുന്നെങ്കിൽ ഭീഷണിക്ക് വഴങ്ങുമായിരുന്നില്ല. ഭീഷണി മറികടന്നും പദ്ധതി നടപ്പാക്കിയേനെ എന്നും ഡികെ ശിവകുമാർ പറഞ്ഞു. ഇതോടെ, കർണാടക കോൺഗ്രസിൽ മുഖ്യമന്ത്രിസ്ഥാനത്തെച്ചൊല്ലിയുള്ള പടലപ്പിണക്കം അവസാനിച്ചിട്ടില്ലെന്നുള്ള സൂചനകളാണ് പുറത്ത് വരുന്നത്.
ബെംഗളുരു വിമാനത്താവളത്തിലേക്ക് ഉള്ള ഗതാഗതക്കുരുക്കിന് പരിഹാരമായി ബസവേശ്വര സർക്കിൾ മുതൽ ഹെബ്ബാൾ ജംഗ്ഷൻ വരെ 1761 കോടി രൂപ ചെലവിൽ സ്റ്റീൽ ഫ്ലൈ ഓവർ നിർമിക്കാൻ ആയിരുന്നു പദ്ധതി. എന്നാൽ സ്ഥലത്തെ മരങ്ങൾ മുറിക്കുന്നതിന് എതിരെ പരിസ്ഥിതി വാദികളും പദ്ധതിയിൽ വൻ അഴിമതി ആരോപിച്ച് ചില സംഘടനകളും കൂടി രംഗത്ത് വന്നതോടെ സിദ്ധരാമയ്യ പദ്ധതി ഉപേക്ഷിക്കാൻ ഒടുവിൽ തീരുമാനിക്കുകയായിരുന്നു.
ഇതിനെയാണ് പരിഹസിച്ച് ഡികെ രംഗത്തെത്തിയത്. താനായിരുന്നെങ്കിൽ ഭീഷണിക്ക് വഴങ്ങുമായിരുന്നില്ലെന്നും ഭീഷണി മറികടന്നും പദ്ധതി നടപ്പാക്കിയേനെ എന്നും ഡികെ ശിവകുമാർ പറഞ്ഞു. ടണലുകളും ഫ്‌ലൈ ഓവറുകളും നിർമിക്കാൻ തനിക്ക് നിരവധി അഭ്യർഥനകൾ ലഭിക്കാറുണ്ടെന്ന് ചടങ്ങിൽ ശിവകുമാർ പറഞ്ഞു. ഇത്തരം പദ്ധതികൾ നടപ്പാക്കുന്നതിനുള്ള ബുദ്ധിമുട്ടുകൾ സൂചിപ്പിക്കവേ അദ്ദേഹം ഇങ്ങനെകൂടി പറഞ്ഞു:
‘‘2017ൽ മുഖ്യമന്ത്രി സിദ്ധരാമയ്യയും ബെംഗളൂരു നഗര വികസനത്തിന്റെ ചുമതലയുള്ള മന്ത്രി കെ.ജെ.ജോർജും നഗരത്തിൽ സ്റ്റീൽ മേൽപ്പാലം നിർമിക്കുന്നതുമായി ബന്ധപ്പെട്ട പ്രതിഷേധങ്ങളെ ഭയപ്പെട്ടിരുന്നു. ഞാനായിരുന്നെങ്കിൽ പ്രതിഷേധക്കാരുടെ ബഹളങ്ങളെ അവഗണിച്ച് പദ്ധതിയുമായി മുന്നോട്ടു പോകുമായിരുന്നു’’– ഇതായിരുന്നു കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ കൂടിയായ ശിവകുമാറിന്റെ വാക്കുകൾ.
സർക്കാർ രൂപവത്കരിച്ച് ഒരുമാസം കഴിയുന്ന വേളയിലാണ് കർണാടക പി.സി.സി. അധ്യക്ഷൻ കൂടിയായ ശിവകുമാറിന്റെ പരാമർശം എന്നത് ശ്രദ്ധേയമാണ്. നിയമസഭാ തിരഞ്ഞെടുപ്പിൽ മികച്ച ഭൂരിപക്ഷത്തിൽ വിജയിച്ചെങ്കിലും മുഖ്യമന്ത്രിയാര് എന്നതിനെച്ചൊല്ലി വലിയ അനിശ്ചിതത്വം കർണാടകയിൽ രൂപപ്പെട്ടിരുന്നു. ഹൈക്കമാൻഡിന്റെ മാരത്തൺ ചർച്ചകൾക്ക് പിന്നാലെയാണ് സിദ്ധരാമയ്യയ്ക്ക് മുഖ്യമന്ത്രിസ്ഥാനവും ശിവകുമാറിന് ഉപമുഖ്യമന്ത്രിസ്ഥാനവും നൽകിയത്.
എന്നാൽ ഇതിനെ തുടർന്ന് നിലപാട് വ്യക്തമാക്കി കോൺഗ്രസുകാർ തന്നെ രംഗത്ത് വന്നു. സിദ്ധരാമയ്യ ഭയന്നിട്ടില്ലെന്നും പൊതുജനാഭിപ്രായം അതേ വികാരത്തോടെ മാനിക്കുന്നയാളാണ് മുഖ്യമന്ത്രിയെന്നും മന്ത്രി പ്രിയങ്ക് ഖർഗെ പ്രതികരിച്ചു. പരസ്പരം താഴ്ത്തിക്കെട്ടുന്ന പരാമർശങ്ങൾ പാടില്ലെന്നും ഒറ്റക്കെട്ടായി ലോക്സഭാ തിരഞ്ഞെടുപ്പിനെ നേരിടണമെന്നുമാണ് സിദ്ധരാമയ്യയോടും ശിവകുമാറിനോടും കോൺഗ്രസ് പ്രസിഡന്റ് മല്ലികാർജുൻ ഖർഗെ നേരത്തേ നിർദേശിച്ചത്.
കോൺഗ്രസിന്റെ ഗംഭീര വിജയത്തിനു പിന്നാലെ മുഖ്യമന്ത്രി സ്ഥാനത്തിനായി നേരത്തെ ഇരുവരും തമ്മിൽ തർക്കം രൂക്ഷമായിരുന്നു. ഹൈക്കമാന്റിന്റെ നിരന്തര ഇടപെടലിനൊടുവിലാണ് സിദ്ധരാമയ്യ മുഖ്യമന്ത്രിയായത്. ലോക്‌സഭാ തിരഞ്ഞെടുപ്പു വരെ കെ.പി.സി.സി. അധ്യക്ഷസ്ഥാനവും ശിവകുമാറിന് നൽകാമെന്നും ഒത്തുതീർപ്പ് ഫോർമുലയിൽ ഉണ്ടായിരുന്നു. മുഖ്യമന്ത്രി സ്ഥാനം പങ്കിടുമെന്ന് അഭ്യൂഹങ്ങൾ ശക്തമായിരുന്നെങ്കിലും സംസ്ഥാനത്ത് അഞ്ച് വർഷവും സിദ്ധരാമയ്യ മുഖ്യമന്ത്രിയായി ഭരിക്കുമെന്ന് മന്ത്രി എംബി പാട്ടീൽ വ്യക്തമാക്കിയിരുന്നു.
മുഖ്യമന്ത്രി പദവി കൈമാറ്റം 2.5 വർഷത്തിന് ശേഷം വേണോയെന്ന് തീരുമാനിക്കേണ്ടത് ഹൈക്കമാന്റാണ്. അങ്ങനെ ഒരു തീരുമാനവും ഹൈക്കമാന്റ് ഇതുവരെ പറഞ്ഞിട്ടില്ല. അതുകൊണ്ട് തന്നെ അഞ്ച് വർഷവും സിദ്ധരാമയ്യ തന്നെ സംസ്ഥാനത്ത് മുഖ്യമന്ത്രിയായി തുടരുമെന്ന് എംബി പാട്ടീൽ വ്യക്തമാക്കുകയായിരുന്നു.
https://www.facebook.com/Malayalivartha


























