മദ്യനയക്കേസില്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാളിന് ജാമ്യം... ജാമ്യം നല്‍കിയ ഉത്തരവ് സ്റ്റേ ചെയ്യണമെന്ന ഇഡിയുടെ ആവശ്യവും കോടതി തള്ളി

മദ്യനയക്കേസില്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാളിന് ജാമ്യം. ഡല്‍ഹി റൗസ് അവന്യൂ കോടതി ജഡ്ജി ന്യായ് ബിന്ദുവാണ് ജാമ്യം അനുവദിച്ചത്. ജാമ്യത്തുകയായി ഒരു ലക്ഷം രൂപ കെട്ടി വയ്ക്കണമെന്ന് കോടതി വ്യക്തമാക്കിയിട്ടുണ്ട്. അറസ്റ്റിലായി നാളെ മൂന്ന് മാസം തികയാനിരിക്കെയാണ് വിചാരണ കോടതി ജാമ്യം അനുവദിച്ചത്. ജാമ്യാപേക്ഷയില്‍ കേജ്രിവാളിന്റെ വാദങ്ങള്‍ ശരിവയ്ക്കുന്നതാണ് വിചാരണ കോടതിയുടെ നിലപാട്.
ജാമ്യം നല്‍കിയ ഉത്തരവ് സ്റ്റേ ചെയ്യണമെന്ന ഇഡിയുടെ ആവശ്യവും കോടതി തള്ളി. കേസില്‍ നേരത്തെ അറസ്റ്റിലായ പ്രതിയാണ് ഗോവയില്‍ കേജ്രിവാളിന്റെ ഹോട്ടല്‍ ബില്ല് അടച്ചതെന്നും ഇയാള്‍ വ്യവസായികളില്‍ നിന്ന് വന്‍ തുക കൈപ്പറ്റിയെന്നും ഇഡി കോടതിയില്‍ ആരോപിച്ചിരുന്നു. ലോക്സഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി കേജ്രിവാളിന് സുപ്രീം കോടതി ഇടക്കാല ജാമ്യം അനുവദിച്ചിരുന്നു.
ആംആദ്മി പാര്‍ട്ടിയാണ് തെറ്റ് ചെയ്തതെങ്കില്‍ ആ പാര്‍ട്ടിയുടെ തലവനും കുറ്റക്കാരനാണെന്നാണ് ഇഡിയുടെ വാദം. എന്നാല്‍ ഇഡി ഊഹാപോഹങ്ങള്‍ ആരോപണങ്ങളായി ഉന്നയിക്കുകയാണെന്നാണ് കേജ്രിവാളിന്റെ അഭിഭാഷകന്‍ വാദിച്ചത്. മുഖ്യമന്ത്രിയെന്ന നിലയില്‍ ഉത്തരവാദിത്വങ്ങള്‍ നിര്‍വഹിക്കാന്‍ ജാമ്യം നല്‍കണമെന്നും കേജ്രിവാളിന്റെ അഭിഭാഷകന്‍ വാദിച്ചു.
മാര്‍ച്ച് 21ന് രാത്രി ഒമ്പത് മണിയോടെയാണ് ഇഡി അരവിന്ദ് കേജ്‌രിവാളിനെ അറസ്റ്റ് ചെയ്തത്. രണ്ട് മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലിനൊടുവിലായിരുന്നു അറസ്റ്റ്. ഡല്‍ഹി മദ്യനയക്കേസില്‍ അറസ്റ്റ് തടയണമെന്ന ഹര്‍ജി ഹൈക്കോടതി തള്ളിയതിന് പിന്നാലെ ഇഡി സംഘം വാറണ്ടുമായി കേജ്‌രിവാളിന്റെ വീട്ടിലെത്തുകയായിരുന്നു. അദ്ദേഹത്തിന്റെ അറസ്റ്റുമായി ബന്ധപ്പെട്ട് ശക്തമായ പ്രതിഷേധമാണ് ആംആദ്മി സംസ്ഥാനത്തുടനീളം സംഘടിപ്പിച്ചിരുന്നത്.
https://www.facebook.com/Malayalivartha


























