കനത്ത മഴയില്‍ ഗുജറാത്തില്‍ അഞ്ച് നില കെട്ടിടം തകര്‍ന്ന് വീണു 15 പേര്‍ക്ക് പരിക്ക്...

കനത്ത മഴയില്‍ ഗുജറാത്തില്‍ അഞ്ച് നില കെട്ടിടം തകര്‍ന്ന് വീണു 15 പേര്‍ക്ക് പരിക്ക്. സൂറത്തിന് സമീപം സച്ചിന്‍പാലി ഗ്രാമത്തിലാണ് കെട്ടിടം തകര്‍ന്നു വീണത്. എട്ട് വര്‍ഷം മുന്‍പ് പണിത കെട്ടിടം ജീര്‍ണാവസ്ഥയിലായിരുന്നുവെന്നാണ് പ്രദേശവാസികള്‍ പറയുന്നത്. ശനിയാഴ്ച പെയ്ത കനത്ത മഴയിലാണ് കെട്ടിടം ഇടിഞ്ഞു വീണത്.15 പേരെ പരുക്കുകളോടെ രക്ഷപ്പെടുത്തിയിട്ടുണ്ട്. ഇവരെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു.
കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ നിരവധി പേര്‍ കുടുങ്ങിക്കിടക്കുന്നതായാണ് വിവരം. കുടുങ്ങിക്കിടക്കുന്നവര്‍ക്കായി തിരച്ചില്‍ ആരംഭിച്ചിട്ടുണ്ട്. പോലീസിന്റെയും അഗ്‌നിശമന സേനയുടെയും നേതൃത്വത്തിലാണ് പ്രദേശത്ത് രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നത്. ദേശീയ ദുരന്ത നിവാരണ സേനയും അപകടം നടന്ന സ്ഥലത്തേക്ക് പുറപ്പെട്ടിട്ടുണ്ട്.
അവശിഷ്ടങ്ങള്‍ക്കിടയില്‍നിന്ന് കുടുങ്ങിക്കിടക്കുന്നവരുടെ ശബ്ദം കേള്‍ക്കുന്നുണ്ടെന്നും ഏതാനും മണിക്കൂറുകള്‍ക്കുള്ളില്‍ ഇവരെ രക്ഷിക്കാന്‍ കഴിയുമെന്നും സൂറത്ത് പോലീസ് അറിയിച്ചു. കെട്ടിടം തകര്‍ന്നു വീഴാനിടയായ സാഹചര്യത്തെ കുറിച്ച് അന്വേഷിക്കുമെന്ന് ജില്ലാ ഭരണകൂടവും വ്യക്തമാക്കി. കെട്ടിടം തകര്‍ന്ന് വീഴുമ്പോള്‍ അഞ്ച് കുടുംബങ്ങള്‍ കെട്ടിടത്തിനകത്ത് ഉണ്ടായിരുന്നതായാണ് നിഗമനം.
https://www.facebook.com/Malayalivartha
























