ജീവനോടെ കുഴിച്ചിട്ട യുവാവിന്റെ രക്ഷകരായി മാറി തെരുവ് നായ്ക്കള്‍
വസ്തുതര്‍ക്കത്തെ ചൊല്ലി നാലംഗ സംഘം മര്‍ദ്ദിച്ച് ജീവനോടെ കുഴിച്ചിട്ട യുവാവിന്റെ രക്ഷകരായി മാറി തെരുവ് നായ്ക്കള്‍. രൂപ് കിഷോര്‍ (24) എന്ന യുവാവിനെയാണ് സംഘം മര്‍ദ്ദിച്ച ശേഷം ജീവനോടെ കുഴിച്ചിട്ടത്. അങ്കിത്, ഗൗരവ്, ആകാശ്, കരണ്‍ എന്നീ നാല് പേര്‍ ചേര്‍ന്നാണ് യുവാവിനെ മര്‍ദ്ദിച്ച് കുഴിച്ചിട്ടത്. ഉത്തര്‍പ്രദേശിലെ ആഗ്രയില്‍ ജൂലായ് 18നാണ് സംഭവമുണ്ടായത്. പ്രതികള്‍ക്കെതിരെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും സംഘം പൊലീസ് നിരീക്ഷണത്തിലാണെന്നും ആഗ്രാ പൊലീസ് പറഞ്ഞു.
വസ്തുതര്‍ക്കത്തെ ചൊല്ലിയാണ് യുവാക്കള്‍ രൂപിനെ മര്‍ദ്ദിച്ചത്. മരിച്ചെന്ന് കരുതിയാണ് തന്നെ കുഴിച്ചിട്ടതെന്ന് രൂപ് പറഞ്ഞു. ആ സമയം എത്തിയ തെരുവുനായ്ക്കള്‍ കുഴിച്ചിട്ട സ്ഥലം മണ്ണ് മാന്തിത്തുരന്നതായിരുന്നു തനിക്ക് രക്ഷയായതെന്ന് രൂപ് വ്യക്തമാക്കി. പുറത്ത് എത്തിയ രൂപ് തുടര്‍ന്ന് നാട്ടുകാരോട് സഹായം തേടി. നാട്ടുകാര്‍ രൂപിനെ ആശുപത്രിയിലെത്തിച്ചു. നിലവില്‍ അവിടെ ചികിത്സയിലാണ്. മകനെ വീട്ടില്‍ നിന്ന് ബലമായി കൂട്ടിക്കൊണ്ടുപോയി ക്രൂരമായി മര്‍ദ്ദിക്കുകയും തുടര്‍ന്ന് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്താന്‍ ശ്രെമിക്കുകയായിരുന്നുവെന്നും രൂപിന്റെ അമ്മ പറഞ്ഞു.
https://www.facebook.com/Malayalivartha