ഡൽഹിയിലും പരിസര പ്രദേശങ്ങളിലും 'ഹരിത പടക്കങ്ങൾ' താൽക്കാലികമായി വിൽക്കുന്നതിന് അനുമതി നൽകി സുപ്രീം കോടതി

രാജ്യതലസ്ഥാനമായ ഡൽഹിയിലും പരിസര പ്രദേശങ്ങളിലും 'ഹരിത പടക്കങ്ങൾ' താൽക്കാലികമായി വിൽക്കുന്നതിന് അനുമതി നൽകി സുപ്രീം കോടതി.
'ഹരിത പടക്കങ്ങൾ' നിർമിക്കാനും വിൽക്കാനും അനുമതി തേടിയുള്ള ഹർജികൾ പരിഗണിക്കവെയായിരുന്നു സുപ്രീം കോടതിയുടെ ഉത്തരവ്.
ഡൽഹിയിൽ 'ഹരിത പടക്കങ്ങൾ' പൊട്ടിക്കുന്നതിന് ഒക്‌ടോബർ 18 മുതൽ 21 വരെ മാത്രമേ അനുവദിക്കുകയുള്ളു എന്ന് ചീഫ് ജസ്റ്റിസ് ബിആർ ഗവായിയും ജസ്റ്റിസ് കെ വിനോദ് ചന്ദ്രനും ഉൾപ്പെട്ട ബെഞ്ച് പ്രസ്‌താവിച്ചു. സോളിസിറ്റർ ജനറലും അമിക്കസ് ക്യൂറിയും സമർപ്പിച്ച ഹർജികളും കോടതി പരിഗണിക്കുകയും ചെയ്തു.
'സന്തുലിതമായ സമീപനം സ്വീകരിക്കണം. പടക്ക നിരോധനം ഏർപ്പെടുത്തിയപ്പോൾ കൊവിഡ് കാലത്ത് അല്ലാതെ മറ്റൊരു സമയത്തും വായുവിന്റെ ഗുണനിലവാരത്തിൽ വലിയ വ്യത്യാസം കണ്ടില്ലെന്നും കോടതി നിരീക്ഷിച്ചു. ഹരിത പടക്കങ്ങൾ പ്രകൃതിക്ക് അധികം ദോഷം വരുത്താത്തവയാണ്. ക്യൂആർ കോഡുകളുള്ള അനുവദനീയമായ ഉൽപ്പന്നങ്ങൾ മാത്രമാണോ വിൽക്കുന്നതെന്ന് നിരീക്ഷിക്കാൻ പൊലീസ് സംഘത്തെയും രൂപീകരിക്കും. നിയമങ്ങൾ ലംഘിക്കുന്ന വ്യക്തികൾക്ക് നോട്ടീസ് നൽകുമെന്നും ബെഞ്ച് വ്യക്തമാക്കി.
അനുവദനീയമായ ദിവസങ്ങളിൽ വൈകുന്നേരം ആറ് മുതൽ രാത്രി പത്ത് മണി വരെ പടക്കങ്ങൾ ഉപയോഗിക്കാം. ഇ - കൊമേഴ്‌സ് വെബ്‌സൈറ്റുകൾ വഴി പടക്കം വിൽക്കാനായി പാടില്ലെന്നും വ്യക്തമാക്കി കോടതി .
"
https://www.facebook.com/Malayalivartha