ശബരിമല സ്വര്‍ണക്കൊളളക്കേസ്: നാലാം പ്രതി എസ് ജയശ്രീയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി

ശബരിമല ദ്വാരപാലക സ്വര്‍ണക്കൊളളയില്‍ മുന്‍ ദേവസ്വം സെക്രട്ടറി എസ് ജയശ്രീയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ പത്തനംതിട്ട ജില്ലാ സെഷന്‍സ് കോടതി തള്ളി. ഇവര്‍ ദേവസ്വം ബോര്‍ഡ് മിനിട്‌സ് തിരുത്തിയെന്നായിരുന്നു പ്രത്യേക അന്വേഷണ സംഘം കണ്ടെത്തിയത്. ചെമ്പുപാളികള്‍ അറസ്റ്റിലായ ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് കൊടുത്തു വിടണമെന്നായിരുന്നു ജയശ്രീ മിനിട്‌സില്‍ എഴുതിയത്. ജയശ്രീയും ഉടന്‍ അറസ്റ്റിലായേക്കുമെന്നാണ് പുറത്തുവരുന്ന വിവരം.
ദ്വാരപാലക ശില്പങ്ങള്‍ സ്വര്‍ണം പൊതിഞ്ഞതാണെന്നറിഞ്ഞിട്ടും ജയശ്രീ ചെമ്പ് പൂശിയതാണെന്ന് രേഖപ്പെടുത്തിയെന്നാണ് എഫ്‌ഐആറില്‍ പറയുന്നത്. ആദ്യഘട്ടത്തില്‍ ആരോഗ്യപ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് ജയശ്രീ കോടതിയെ സമീപിച്ചത്. തിരുവല്ല സ്വദേശിനിയായ ഇവര്‍ നിലവില്‍ കാക്കാനാടാണ് താമസിക്കുന്നത്.
അതേസമയം, ശബരിമല സ്വര്‍ണക്കൊള്ളയില്‍ 2019ലെ വിവാദ ഫയലുകള്‍ കൈകാര്യം ചെയ്ത ഉദ്യോഗസ്ഥനെ സ്ഥലംമാറ്റി. അറസ്റ്റിലായ എന്‍ വാസു ദേവസ്വം കമ്മീഷണര്‍ ആയിരിക്കെ അദ്ദേഹത്തിന്റെ ഓഫീസിലെ ശബരിമല സെക്ഷന്‍ ക്ലര്‍ക്കായിരുന്നു ശ്യാം പ്രകാശിനെതിരെയാണ് നടപടി. നിലവില്‍ ദേവസ്വം വിജിലന്‍സ് തിരുവനന്തപുരം സോണ്‍ ഓഫീസറാണ് ശ്യാം പ്രകാശ്.
സ്വര്‍ണക്കൊള്ള അന്വേഷണം തുടങ്ങിയ ശേഷമാണ് ഈ ഉദ്യോഗസ്ഥന്‍ തന്റെ ഓഫീസില്‍ ഉണ്ടെന്ന് വിജിലന്‍സ് എസ്പി തിരിച്ചറിഞ്ഞത്. തുടര്‍ന്ന് നിര്‍ബന്ധിത അവധിയില്‍ പോകാന്‍ എസ്പി നിര്‍ദ്ദേശിച്ചിരുന്നു. അതിനുപിന്നാലെയാണ് ഇപ്പോള്‍ സ്ഥലംമാറ്റം. ദേവസ്വം വിജിലന്‍സില്‍ നിന്ന് വര്‍ക്കല ഗ്രൂപ്പിലേക്കാണ് ശ്യാം പ്രകാശിനെ സ്ഥലംമാറ്റിയത്. വര്‍ക്കല അസിസ്റ്റന്റ് ദേവസം കമ്മീഷണര്‍ ആയിട്ടാണ് സ്ഥലംമാറ്റം. സ്വര്‍ണം 'ചെമ്പായ ' ഫയലുകള്‍ കൈകാര്യം ചെയ്തത് ശ്യാം പ്രകാശായിരുന്നു.
https://www.facebook.com/Malayalivartha

























