തമിഴ്‌നാട്ടില്‍ വിമാനം നടുറോഡില്‍ ഇറക്കി

പരിശീലനപ്പറക്കലിനിടെ ചെറുവിമാനം നടുറോഡില്‍ ഇറക്കി. തമിഴ്‌നാട്ടിലെ പുതുക്കോട്ട ജില്ലയിലെ അമ്മച്ചത്തിരത്തിന് സമീപം തിരുച്ചി പുതുക്കോട്ട ദേശീയപായതിലായിരുന്നു സംഭവം. സാങ്കേതിക തകരാറിനെത്തുടര്‍ന്ന് സെസ്‌ന വിഭാഗത്തില്‍പ്പെട്ട വിമാനമാണ് നടുറോഡില്‍ ഇറക്കിയത്. അപകടത്തില്‍ രണ്ട് പൈലറ്റുമാര്‍ക്കും ചെറിയ പരിക്കേറ്റു. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇടിച്ചിറങ്ങിയതിന്റെ ഭാഗമായി വിമാനത്തിന്റെ മുന്‍ഭാഗം ഭാഗികമായി തകര്‍ന്നിട്ടുണ്ട്. പൈലറ്റുമാര്‍ എവിടത്തുകാരാണെന്ന് വ്യക്തമല്ല.
സെസ്‌ന 172 ഇനത്തിലെ ഒറ്റ എന്‍ജിന്‍ വിമാനം സേലത്ത് പ്രവര്‍ത്തിക്കുന്ന ഒരു സ്വകാര്യ പരിശീലന സ്ഥാപനത്തിന്റേതാണെന്നാണ് അധികൃതര്‍ പറയുന്നത്. പരിശീലന പറക്കലിനിടെ സാങ്കേതിക തകരാര്‍ ശ്രദ്ധയില്‍പ്പെടുകയും ഉടന്‍ ഹൈവേയില്‍ ഇറക്കുകയുമായിരുന്നു എന്നും അധികൃതര്‍ വ്യക്തമാക്കുന്നു. .
ഉച്ചയ്ക്ക് 12.45നായിരുന്നു അടിയന്തര ലാന്‍ഡിംഗ് നടത്തിയത്. ഈസമയം റോഡില്‍ നിറയെ വാഹനങ്ങളും വഴിയാത്രക്കാരും ഉണ്ടായിരുന്നു. അമ്മച്ചത്തിരം ബസ് സ്‌റ്റോപ്പിന് സമീപം വിമാനം ഇറങ്ങുന്നതുകണ്ട് എന്താണ് സംഭവിച്ചതെന്നറിയാതെ ജനം പരിഭ്രാന്തിയിലായി. അല്പം കഴിഞ്ഞാണ് എന്താണ് സംഭവിച്ചതെന്ന് അവര്‍ക്കെല്ലാം മനസിലായത്. വന്‍ ജനക്കൂട്ടമായിരുന്നു വിമാനത്തിനുചുറ്റും. ഏറെ പണിപ്പെട്ടാണ് പൊലീസ് ജനങ്ങളെ സംഭവസ്ഥലത്തുനിന്ന് മാറ്റിയത്.
അപകടവിവരമറിഞ്ഞ് പുതുക്കോട്ട ജില്ലയിലെ കിരനൂര്‍ സബ് ഡിവിഷനില്‍ നിന്നുള്ള പൊലീസ് സ്ഥലത്തെത്തി ഗതാഗതം സുഗമമാക്കി. വ്യോമസേനാംഗങ്ങളും സ്ഥലത്തെത്തിയിട്ടുണ്ട്. അപകടത്തെക്കുറിച്ച് അന്വേഷണമാരംഭിച്ചു.
https://www.facebook.com/Malayalivartha
























