രാജേഷിന്റെ കുടുംബത്തിന് 25 ലക്ഷം രൂപ ഉടന്‍ നല്‍കുമെന്ന് കരാര്‍ കമ്പനി

ഉയരപ്പാത നിര്‍മാണ മേഖലയില്‍ ഗര്‍ഡര്‍ വീണ് പിക്കപ്പ് വാനിന്റെ ഡ്രൈവര്‍ മരിച്ച സംഭവത്തില്‍ പ്രതികരിച്ച് ഹൈവേ കരാര്‍ കമ്പനി. അപകടം മനഃപൂര്‍വം സംഭവിച്ചതല്ലെന്നും കുടുംബത്തിനുണ്ടായ നഷ്ടം വലുതാണെന്നും കരാര്‍ കമ്പനി ജീവനക്കാരന്‍ സിബിന്‍ പറഞ്ഞു. എത്രയും പെട്ടെന്ന് പ്രശ്‌നം പരിഹരിക്കാനാണ് ശ്രമമെന്നും മരിച്ച രാജേഷിന്റെ ഭാര്യയുടെ ബാങ്ക് അക്കൗണ്ടിലേക്ക് 25 ലക്ഷം രൂപ നല്‍കുമെന്നും കമ്പനി ഉറപ്പ് നല്‍കിയിട്ടുണ്ട്. അക്കൗണ്ട് വിവരങ്ങള്‍ ലഭിച്ചാലുടന്‍ തന്നെ പണം കൈമാറും. ഇന്നലെ രാത്രിയില്‍ എന്താണ് സംഭവിച്ചതെന്നറിയില്ല. സാധാരണ റോഡ് അടച്ചിട്ടാണ് പണി നടക്കുന്നതെന്നും സിബിന്‍ പറഞ്ഞു.
പിക്കപ്പ് വാനിന് മുകളിലേക്ക് ഗര്‍ഡര്‍ വീണാണ് ആലപ്പുഴ പള്ളിപ്പാട് സ്വദേശി രാജേഷ് മരിച്ചത്. ചന്തിരൂരില്‍ പുലര്‍ച്ചെ രണ്ടരയോടെ ആയിരുന്നു അപകടം. രണ്ട് ഗര്‍ഡറുകളാണ് വീണത്. പിക്കപ്പ് വാന്‍ ഇതിനടിയില്‍പ്പെട്ടു. തമിഴ്‌നാട്ടില്‍ നിന്നും മുട്ട കയറ്റി എറണാകുളത്ത് എത്തിച്ച ശേഷം ആലപ്പുഴയിലേക്ക് മടങ്ങിവരികയായിരുന്നു രാജേഷ്. ഒരു ഗര്‍ഡര്‍ പൂര്‍ണമായും മറ്റേത് ഭാഗികമായുമാണ് പതിച്ചത്. ഗര്‍ഡറുകള്‍ സ്ഥാപിക്കുന്നതിനിടെയായിരുന്നു അപകടം.
സംഭവത്തില്‍ നിര്‍മാണ കമ്പനി ജീവനക്കാരെ പ്രതിയാക്കി പൊലീസ് കേസെടുത്തിട്ടുണ്ട്. ജാമ്യമില്ലാ വകുപ്പ് ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. കരാര്‍ കമ്പനിക്ക് ഗുരുതരമായ വീഴ്ച സംഭവിച്ചിട്ടുണ്ടെന്നാണ് എഫ്‌ഐആറില്‍ വ്യക്തമാക്കിയിട്ടുള്ളത്. ഭാരതീയ ന്യായസംഹിതയിലെ 105ാം വകുപ്പ് പ്രകാരം കുറ്റകരമായ നരഹത്യയാണ് ചുമത്തിയിട്ടുള്ളത്. ജാമ്യമില്ലാ വകുപ്പായതിനാല്‍ അറസ്റ്റിലായാല്‍ പ്രതികള്‍ റിമാന്‍ഡിലാകും.
https://www.facebook.com/Malayalivartha
























