വിജയ് സര്‍ക്കാര്‍ മൂന്ന് മാസത്തിനുള്ളില്‍ വീഴുമെന്ന ഡി എം കെ അധ്യക്ഷന്‍ എം കെ സ്റ്റാലിന്റെ വാദത്തെ തള്ളി സി പി എം

തമിഴ്‌നാട്ടില്‍ വിജയ്യുടെ ടി വി കെ (തമിഴക വെട്രി കഴകം) സര്‍ക്കാര്‍ മൂന്ന് മാസത്തിനുള്ളില്‍ വീഴുമെന്ന ഡി എം കെ അധ്യക്ഷന്‍ എം കെ സ്റ്റാലിന്റെ വാദത്തെ തള്ളി സി പി എം സംസ്ഥാന സെക്രട്ടറി പി ഷണ്‍മുഖം രംഗത്ത്. ഒന്നേമുക്കാല്‍ കോടി ജനങ്ങള്‍ വോട്ട് നല്‍കി തിരഞ്ഞെടുത്ത ഭരണകൂടത്തെക്കുറിച്ച് സ്റ്റാലിനായാലും ഇ പി എസ്. ആയാലും ഇത്തരം പ്രസ്താവനകള്‍ നടത്തുന്നത് തെറ്റാണെന്ന് അദ്ദേഹം വ്യക്തമാക്കി.
തമിഴ്‌നാട്ടില്‍ നിലവില്‍ ഡി എം കെ. സഖ്യം ഇല്ലെന്നും അതിനാല്‍ സഖ്യത്തില്‍ തുടരുമോ എന്ന ചോദ്യത്തിന് തന്നെ പ്രസക്തിയില്ലെന്നും സി പി എം സംസ്ഥാന സെക്രട്ടറി വിവരിച്ചു. ജനാധിപത്യത്തില്‍ വോട്ട് കണക്കാണ് പ്രധാനമെന്നും കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ഡി എം കെ, എ ഐ എ ഡി എം കെ സഖ്യങ്ങള്‍ പരാജയപ്പെട്ടവരാണെന്നും ഷണ്‍മുഖം ഓര്‍മ്മിപ്പിച്ചു.
ടി വി കെ. സര്‍ക്കാരിന് പിന്തുണ നല്‍കാന്‍ സി പി എം സംസ്ഥാന സമിതി സ്വന്തം നിലയ്ക്കാണ് തീരുമാനമെടുത്തതെന്നും ഇതിന് ആരുടെയും അനുമതിയോ അംഗീകാരമോ ആവശ്യമില്ലെന്നും സംസ്ഥാന സെക്രട്ടറി വ്യക്തമാക്കി. ഡി എം കെ അനുവദിച്ചതുകൊണ്ടാണ് സഖ്യകക്ഷികള്‍ ടി വി കെ യെ പിന്തുണയ്ക്കുന്നതെന്ന സ്റ്റാലിന്റെ വാദത്തെയും ഷണ്‍മുഖം ശക്തമായി വിമര്‍ശിച്ചു. സി പി എം സ്വന്തം നിലയ്ക്കാണ് ഈ തീരുമാനമെടുത്തതെന്ന് വ്യക്തമാക്കിയ ഷണ്‍മുഖം, സ്റ്റാലിന്റെ അഭിപ്രായത്തില്‍ അദ്ദേഹത്തോട് വിശദീകരണം തേടാനും മാധ്യമങ്ങളോട് ആവശ്യപ്പെട്ടു.
നേരത്തെ വിജയ് സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായാണ് ഡി എം കെ അധ്യക്ഷനും മുന്‍ മുഖ്യമന്ത്രിയുമായ എം കെ സ്റ്റാലിന്‍ രംഗത്തുവന്നത്. വിജയ് സര്‍ക്കാര്‍ മൂന്ന് മാസം തികയ്ക്കുമെന്ന് തോന്നുന്നില്ലെന്നാണ് സ്റ്റാലിന്‍ അഭിപ്രായപ്പെട്ടത്. ജനങ്ങള്‍ ഇപ്പോള്‍ തന്നെ ഇക്കാര്യം സംസാരിച്ചു തുടങ്ങിയെന്നും ഡി എം കെ അധ്യക്ഷന്‍ കൂട്ടിച്ചേര്‍ത്തു. പുതിയ ഭരണകൂടത്തെ ആദ്യത്തെ ആറുമാസം വിമര്‍ശിക്കേണ്ടതില്ലെന്നാണ് കരുതിയിരുന്നതെന്നും എന്നാല്‍ നിലവിലെ സാഹചര്യങ്ങള്‍ അതിന് അനുവദിക്കുന്നില്ലെന്നും വ്യക്തമാക്കിയ അദ്ദേഹം ടി വി കെ. സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളില്‍ കടുത്ത അതൃപ്തി രേഖപ്പെടുത്തി.
https://www.facebook.com/Malayalivartha

























