ഇന്‍സ്റ്റഗ്രാം സുഹൃത്തില്‍നിന്ന് ഗര്‍ഭിണിയായ പതിനെട്ടുകാരി.. മകളെ കുടുംബത്തിന്റെ മാനം രക്ഷിക്കാന്‍ വേണ്ടി അച്ഛനും ബന്ധുവും ചേര്‍ന്ന് നദിയില്‍ മുക്കിക്കൊന്നു..ഞെട്ടിക്കുന്ന കൊലപാതകം..

പ്രണയിച്ചതിന്റ പേരിൽ അരുംകൊല .ഇന്‍സ്റ്റഗ്രാം സുഹൃത്തില്‍നിന്ന് ഗര്‍ഭിണിയായ പതിനെട്ടുകാരിയായ മകളെ കുടുംബത്തിന്റെ മാനം രക്ഷിക്കാന്‍ വേണ്ടി അച്ഛനും ബന്ധുവും ചേര്‍ന്ന് നദിയില്‍ മുക്കിക്കൊന്നു. തെക്കന്‍ ഡല്‍ഹിയിലെ തിഗ്രി ബസൗനി ഗ്രാമവാസിയായ ലോക്പാല്‍ സിങ് (52), ഇയാളുടെ ബന്ധു എന്നിവരെ സംഭവവുമായി ബന്ധപ്പെട്ട് പോലീസ് അറസ്റ്റ് ചെയ്തു. ആഗ്രയിലെ ചമ്പല്‍ നദിയില്‍ വെച്ച് ജൂലൈ 31-നായിരുന്നു മനസാക്ഷിയെ ഞെട്ടിച്ച ഈ അരുംകൊല നടന്നത്.എട്ടാം വയസ്സില്‍ അമ്മയെ നഷ്ടപ്പെട്ട ഖുശിക്ക് സുഹൃത്തുക്കളായിരുന്നു പ്രധാന അഭയം. ഇന്‍സ്റ്റഗ്രാമില്‍ പരിചയപ്പെട്ട കൗമാരക്കാരനുമായുള്ള എട്ടുമാസം നീണ്ട സൗഹൃദം പ്രണയത്തിലാവുകയും തുടര്‍ന്ന് ഖുശി ഗര്‍ഭിണിയാകുകയുമായിരുന്നു.
നാലുമാസമായപ്പോഴാണ് താന്‍ ഗര്‍ഭിണിയാണെന്ന വിവരം ഖുശി തിരിച്ചറിയുന്നതും കാമുകനെ അറിയിക്കുന്നതും. തുടര്‍ന്ന് ഇരുവീട്ടുകാരും സംസാരിച്ചുവെങ്കിലും, അവിവാഹിതയായ മകള്‍ ഗര്‍ഭിണിയായാല്‍ സമൂഹത്തില്‍നിന്ന് നേരിടേണ്ടിവരുന്ന നാണക്കേടും അപമാനവും ഭയന്ന് ഗര്‍ഭഛിദ്രം നടത്താന്‍ ഖുശിയുടെ വീട്ടുകാര്‍ തീരുമാനിക്കുകയായിരുന്നു. അതിനായി ഖുശിയെ ഇവര്‍ സമ്മതിപ്പിക്കുകയും ചെയ്തു. ഗര്‍ഭഛിദ്രത്തിനായുള്ള ചികിത്സയ്ക്കെന്ന വ്യാജേന ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നുവെന്ന് പറഞ്ഞ് ലോക്പാലും ബന്ധുവും ചേര്‍ന്ന് ഖുശിയെ ആഗ്രയിലേക്ക് കൂട്ടിക്കൊണ്ടുപോയി.
ആഗ്രയിലെ ബന്ധുവീട്ടില്‍ താമസിപ്പിച്ച ശേഷം തൊട്ടടുത്ത ദിവസം രാവിലെ ഖുശിയെ ഇരുവരും ചേര്‍ന്ന് ചമ്പല്‍ നദിയിലെ ആളൊഴിഞ്ഞ ഭാഗത്തേക്ക് കൂട്ടിക്കൊണ്ടുപോയി. അവിടെവെച്ച് നദിയിലേക്ക് ചാടി ജീവനൊടുക്കാന്‍ അച്ഛന്‍ മകളോട് ആവശ്യപ്പെട്ടു. എന്നാല്‍ എവിടെയെങ്കിലും പോയി ജീവിച്ചോളാമെന്നും കൊല്ലരുതെന്നും ഖുശി കരഞ്ഞു കെഞ്ചിയെങ്കിലും ഇവര്‍ വഴങ്ങിയില്ല. തുടര്‍ന്ന് മകളുടെ കാലില്‍ പിടിച്ച് മാപ്പു അപേക്ഷിക്കുന്നത് പോലെ നിന്ന ലോക്പാല്‍, തൊട്ടടുത്ത നിമിഷം ഖുശിയെ നദിയിലേക്ക് തള്ളിയിടുകയും ശ്വാസം നിലയ്ക്കുന്നതുവരെ വെള്ളത്തില്‍ മുക്കിപ്പിടിച്ച് കൊലപ്പെടുത്തുകയുമായിരുന്നു.
കൊലപാതകത്തിനു ശേഷം മകള്‍ വിഷാദം മൂലം ജീവനൊടുക്കിയതാണെന്ന് വരുത്തിതീര്‍ക്കാന്‍ പ്രതികള്‍ ശ്രമിച്ചു. ഇതിനായി വെള്ളത്തില്‍നിന്ന് മൃതദേഹം പുറത്തെടുക്കുന്ന ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തി വെക്കുകയും, മകള്‍ ആഗ്രയില്‍വെച്ച് മരണപ്പെട്ടെന്നും അവിടെവെച്ചുതന്നെ സംസ്‌കാരച്ചടങ്ങുകള്‍ നടത്തിയെന്നും നാട്ടുകാരെ വിശ്വസിപ്പിക്കാന്‍ ശ്രമിക്കുകയും ചെയ്തു. എന്നാല്‍ സംഭവത്തില്‍ സംശയം തോന്നിയ അയല്‍വാസി പോലീസില്‍ വിവരമറിയിച്ചതോടെയാണ് ക്രൂരമായ കൊലപാതകത്തിന്റെ ചുരുളഴിയുന്നത്.തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തിലും ചോദ്യം ചെയ്യലിലും പ്രതികള്‍ കുറ്റം സമ്മതിക്കുകയായിരുന്നു.
https://www.facebook.com/Malayalivartha

























