രാഷ്ട്രപതിയുടെ പൊലീസ് മെഡലുകള്‍ക്ക് അര്‍ഹരായവരില്‍ 11 പേര്‍ കേരളത്തില്‍ നിന്ന്

80ാമത് സ്വാതന്ത്ര്യദിനം ആഘോഷിക്കുന്നതിന്റെ ഭാഗമായി രാഷ്ട്രപതിയുടെ വിശിഷ്ട സേവാ മെഡലുകള്‍ പ്രഖ്യാപിച്ചു. രാഷ്ട്രപതിയുടെ പൊലീസ് മെഡലിന് അര്‍ഹരായവരില്‍ കേരളത്തില്‍ നിന്നുള്ള പതിനൊന്ന് പേര്‍.വിജിലന്‍സ് എസ് പി എസ് ശശിധരന് വിശിഷ്ട സേവനത്തിനുള്ള മെഡല്‍ ലഭിച്ചു. ഐജി രാജ്പാല്‍ മീണ, എസ് പി ബിനു രാമകൃഷ്ണപിള്ള എന്നിവര്‍ക്ക് സ്തുത്യര്‍ഹ സേവനത്തിനുള്ള പുരസ്‌കാരം ലഭിച്ചു. ഫയര്‍ഫോഴ്‌സില്‍ രാജേന്ദ്രന്‍ നായര്‍, സെബാസ്റ്റ്യന്‍ ജോസഫ്, ജയില്‍ സര്‍വീസില്‍ നിന്ന് സുനില്‍ കുമാര്‍, മോഹന്‍ ദാസ്, ഡിവൈഎസ്പി ആര്‍ രവികുമാര്‍, എസ് പി ഉജ്ജ്വല്‍ കുമാര്‍, സബ് ഇന്‍സ്‌പെക്ടര്‍ ജ്യോതിഷ് കുമാര്‍ എസ് എല്‍, ഡിവൈഎസ്പി സുരേഷ് ബാബു എന്നിവരും രാഷ്ട്രപതിയുടെ മെഡലിനര്‍ഹരായി. മെഡലുകള്‍ നാളെ സമ്മാനിക്കും.
അതേസമയം, മുഖ്യമന്ത്രിയുടെ പൊലീസ് മെഡലുകള്‍ ഇന്ന് പ്രഖ്യാപിച്ചില്ല. പട്ടികയിലെ പരിശോധന പൂര്‍ത്തിയാക്കാത്തതാണ് കാരണമായി ചൂണ്ടിക്കാട്ടുന്നത്. ഇന്നായിരുന്നു പൊലീസ് മെഡലുകള്‍ പ്രഖ്യാപിക്കേണ്ടിയിരുന്നത്. സംഭവത്തില്‍ ആഭ്യന്തര വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് ഗുരുതര വീഴ്ച സംഭവിച്ചതായാണ് കണ്ടെത്തല്‍.
മാര്‍ച്ച് മാസത്തില്‍ തന്നെ പൊലീസ് ആസ്ഥാനത്ത് നിന്നും മെഡലുകള്‍ക്ക് അര്‍ഹരായവരുടെ പട്ടിക കൈമാറിയിരുന്നു. എന്നാല്‍, സമയബന്ധിതമായി പട്ടികയില്‍ പരിശോധന പൂര്‍ത്തിയായില്ല. പട്ടികയില്‍ പരാതി വന്നതോടെ മടക്കി അയച്ചുവെന്നും പിന്നീട് നടപടി ഉണ്ടായില്ലെന്നുമാണ് പുറത്തുവരുന്ന വിവരം. പട്ടിക അംഗീകരിക്കാന്‍ ആഭ്യന്തര സെക്രട്ടറി ഈ മാസം 20ന് യോഗം ചേരുമെന്നും വിവരമുണ്ട്.
https://www.facebook.com/Malayalivartha


























