സൈന്യത്തെ അപമാനിക്കുന്ന രാഷ്ട്രീയ പാര്‍ട്ടികളുടെ നിലപാട് അപലപനീയമെന്ന് അമിത് ഷാ

ഇന്ത്യ നടത്തിയ മിന്നലാക്രമണത്തിന്റെ പേരില്‍ സൈന്യത്തെ ചില രാഷ്ട്രീയ പാര്‍ട്ടികള്‍ അപമാനിക്കുകയാണെന്ന് ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷാ. അത്തരത്തിലുള്ള രാഷ്ട്രീയ പാര്‍ട്ടിക്കാര്‍ ചെയ്യുന്ന വൃത്തികെട്ട സമീപനത്തെ അപലപിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
മിന്നലാക്രമണത്തിന്റെ എല്ലാ തരത്തിലുള്ള ക്രെഡിറ്റും സൈന്യത്തിന് മാത്രമാണ്. മോദിയുടെ ഇച്ഛാശക്തിയിലൂടെ സൈന്യം നടത്തിയതാണ് പാകിസ്താനെതിരെയുള്ള മിന്നലാക്രമണമെന്നും അദ്ദേഹം വ്യക്തമാക്കി.
സൈനികരുടെ രക്തത്തിനു പിന്നില്‍നിന്നു സര്‍ക്കാര്‍ ദല്ലാള്‍ പണി നടത്തുകയാണെന്ന രാഹുല്‍ ഗാന്ധിയുടെ പരാമര്‍ശം അതിരു കടന്നുപോയെന്നും അമിത് ഷാ പറഞ്ഞു. ഇന്ത്യന്‍ സൈന്യത്തെയും രാജ്യത്തെ സംരക്ഷിക്കാനുള്ള അവരുടെ ശ്രമങ്ങളെയും കുറിച്ച് പ്രതിപാദിക്കാന്‍ ദല്ലാള്‍ എന്ന പദമാണോ ഉപയോഗിക്കേണ്ടതെന്നും അമിത് ഷാ രാഹുലിനോട് ചോദിച്ചു.
ഇന്ത്യന്‍ സൈന്യം അവരുടെ ജോലി കൃത്യമായി ചെയ്തു. രാഹുല്‍ രാഹുലിന്റെ പണി ചെയ്താല്‍ മതി. മിന്നലാക്രമണത്തെക്കുറിച്ചുള്ള ചില രാഷ്ട്രീയ നേതാക്കളുടെ പ്രതികരണങ്ങള്‍ സൈന്യത്തെ മാത്രമല്ല, വീരമൃത്യു വരിച്ച ജവാന്മാരെയും അപമാനിക്കുന്നതാണ്. ആരെയാണ് നിങ്ങള്‍ സംശയിക്കുന്നത്. സര്‍ക്കാരിന്റെ സദുദ്ദേശ്യത്തെയും സൈന്യത്തിന്റെ ധീരതയേയുമാണോ?. എങ്കില്‍ ഇതു തികച്ചും അപലപനീയമാണ്.
മിന്നലാക്രമണത്തിന് തെളിവ് ചോദിച്ച് നേരത്തെ കോണ്‍ഗ്രസിലെ ചില നേതാക്കളും ന്യൂഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളും രംഗത്ത് വന്നിരുന്നു.
https://www.facebook.com/Malayalivartha



























