നവരാത്രി പൂജക്ക് തെലങ്കാനയിലെ ദുര്‍ഗാദേവിക്ക് ചന്ദ്രശേഖര റാവുവിന്റെ വക സ്വര്‍ണകിരീടം

നവരാത്രി ആഘോഷത്തിന്റെ ഭാഗമായി തെലങ്കാനയിലെ വാറങ്കല്‍ ഭദ്രകാളീ ക്ഷേത്രത്തില്‍ സമര്‍പ്പിക്കുന്നതിനായി മൂന്ന് കോടി രൂപയോളം വിലമതിക്കുന്ന കിരീടം ഒരുങ്ങുന്നു. തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖര്‍ റാവുവാണ് ക്ഷേത്രത്തിന് വേണ്ടി ഇത് സമര്‍പ്പിക്കുന്നത്.
11.7 കിലോഗ്രാം ഭാരമുള്ള കിരീടത്തിന്റെ പണികള്‍ ഏകദേശം പൂര്‍ത്തിയായി. ഹൈദരാബാദിലെ ഒരു പ്രമുഖ ജ്വല്ലറിയില്‍ നിന്നാണ് കിരീടത്തിന് വേണ്ട സ്വര്‍ണം വാങ്ങിയത്. തെലങ്കാന സംസ്ഥാന രൂപീകരണവുമായി ബന്ധപ്പെട്ട് പ്രശ്‌നങ്ങള്‍ ഉടലെടുത്തപ്പോള്‍ ചന്ദ്രശേഖര റാവു നേര്‍ന്നതാണ് ഈ കിരീടമെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ഇതാദ്യമായല്ല മതവിശ്വാസത്തിന്റെ ഭാഗമായി തെലങ്കാനയില്‍ ധൂര്‍ത്ത് നടക്കുന്നത്.
കഴിഞ്ഞ വര്‍ഷം മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ സംസ്ഥാനത്ത് നടത്തിയ ഒരു പൂജക്ക് കോടികളാണ് ചെലവഴിച്ചത്. സര്‍ക്കാരിന്റെയോ തന്റെയോ പണമല്ല ഇതിനായി ഉപയോഗിച്ചതെന്നും ചില അഭ്യുദയ കാംക്ഷികളുടെ പണമുപയോഗിച്ചാണ് പൂജ നടത്തിയതെന്നും ചന്ദ്രശേഖര റാവു പറഞ്ഞിരുന്നു. സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുമ്പോഴും മുഖ്യമന്ത്രിയുടെ ധാരാളിത്തം ഏറെ വിമര്‍ശനങ്ങള്‍ ഉയര്‍ത്തുകയാണ്.
https://www.facebook.com/Malayalivartha



























