ശശികലക്കെതിരെ മറീന ബീച്ചില്‍ സമരം; ഞങ്ങളെ പ്രകോപിപ്പിക്കരുത്; ഞങ്ങള്‍ തോക്കുമായി ഇറങ്ങുമെന്ന് കമല്‍ ഹാസനും

എഐഎഡിഎംകെ പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ പനീര്‍ശെല്‍വം അനുകൂലികള്‍ ഇന്ന് മറീനാ ബീച്ചില്‍ പ്രതിഷേധയോഗം ചേരും. ശശികലയ്ക്ക് എതിരെ സമരത്തിന് ആഹ്വാനം ചെയ്താണ് യോഗം. ജയലളിതയുടെ മുന്‍ സെക്രട്ടറി വെങ്കിട്ടരാമന്റെ നേതൃത്വത്തിലാണ് യോഗം ചേരുന്നത്. അണ്ണാ സമാധിക്ക് മുന്നിലാണ് പ്രതിഷേധം സംഘടിപ്പിച്ചിരിക്കുന്നത്.
സോഷ്യല്‍ മീഡിയയില്‍ യോഗത്തിനായി കാര്യമായ പ്രചാരവും നടക്കുന്നുണ്ട്. യുവാക്കളോട് രാവിലെ പത്തിന് മറീന ബീച്ചിലെത്താന്‍ സമൂഹമാധ്യമങ്ങളിലൂടെ ആഹ്വാനം ചെയ്തിട്ടുണ്ട്. തമിഴ്‌നാട്ടിലെ പൊതുവികാരം ഉണര്‍ത്തി ജെല്ലിക്കെട്ട് സമരത്തിന് സമാനമായൊരു പശ്ചാത്തലം ഒരുക്കാനാണ് പനീര്‍ശെല്‍വം അനുകൂലികളുടെ ശ്രമം.
ഇതോടൊപ്പം തന്നെ തമിഴ്‌നാട്ടില്‍ മുഖ്യമന്ത്രിയായി പനീര്‍ശെല്‍വം വരണമെന്ന ആവശ്യവുമായി കമല്‍ ഹാസന്‍ കൂടുതല്‍ കടുത്ത നിലപാടുമായി രംഗത്ത് രംഗത്തെത്തി. ഞങ്ങളെ പ്രകോപിപ്പിക്കരുതെന്നും ഞാനും എന്റെ ആളുകളും തോക്കുമായി ഇറങ്ങുമെന്നാണു രാഷ്ട്രീയക്കാര്‍ക്കു കമല്‍ ഹാസന്റെ മുന്നറിയിപ്പ്.

ഞങ്ങള്‍ രാഷ്ട്രീയത്തിലേക്ക് എത്തിയാല്‍ അതു തോക്കുമായുള്ള വരവായിരിക്കുമെന്നും കമല്‍ മുന്നറിയിപ്പ് നല്‍കുന്നു. ഞങ്ങള്‍ അതാഗ്രഹിക്കുന്നില്ല. ഈ രാജ്യം അഹിംസയുടെയും സമാധാനത്തിന്റെയും രാഷ്ട്രീയം കൊണ്ടുനടക്കുന്ന ഇടമാണ്. അതു മാറ്റിമറിക്കാന്‍ നിര്‍ബന്ധിക്കരുത്. ഞാന്‍ അതുകാണാന്‍ ജീവിച്ചിരിക്കണമെന്നുമില്ല. അതുകാണാന്‍ ജീവിച്ചിരിക്കണമെന്ന ആഗ്രഹവുമില്ല. എന്നാല്‍, ജനങ്ങളെ വിപ്ലവത്തിലേക്കു തള്ളിയിടാന്‍ നിര്‍ബന്ധിക്കരുതെന്നും അദ്ദേഹം പറഞ്ഞു.

https://www.facebook.com/Malayalivartha


























