ദുര്‍മന്ത്രവാദികളെന്ന് ആരോപിച്ച് ദമ്പതികളെ ബന്ധുക്കള്‍ ചുട്ടുകൊന്നു

തെലങ്കാനയിലെ സിദ്ധിപേട്ട് ജില്ലയിലെ ദബ്ബക് ഗ്രാമത്തിലാണ് സംഭവം. കടവേര്‍ലു സുദര്‍ശന്‍ (56), ഭാര്യ രാജേശ്വരി (52) എന്നിവരാണ് കൊല്ലപ്പെട്ടത്. ഇരുവരെയും പോസ്റ്റില്‍ കെട്ടിയിട്ട ശേഷം തീ കൊളുത്തി കൊല്ലുകയായിരുന്നു. സെക്കന്ദരാബാദിലെ ഗാന്ധി ആശുപത്രിയില്‍ ചികിത്സയിലിരിക്കെ വെള്ളിയാഴ്ച പുലര്‍ച്ചെയാണ് ഇരുവരും മരിച്ചത്. കൊലപാതകം നടത്തിയ ശ്രീനിവാസലു, മല്ലീശം എന്നിവര്‍ ഒളിവിലാണ്.
സുദര്‍ശന്‍ ദുര്‍മന്ത്രവാദം ചെയ്ത് തങ്ങളുടെ പിതാവിനെ വകവരുത്തിയതായി പ്രതികള്‍ വിശ്വസിച്ചിരുന്നു. ഇതേതുടര്‍ന്നാണ് ഇരുവരും കൊലപാതകം നടത്താന്‍ തീരുമാനിച്ചത്. സ്വത്ത് തര്‍ക്കവുമായി ബന്ധപ്പെട്ട പ്രശ്നങ്ങളും കൊലപാതകത്തിന് പിന്നിലുണ്ടെന്ന് പോലീസ് കരുതുന്നു. കൊല്ലപ്പെട്ട ദമ്പതികള്‍ ദുര്‍മന്ത്രവാദം ചെയ്തിരുന്നതായി നാട്ടില്‍ വ്യാപകമായി ആക്ഷേപമുണ്ട്. അടുത്തിടെ ഇവരുടെ വീടിന് അടുത്ത് ഒരു പോത്ത് ചത്തതും നവജാത ശിശു മരിച്ചതും സംശയം ബലപ്പെടുത്തി.
ബുധനാഴ്ച രാത്രിയോടെ ശ്രീനിവാസലു വിചിത്രമായി പെരുമാറാന്‍ തുടങ്ങി. സുദര്‍ശന്‍ തനിക്ക് പിന്നാലെ പ്രേതശക്തികളെ അയച്ചിട്ടുണ്ടെന്ന് അലറിക്കൊണ്ട് ഇയാള്‍ തെരുവില്‍ ഓടുകയായിരുന്നു. തുടര്‍ന്ന് ഗ്രാമവാസികള്‍ ഇരുവരെയും മര്‍ദ്ദിച്ചു. ഇതില്‍ പരാതിയുമായി പോലീസ് സ്റ്റേഷനില്‍ എത്തിയ ദമ്പതികളോട് വിഷയം കോടതിയിലേക്ക് വലിച്ചിഴയ്ക്കാതെ പരിഹരിക്കാന്‍ പോലീസ് നിര്‍ദ്ദേശം നല്‍കി. പിറ്റേന്ന് ഇരുവരെയും വീട്ടിലെത്തി മര്‍ദ്ദിച്ച ശേഷം പുറത്തേക്ക് വലിച്ചിഴച്ച് പോസ്റ്റില്‍ കെട്ടിയിട്ട് തീ കൊളുത്തി കൊല്ലുകയായിരുന്നു
https://www.facebook.com/Malayalivartha
























