ബാബറി മസ്ജിദ് ഗൂഡാലോചനക്കേസില്‍ എല്‍. കെ.അഡ്വാനി വിചാരണ നേരിടണമെന്ന് സുപ്രീം കോടതി

ബാബറി മസ്ജിദ് ഗൂഡാലോചനക്കേസില്‍ എല്‍. കെ.അഡ്വാനി വിചാരണ നേരിടണമെന്ന് സുപ്രീം കോടതി. കേസിലെ അലഹബാദ് ഹൈക്കോടതി വിധി സുപ്രീം കോടതി റദ്ദാക്കി. ഗൂഡാലോചനക്കുറ്റം പുനഃസ്ഥാപിക്കണമെന്ന സി.ബി.ഐയുടെ അപേക്ഷ സുപ്രീം കോടതി അംഗീകരിക്കുകയായിരുന്നു. മുരളി മനോഹര്‍ ജോഷിയടക്കമുള്ള ബി.ജെ.പി നേതാക്കള്‍ വിചാരണ നേരിടണം.
ഗൂഢാലോചനക്കേസിന്റെയും ആക്രമണ കേസിന്റെയും വിചാരണ ഒരു കോടതിയില്‍ നടത്താനും ഉത്തരവായി. എല്ലാ ദിവസവും വിചാരണ നടത്തണം. കേസ് ഒരു ദിവസം പോലും മാറ്റി വയ്ക്കരുതെന്നും രണ്ട് വര്‍ഷത്തിനുള്ളില്‍ വിചാരണ പൂര്‍ത്തിയാക്കണമെന്നും സുപ്രീം കോടതി ഉത്തരവിട്ടു.
എല്‍.കെ. അഡ്വാനി, മുരളി മനോഹര്‍ ജോഷി, ഉമാ ഭാരതി, വിനയ് കത്യാര്‍, കല്യാണ്‍ സിംഗ് തുടങ്ങിയ ബി.ജെ.പി നേതാക്കള്‍ക്കെതിരെ ഗൂഡാലോചന കുറ്റം ചുമത്തണമെന്ന് സി.ബി.ഐ കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു. ക്രിമിനല്‍ ഗൂഡാലോചനകുറ്റം ചുമത്തി ഇവര്‍ ഉള്‍പ്പെടെയുള്ള 13 പേര്‍ ലക്‌നോ കോടതിയില്‍ വിചാരണ നേരിടണമെന്നും സി.ബി.ഐ വാദിച്ചിരുന്നു.
സാങ്കേതിക കാരണം പറഞ്ഞ് ഗൂഡാലോചനക്കുറ്റം ഒഴിവാക്കിയതിനെ നേരത്തേ സുപ്രീംകോടതി വിമര്‍ശിച്ചിരുന്നു. കേസിലെ വിചാരണ വൈകുന്നതിലും കോടതി അതൃപ്തി അറിയിച്ചിരുന്നു. ഗൂഡാലോചനക്കുറ്റം ഒഴിവാക്കിയ വിചാരണക്കോടതി വിധി അലഹബാദ് ഹൈക്കോടതി ശരിവച്ചതോടെയാണ് സിബിഐ സുപ്രീംകോടതിയെ സമീപിച്ചത്.
https://www.facebook.com/Malayalivartha

























