ചുവന്ന ലൈറ്റേ വിട! വിഷയത്തില്‍ ഉറച്ച തീരുമാനം എടുത്ത കേന്ദ്രത്തിന് അഭിനന്ദനം

ചുവന്ന ബീക്കണ്‍ ലൈറ്റുകള്‍ ഇന്ത്യയില്‍ നിരോധിച്ചതോടെ അധികാരത്തിന്റെ ചെകിട്ടത്ത് അടിച്ചിരിക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍. പ്രധാനമന്ത്രി, രാഷ്ട്രപതി എന്നിങ്ങനെ എല്ലാവരുടെയും കാറില്‍ നിന്നും ചുവന്ന ലൈറ്റ് എടുത്തു മാറ്റിയിരിക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍.
അധികാരത്തിന്റെ എക്കാലത്തെയും വലിയ ചിഹ്നമായാണ് ചുവന്ന ലൈറ്റ് എന്നും അറിയപ്പെട്ടിരുന്നത്.ചുവന്ന ലൈറ്റ് കാണുമ്പോള്‍ ആര്‍ക്കും ഓടിയകലാനാണ് തോന്നുക.കാരണം സാധാരണക്കാരന്റെ മനോവിചാരങ്ങളില്‍ ചുവന്ന വെളിച്ചം അപായ സൂചനയാണ്. ചുവന്ന വെളിച്ചം കണ്ടാല്‍ അവിടേക്ക് തിരിഞ്ഞു നോക്കാന്‍ പാടില്ലെന്നാണ് നിയമം.
ചുവന്ന ലൈറ്റ് നിയന്ത്രിക്കാനുള്ള കേന്ദ്ര സര്‍ക്കാരിന്റെ ചേതോവികാരം എന്താണെന്ന് അറിയില്ല. സര്‍ക്കാരും ജനങ്ങളും തമ്മിലുള്ള അകലം കുറയ്ക്കുക എന്നതാവണം ലക്ഷ്യം. ദല്‍ഹി മുഖ്യമന്ത്രിയായി ചുമതലയേറ്റയുടന്‍ ചുവന്ന ലൈറ്റുള്ള മുഖ്യമന്ത്രിയുടെ വാഹനം അരവിന്ദ് കെജരിവാള്‍ വേണ്ടെന്നു വച്ചിരുന്നു. സ്വന്തം വാഗണ്‍ ആര്‍ കാറിലായിരുന്നു അദ്ദേഹത്തിന്റെ യാത്ര.. ചുവന്ന ലൈറ്റ് കാണുമ്പോള്‍ ജനങ്ങള്‍ തന്നില്‍ നിന്നും അകലും എന്നായിരുന്നു അദ്ദേഹത്തിന്റെ ചിന്ത.
കേരളത്തില്‍ സാധാരണക്കാരന്റെ സര്‍ക്കാരായി പിണറായി സര്‍ക്കാര്‍ അധികാരം ഏല്‍ക്കുമ്പോഴും ഇത്തരത്തിലുള്ള വിപ്ലവ നടപടികള്‍ എല്ലാവരും പ്രതീക്ഷിച്ചതാണ്. എന്നാല്‍ ഒരു വിപ്ലവവും ഉണ്ടായില്ല. സഖാക്കള്‍ സഖാവ് എന്ന സിനിമ കണ്ട് ആത്മ നിര്‍വൃതി നേടുകയാണ് ഇപ്പോള്‍.
മന്ത്രിമാരുടെ വാഹനങ്ങള്‍ക്ക് ചുവന്ന ലൈറ്റിനൊപ്പം പോലീസ് അകമ്പടിയുമുണ്ട്. അകമ്പടി നിയന്ത്രിക്കണമെന്ന് പിണറായി സര്‍ക്കാര്‍ ആദ്യകാലത്ത് തീരുമാനിച്ചിരുന്നെങ്കിലും ഒന്നും നടന്നില്ല.
രാത്രികാലങ്ങളില്‍ ചീറിപ്പായുന്ന ചുവന്ന ലൈറ്റ് നിസഹായനായ കാല്‍നടയാത്രക്കാരനും സൈക്കിള്‍ യാത്രികനും ഇന്നും ഭയമാണ്. ജനങ്ങളുടെ വോട്ടു വാങ്ങി ജയിക്കുന്നവര്‍ക്ക് എന്തിനാണ് ചുവന്ന ലൈറ്റിന്റെ സംരക്ഷണം? ജനങ്ങളെ ഭരണാധികാരികളില്‍ നിന്നും അകറ്റുന്ന, ഭയപ്പെടുത്തുന്ന ചുവന്ന ലൈറ്റിന്റെ യുഗം അവസാനിക്കുന്നു.
https://www.facebook.com/Malayalivartha

























