വിദ്യാര്‍ഥികളുടെ അഭാവത്തില്‍ തമിഴ്‌നാട്ടില്‍ 28 കോളജുകള്‍ പൂട്ടുന്നു

എന്‍ജിനീയറിങ്, ഐ.ടി തുടങ്ങിയ ടെക്‌നിക്കല്‍ കോഴ്‌സുകള്‍ക്ക് വിദ്യാര്‍ഥികളെ കിട്ടാതായതോടെ തമിഴ്‌നാട്ടില്‍ സ്വകാര്യ മേഖലയിലെ 28 കോളജുകള്‍ അടച്ചുപൂട്ടുന്നു. ഇതോടെ 2017-18 അക്കാദമിക് വര്‍ഷത്തില്‍ സംസ്ഥാനത്തെ ഉന്നത വിദ്യാഭ്യാസ മേഖലയില്‍ 10,000 സീറ്റുകള്‍ കുറയും. 22 കോളജുകള്‍ പൂട്ടാന്‍ അപേക്ഷ നല്‍കിയതായി സാങ്കേതിക വിദ്യാഭ്യാസ കൗണ്‍സില്‍ (എ.ഐ.സി.ടി.ഇ) ചെയര്‍മാന്‍ അനില്‍ സഹസ്രാബുദെ ചെന്നൈയില്‍ വ്യക്തമാക്കി. അടിസ്ഥാന സൗകര്യങ്ങളുടെ അഭാവംമൂലം മറ്റ് ആറു കോളജുകളിലെ പ്രവേശനം എ.ഐ.സി.ടി.ഇ തടഞ്ഞു.
കൂടാതെ, സീറ്റുകള്‍ വെട്ടിക്കുറക്കുന്നതിന് മറ്റ് 154 സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ സമീപിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. അഞ്ച് എന്‍ജിനീയറിങ് കോളജുകള്‍ പൂട്ടുന്നതോടെ 8,700 സീറ്റുകള്‍ ഇല്ലാതാവും. മൂന്ന് പോളിടെക്‌നിക് സ്ഥാപനങ്ങളും മാനേജ്‌മെന്റ്, ഐ.ടി (എം.ബി.എ, എം.സി.എ കോഴ്‌സുകള്‍) മേഖലകളിലെ 14 സ്ഥാപനങ്ങളുമാണ് അടക്കുന്നത്. കേരളത്തിന്റെ സമീപ പ്രദേശങ്ങളിലുള്ള കന്യാകുമാരി, കോയമ്പത്തൂര്‍, മധുര, സേലം, കാരൈക്കല്‍ ജില്ലകളിലെ സ്വകാര്യസ്ഥാപനങ്ങളാണ് വിദ്യാര്‍ഥികളെ കിട്ടാതെ 'സേവനം' അവസാനിപ്പിക്കാന്‍ തീരുമാനിച്ചത്.
കേരളത്തില്‍ സ്വകാര്യ മേഖലയില്‍ വര്‍ഷങ്ങള്‍ക്കുമുമ്പ് ധാരാളം സ്ഥാപനങ്ങള്‍ തുറന്നതോടെ വിദ്യാര്‍ഥികളുടെ കുത്തൊഴുക്ക് കുറഞ്ഞതാണ് തമിഴ്‌നാട്ടിലെയും കര്‍ണാടകയിലെയും സ്വകാര്യ വിദ്യാഭ്യാസ മേഖലക്ക് വന്‍ തിരിച്ചടിയായത്. വര്‍ഷംതോറും കുട്ടികളുടെ വരവ് കുറഞ്ഞുവരുകയാണ്. പൂര്‍ണമായും കുട്ടികളെ കിട്ടാതായതോടെയാണ് ഇവ മേഖലയില്‍നിന്ന് പിന്‍വാങ്ങുന്നത്.
എന്‍ജിനീയറിങ്, ഐ.ടി മേഖലകളില്‍ ഉദ്യോഗാര്‍ഥികളുടെ ആധിക്യംമൂലം ജോലിസാധ്യത കുറയുന്നത് മുന്‍നിര്‍ത്തി ആര്‍ട്‌സ് കോഴ്‌സുകളിലേക്ക് വിദ്യാര്‍ഥികള്‍ തിരിഞ്ഞത് മറ്റൊരു കാരണമായി ചൂണ്ടിക്കാട്ടപ്പെടുന്നു. അടുത്തിടെ രാജ്യത്തെ 311 സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ എ.ഐ.സി.ടി.ഇ ഉദ്യോഗസ്ഥര്‍ പരിശോധന നടത്തിയിരുന്നു. ഇതില്‍ കേരളമുള്‍പ്പെടെ 187 സ്ഥാപനങ്ങളില്‍ അടിസ്ഥാന സൗകര്യങ്ങളില്‍ 60 ശതമാനം പോരായ്മകള്‍ കണ്ടെത്തി.
https://www.facebook.com/Malayalivartha

























