അതിര്‍ത്തിയില്‍ ശക്തമായി തിരിച്ചടിച്ച് ഇന്ത്യ; പാക് സൈനിക പോസ്റ്റുകള്‍ തകര്‍ത്തു

അതിര്‍ത്തിയിലെ പാക് പ്രകോപനത്തിന് ശക്തമായ തിരിച്ചടി നല്‍കി ഇന്ത്യന്‍ സൈന്യം. നൗഷേരയില്‍ കഴിഞ്ഞ ദിവസമുണ്ടായ ആക്രമണത്തിന്റെ പശ്ചാത്തലത്തിലാണ് ഇന്ത്യയുടെ നടപടി. രജൗരി ജില്ലയിലെ നൗഷേര സെക്ടറിലെ പാക് സൈനിക പോസ്റ്റുകള്‍ ഇന്ത്യ തകര്‍ത്തു. ആക്രമണത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ കരസേന പുറത്തുവിട്ടിട്ടുണ്ട്.
അതിര്‍ത്തിയില്‍ ഉടനീളം വെടിവെപ്പ് തുടരുകയാണ്. ഇന്ത്യ ശക്തമായി തിരിച്ചടിക്കുകയാണെന്ന് സേനാ വക്താവ് പറഞ്ഞു. അതിര്‍ത്തിയില്‍ നുഴഞ്ഞുകയറ്റം കൂടിയിരിക്കുകയാണെന്നും സേനാവക്താവ് ചൂണ്ടിക്കാട്ടി.
അതിര്‍ത്തിയില്‍ തീവ്രവാദികള്‍ക്ക് നുഴഞ്ഞുകയറാന്‍ പാക് സൈന്യം ഒത്താശ ചെയ്യുകയാണെന്ന് മേജര്‍ ജനറല്‍ അശോക് നരൂല പറഞ്ഞു. ഇന്ത്യന്‍ സൈന്യത്തിന്റെ ആക്രമണത്തില്‍ പാക് പോസ്റ്റുകള്‍ക്ക് ശക്തമായ നാശം സംഭവിച്ചെന്ന് അദ്ദേഹം മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു. ഇനിയും ഇത്തരം ആക്രമണങ്ങള്‍ പ്രതീക്ഷിക്കാമെന്ന് പറഞ്ഞ അദ്ദേഹം പക്ഷെ ആക്രമണം എപ്പോഴാണ് നടത്തിയതെന്ന് വ്യക്തമാക്കിയില്ല.
കഴിഞ്ഞ ദിവസം നൗഷേരയില്‍ നടന്ന ഭീകരാക്രണത്തില്‍ മൂന്ന് ജവാന്‍മാര്‍ വീരമൃത്യു വരിച്ചിരുന്നു. നാല് ഭീകരരെ സൈന്യം വധിക്കുകയും ചെയ്തു. മറ്റ് ഭീകരര്‍ കാടുകളില്‍ ഒളിച്ചിരിക്കുകയാണെന്നാണ് സൈന്യത്തിന്റെ വിലയിരുത്തല്‍. പ്രദേശത്ത് തീവ്രവാദി സാന്നിധ്യം ഉണ്ടെന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു സൈന്യം അതിര്‍ത്തിയില്‍ പരിശോധന നടത്തിയത്. തുടര്‍ന്ന് ഭീകരര്‍ സൈന്യത്തിന് നേരെ വെടിയുതിര്‍ക്കുകയായിരുന്നു.
https://www.facebook.com/Malayalivartha

























