സിക്ക വൈറസ് ഇന്ത്യയിലും; ഗുജറാത്തില്‍ ഒരു ഗര്‍ഭിണിയുള്‍പ്പെടെ മൂന്ന് പേര്‍ക്ക് വൈറസ് ബാധ സ്ഥിരീകരിച്ചു

സിക്ക വൈറസ് ആദ്യമായി ഇന്ത്യയിലും സ്ഥിരീകരിച്ചു. ഗുജറാത്തിലെ അഹമ്മദാബാദില്‍ ഒരു ഗര്‍ഭിണിയുള്‍പ്പെടെ മൂന്ന് പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചതെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. എന്നാല്‍ ഇവരുടെ പേര് വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. അതേസമയം, സംസ്ഥാനത്ത് സിക്ക വൈറസ് ബാധയില്ലെന്ന ഗുജറാത്ത് സര്‍ക്കാറിന്റെ വാദം പൊളിക്കുന്നതാണ് മന്ത്രാലയത്തിന്റെ റിപ്പോര്‍ട്ട്.
കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയിലാണ് ആദ്യമായി വൈറസ്ബാധ സംശയിക്കുന്ന രോഗിയെ കണ്ടെത്തിയത്. രണ്ടാമത്തേത് നവംബറിലും തുടര്‍ന്ന് ജനുവരിയില്‍ ഒരാളിലുമാണ് സിക വൈറസ് ബാധയുടെ ലക്ഷണങ്ങള്‍ കണ്ടെത്തിയത്. എന്നാല്‍ ഈ വൈറസ് പകരുന്നത് ഇന്ത്യയില്‍ തടഞ്ഞെന്നാണ് ആരോഗ്യമന്ത്രാലയം വ്യക്തമാക്കുന്നത്. വിഷയം വ്യക്തമായി നിരീക്ഷിക്കുകയാണെന്നും പിന്നീട് ഇത്തരത്തിലുള്ളൊരു കേസുകളും രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നും മന്ത്രാലയം വ്യക്തമാക്കുന്നു.
64 വയസുകാരനായ രോഗിയില്‍ കഴിഞ്ഞ ഫെബ്രുവരിയിലാണ് ആദ്യം വൈറസ് കണ്ടെത്തിയത്. പിന്നാലെ അഹമ്മദാബാദ് ബി.ജെ.എം.സി ആശുപത്രിയില്‍ കുഞ്ഞിന് ജന്മം നല്‍കിയ യുവതിയില്‍ നവംബര്‍ ഒമ്പതിനാണ് രണ്ടാമത്തെ വൈറസ് സ്ഥിരീകരിച്ചത്. 70 വര്‍ഷങ്ങള്‍ക്ക് മുന്‍പ് ആഫ്രിക്കയിലെ കുരങ്ങുകളിലാണ് സിക്ക വൈറസ് കണ്ടെത്തിയത്.
https://www.facebook.com/Malayalivartha

























