ഷീന ബോറ കേസ് അന്വേഷിച്ച ഉദ്യോഗസ്ഥന്റെ ഭാര്യയുടെ കൊലപാതകം: മകന്‍ കുറ്റം സമ്മതിച്ചു: കൊലക്ക് കാരണം മാര്‍ക്ക്‌ലിസ്റ്റ് ചോദിച്ചുള്ള കലഹം

അമ്മയെ കൊന്നിട്ടും മകന് കലി തീര്‍ന്നില്ല. മാര്‍ക്ക് ലിസ്റ്റ് ചോദിച്ചുള്ള കലഹത്തെ തുടര്‍ന്ന് സ്വന്തം അമ്മയെ മകന്‍ കൊലപ്പെടുത്തി. അമ്മയുടെ നിരന്തരമായ കലഹം സഹിക്കവയ്യാതെയാണ് കൊലപ്പെടുത്തിയതെന്ന് ഇന്‍സ്‌പെക്റ്റര്‍ ജ്ഞാനേശ്വര്‍ ഗണോരെയുടെ ഭാര്യയെ വധിച്ച കേസിലെ പ്രതിയായ മകന്‍. ഷീന ബോറക്കേസ് തുടക്കത്തില്‍ അന്വേഷിച്ച ഇന്‍സ്‌പെക്ടറും ഇപ്പോഴത്തെ സിബിഐ ഉദ്യോഗസ്ഥനുമായ ജ്ഞാനേശ്വര്‍ ഗണോരെയുടെ ഭാര്യ ദീപാലി (42)യെ ചൊവ്വാഴ്ചയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. മാര്‍ക്ക് ലിസ്റ്റ് ചോദിച്ചതുമായി ബന്ധപ്പെട്ടുണ്ടായ തര്‍ക്കമാണ് കൊലപാതകത്തിലേയ്ക്കു നയിച്ചതെന്നു അറസ്റ്റിലായ മകന്‍ സിദ്ധാന്ത് പൊലീസിനോടു പറഞ്ഞു.
കൃത്യം ചെയ്തതിനു ശേഷം സാന്താക്രൂസ് വകോളയിലെ വസതിയില്‍ നിന്നു രക്ഷപ്പെട്ട സിദ്ധാന്തിനെ ജോധ്പുര്‍ റെയില്‍വേ സ്‌റ്റേഷനു സമീപത്തുളള ഹോട്ടലില്‍ നിന്ന് വ്യാഴാഴ്ചയാണ് അറസ്റ്റ് ചെയ്തത്. സംഭവദിവസം വൈകിട്ട് അമ്മ തന്റെ ബിഎസ്‌സി ആദ്യവര്‍ഷ പരീക്ഷയുടെ മാര്‍ക്ക് ലിസ്റ്റിനായി നിര്‍ബന്ധം പിടിച്ചെന്നും എന്നാല്‍, പരീക്ഷാ എഴുതാത്തതിനാല്‍ അതു നല്‍കാനായില്ലെന്നും സിദ്ധാന്ത് വെളിപ്പെടുത്തി.
പരീക്ഷ എഴുതാത്ത കാര്യം അമ്മയെ അറിയിച്ചിരുന്നില്ല. പഠനം എങ്ങനെയുണ്ടെന്ന് തിരക്കാന്‍ താനും കോളജിലേയ്ക്കു വരുന്നുവെന്ന് അമ്മ പറഞ്ഞതോടെ സമ്മര്‍ദത്തിലായ താന്‍ ജീവനൊടുക്കാന്‍ ശ്രമിച്ചെന്നും എന്നാല്‍, അമ്മയുടെ കൊലപാതകത്തിലാണ് അവസാനിച്ചതെന്നും സിദ്ധാന്ത് വെളിപ്പെടുത്തി. കറിക്കത്തിയെടുത്ത് കഴുത്തില്‍ ആക്രമിക്കുകയായിരുന്നു.
കൊലപാതകത്തിനു ശേഷവും രോഷം തീരാത്തതിനാല്‍ , പടരുന്ന രക്തമെടുത്ത് 'അമ്മയെക്കൊണ്ടു മടുത്തു' എന്ന് മൃതദേഹത്തിനടുത്ത് തറയില്‍ എഴുതിവച്ചിരുന്നു. കൃത്യത്തിനു ശേഷം കുളിച്ച് വീട്ടില്‍നിന്നു രണ്ടു ലക്ഷം രൂപയുമായി രക്ഷപ്പെട്ട പ്രതി ബോറിവ്‌ലി സ്‌റ്റേഷനില്‍ നിന്നു കിട്ടിയ ഒരു ട്രെയിനില്‍ കയറി സൂറത്ത് വഴി ജോധ്പൂര്‍ എത്തിയപ്പോള്‍ ഇറങ്ങുകയായിരുന്നു. ഹോട്ടലില്‍ നിന്നു ജോധ്പൂര്‍ പൊലീസാണ് വ്യാഴാഴ്ച ഉച്ചയ്ക്ക് അറസ്റ്റ് ചെയ്തത്. മൊബൈല്‍ വീട്ടില്‍ ഉപേക്ഷിച്ചു രക്ഷപ്പെട്ട സിദ്ധാന്ത്, ജോധ്പുരില്‍ നിന്നു പുതിയ മൊബൈല്‍ വാങ്ങി ഹോട്ടലിലെ വൈഫൈയിലൂടെ ഇന്റര്‍നെറ്റ് ഉപയോഗിക്കാന്‍ തുടങ്ങിയതാണ് പൊലീസിന് സഹായകമായത്.
ഉടന്‍ തന്നെ ജോധ്പുര്‍ പൊലീസ് ഹോട്ടലിലെത്തി പിടികൂടുകയായിരുന്നു. പൊലീസ് സ്‌റ്റേഷനില്‍ കൊണ്ടു വന്ന പ്രതി സമ്മര്‍ദമൊന്നും കൂടാതെ തന്നെ കുറ്റം സമ്മതിച്ചു. പിടിയിലായതിന്റെ പേടിയോ വെറുപ്പോ പ്രകടമായില്ലെന്നും ജോധ്പുര്‍ പൊലീസ് മുംബൈ പൊലീസിനോട് പറഞ്ഞു. സദാ വഴക്കിടുന്ന സ്വഭാവക്കാരിയായ അമ്മ കുടുംബത്തിലെ സ്വസ്ഥത ഇല്ലാതാക്കിയതാണ് പ്രശ്‌നാകരണം . അച്ഛനു പോലും വീട്ടില്‍ സമാധാനമില്ലായിരുന്നുവെന്നും മകന്‍ സിദ്ധാന്ത് വെളിപ്പെടുത്തി.
https://www.facebook.com/Malayalivartha

























