പത്തോ നൂറോ അല്ല; ഒരു കോടി രൂപയാണ് ഈ പെണ്‍കുട്ടി സമാഹരിച്ചത്

നിഷിത രാജ്പുത് എന്ന പെണ്‍കുട്ടി മറ്റു പെണ്‍കുട്ടികളില്‍ നിന്നും വ്യത്യസ്തയാണ്.പ്രദേശത്തെ വീടുകള്‍ തോറും കയറിയിറങ്ങി പണം സമാഹരിച്ചു. എന്തിനെന്നല്ലേ.. തന്നെ പോലെ ജീവിതസൗകര്യങ്ങള്‍ ഇല്ലാത്ത പാവം പെണ്‍കുട്ടികളെ പഠിപ്പിക്കാന്‍ വേണ്ടി. പത്തു വര്‍ഷത്തെ വേനലവധിക്കാലങ്ങളില്‍ നിഷിത പിരിച്ചെടുത്തതു പത്തോ നൂറോ രൂപയല്ല, ഒരു കോടി രൂപയോളമാണ്. ഇതു വഴി അറിവിന്റെ വെളിച്ചമേകിയത് 5000 ഓളം വരുന്ന പെണ്‍കുട്ടികള്‍ക്കും.
ഗുജറാത്തിലെ വഡോദരയില്‍ നിന്നുള്ള നിഷിത രാജ്പുത്തിനു ഇപ്പോള്‍ വയസ്സ് 24. പതിനാലാം വയസ്സില്‍ ബിസിനസ്സുകാരനായ പിതാവ് ഗുലാബ് രാജ്പുത്തിന്റെ പ്രോത്സാഹനത്താലാണു നിഷിത പാവപ്പെട്ട പെണ്‍കുട്ടികള്‍ക്കു വേണ്ടി തന്റെ അവധിക്കാലങ്ങള്‍ മാറ്റിവച്ചു തുടങ്ങിയത്. ചെറുപ്പം മുതലേ നിഷിതയുടെ മാതാപിതാക്കള്‍ ചുറ്റുമുള്ളവരുടെ ബുദ്ധിമുട്ടുകള്‍ കാണിച്ചു കൊടുത്താണ് മകളെ വളര്‍ത്തിയത്. ഇടയ്ക്കു അനാഥാലയങ്ങള്‍ സന്ദര്‍ശിച്ചും അവിടുത്തെ കുട്ടികളുമായി ഇടപഴകിയും ചിലപ്പോഴെല്ലാം അവരെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടു വന്നു അവരുമായി കൂട്ടുകൂടിയും നിഷിത വളര്‍ന്നു.
14ാം വയസ്സിലെ അവധിക്കാലത്ത് നിഷിത ഈ സാമൂഹിക പ്രവര്‍ത്തിയിലേക്ക് ഇറങ്ങുമ്പോള്‍ ആദ്യമൊക്കെ ആളുകള്‍ക്ക് അദ്ഭുതമായിരുന്നു. വഡോദരയിലും പരിസരങ്ങളിലുമുള്ള വീടുകളിലാണ് ആദ്യം ധനസമാഹരണത്തിന് ഇറങ്ങിയത്. ചെയ്യുന്ന കാര്യങ്ങള്‍ സുതാര്യമാകണമെന്ന നിര്‍ബന്ധമുള്ളതു കൊണ്ട് തനിച്ചായിരുന്നു എല്ലാം. സ്‌കൂളുകളുമായി ബന്ധപ്പെട്ടു അവിടെ പഠിക്കുന്ന പാവപ്പെട്ട പശ്ചാത്തലമുള്ള പെണ്‍കുട്ടികളെ കണ്ടെത്തിയാണു സഹായധനം നല്‍കുന്നത്. നിഷിതയുടെ പ്രവര്‍ത്തിയിലെ നന്മ കണ്ടറിഞ്ഞു വിദേശത്തു നിന്നു പോലും ആളുകള്‍ സഹായമെത്തിക്കാന്‍ തുടങ്ങി. കോര്‍പ്പറേറ്റ് സ്ഥാപനങ്ങളും ഇപ്പോള്‍ സഹായങ്ങള്‍ നല്‍കുന്നുണ്ട്. സഹായധനം നല്‍കുന്നവര്‍ക്ക് അത് ആരിലേക്ക് എത്തുന്നു എന്ന കാര്യവും കൃത്യമായി നിഷിത അറിയിക്കാറുണ്ട്. ലേബര്‍ പ്രാക്ടീസില്‍ ബിരുദാനന്തരബിരുദ വിദ്യാര്‍ത്ഥിനിയാണ് നിഷിത ഇപ്പോള്‍.
https://www.facebook.com/Malayalivartha

























