ഗാന്ധിജിയെ ജാതീയമായി അധിക്ഷേപിച്ച് സംസാരിച്ച ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായുടെ നടപടി വിവാദത്തില്‍

രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയെ ജാതീയമായി അധിക്ഷേപിച്ച് സംസാരിച്ച ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായുടെ നടപടി വിവാദത്തിലാകുന്നു. അമിത്ഷാ സ്വാതന്ത്ര്യസമരത്തെയും രാഷ്ട്രപിതാവിനെയും അപമാനിച്ചുവെന്ന് കോണ്‍ഗ്രസ് കുറ്റപ്പെടുത്തി. ഗാന്ധിജിയെ ബുദ്ധിമാനായ ബനിയ (ഗാന്ധിജി ഉള്‍പ്പെടുന്ന ജാതി) എന്നാണ് അമിത് ഷാ വിശേഷിപ്പിച്ചത്.
വെള്ളിയാഴ്ച ഛത്തീസ്ഗഡില്‍ സംഘടിപ്പിച്ച പരിപാടിക്കിടെയായിരുന്നു അമിത് ഷായുടെ വിവാദ പരാമര്‍ശം. കോണ്‍ഗ്രസ് പാര്‍ട്ടി ഒരു തത്വശാസ്ത്രത്തിന്റെയോ സിദ്ധാന്തത്തിന്റെയോ അടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുന്ന ഒന്നല്ല. സ്വാതന്ത്ര്യം നേടുകയെന്ന പ്രത്യേക ആവശ്യത്തിനുവേണ്ടിയുള്ള ഒരുപാധിയായിരുന്നു അത്. ഇവിടെയാണ് ഗാന്ധിയുടെ ദീര്‍ഘവീക്ഷണം വ്യക്തമായിരിക്കുന്നത്. അദ്ദേഹം ബുദ്ധിമാനായ ബനിയ ആയിരുന്നു. എന്താണ് സംഭവിക്കാന്‍ പോകുന്നതെന്ന് അദ്ദേഹത്തിന് അറിയാമായിരുന്നു. അതിനാലാണ് സ്വാതന്ത്ര്യം ലഭിച്ചുകഴിഞ്ഞാല്‍ ഉടന്‍ കോണ്‍ഗ്രസ് പിരിച്ചുവിടണമെന്ന് ഗാന്ധിജി ആവശ്യപ്പെട്ടത്'-അമിത് ഷാ പറഞ്ഞു.
അമിത് ഷാ സ്വാതന്ത്ര്യസമരസേനാനികളെയും മഹാത്മാഗാന്ധിയെയും അപമാനിച്ചുവെന്ന് കോണ്‍ഗ്രസ് വക്താവ് രന്ദീപ് സുര്‍ജ്വാല പ്രതികരിച്ചു. സത്യമെന്തെന്നുവച്ചാല്‍ രാജ്യത്തെ വിഘടിപ്പിക്കാന്‍ ബ്രിട്ടിഷുകാര്‍ ഉപയോഗിച്ച ഉപാധിയായിരുന്നു മഹാസഭയും സംഘവും. സമാനമായ രീതിയില്‍ ഇന്ന് കോര്‍പ്പറേറ്റുകള്‍ അവരുടെ ആവശ്യങ്ങള്‍ നടപ്പിലാക്കാന്‍ ബിജെപിയെ ഉപാധിയാക്കുന്നുവെന്നും സുര്‍ജ്വാല ആരോപിച്ചു. ജാതീയതയ്ക്ക് എതിരെ പോരാടുന്നതിന് പകരം ബിജെപി രാഷ്ട്രപിതാവിന്റെ ജാതി പറയുകയാണ് ചെയ്യുന്നത്.
ഭരിക്കുന്ന പാര്‍ട്ടിയുടെയും നേതാവിന്റെയും തത്വചിന്തയാണ് പുറത്തുവരുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയും അമിത് ഷായും മാപ്പ് പറയണമെന്നും കോണ്‍ഗ്രസ് നേതാവ് ആവശ്യപ്പെട്ടു.
https://www.facebook.com/Malayalivartha






















