ജി.എസ്.ടി: 66 ഇനങ്ങളുടെ നികുതി പരിഷ്‌ക്കരിക്കാന്‍ ഉന്നത കൗണ്‍സില്‍ തീരുമാനം

ജൂലൈ മാസം നടപ്പാക്കാന്‍ നിശ്ചയിച്ചിട്ടുള്ള ചരക്കുസേവന നികുതി(ജി.എസ്.ടി)യില്‍ 66 ഇനങ്ങളുടെ നികുതി നിരക്ക് പരിഷ്‌കരിക്കാന്‍ ജി.എസ്.ടി. ഉന്നത കൗണ്‍സില്‍ തീരുമാനിച്ചു. വിവിധ സംസ്ഥാനങ്ങളും വ്യവസായമേഖലയും പരാതി ഉന്നയിച്ച 133 ഇനങ്ങളിലെ 66 എണ്ണത്തിലാണു നികുതി പുനര്‍നിശ്ചയിച്ചിട്ടുള്ളത്.
അതോടൊപ്പം ചെറുകിട വ്യവസായികള്‍ക്ക് ആശ്വാസമേകി, ഒരു ശതമാനം അനുമാനനികുതി നല്‍കേണ്ടവരുടെ വാര്‍ഷിക വിറ്റുവരവ് 50 ലക്ഷത്തില്‍നിന്ന് 75 ലക്ഷമാക്കി ഉയര്‍ത്താനും പതിനാറാമത് ജി.എസ്.ടി. കൗണ്‍സില്‍ തീരുമാനിച്ചു.
കയര്‍ ഉല്‍പ്പന്നങ്ങള്‍, കശുവണ്ടിപ്പരിപ്പ്, സ്‌കൂള്‍ ബാഗ്, ഇന്‍സുലിന്‍, അഗര്‍ബത്തികള്‍ എന്നിവ അടക്കമുള്ളവയുടെ നികുതിനിരക്കാണു കുറച്ചാണു പരിഷ്‌കരണം. ലോട്ടറിയുടെ നികുതി 19നു ചേരുന്ന അടുത്ത ജി.എസ്.ടി. കൗണ്‍സില്‍ യോഗം തീരുമാനിക്കും. കയറിന്റെയും കശുവണ്ടിപ്പരിപ്പിന്റെയും നികുതി 12ല്‍നിന്ന് അഞ്ചു ശതമാനമാക്കിയാണു കുറച്ചത്.\
100 രൂപവരെയുള്ള സിനിമാ ടിക്കറ്റിന് 18 ശതമാനമായിരിക്കും നികുതി. അതിനു മുകളിലുള്ള ടിക്കറ്റിന് 28 ശതമാനമെന്ന പഴയ നിരക്ക് തുടരും. കമ്പ്യൂട്ടര്‍ പ്രിന്ററുകളുടെ നികുതിയും 28ല്‍നിന്ന് 18 ശതമാനമാക്കി. ഐസിന്റെ നികുതി 12ല്‍നിന്ന് അഞ്ചു ശതമാനമാക്കിയും സ്‌കൂള്‍ ബാഗിനും പ്രിന്ററിനും 28 ല്‍നിന്ന് 18ആയും അച്ചാറും സോസും പഴവും പച്ചക്കറിയും ഉള്‍പ്പെടെയുള്ള പായ്ക്ക് ചെയ്ത ഭക്ഷണങ്ങളുടെ നികുതി 18ല്‍ നിന്ന് 12ആയും കുറച്ചു. കുട്ടികളുടെ പരിശീലന പുസ്‌കങ്ങളുടെ നികുതി 18 ല്‍നിന്ന് 12ആക്കി കളറിങ് പുസ്തകങ്ങള്‍ക്ക് നികുതി ഒഴിവാക്കുകയും ചെയ്തു.
പ്ലൈവുഡിന്റെ നികുതി 28 ശതമാനമായി നിശ്ചയിച്ചത് കുറയ്ക്കണമെന്നു കേരളം ആവശ്യപ്പെട്ടെങ്കിലും അംഗീകരിച്ചില്ലെന്നു സംസ്ഥാന ധനമന്ത്രി ഡോ. ടി.എം. തോമസ് ഐസക്ക് പറഞ്ഞു. പഴയ പ്ലാസ്റ്റിക്, ഹൈബ്രിഡ് കാര്‍ എന്നിവയുടെ നികുതി സംബന്ധിച്ച തര്‍ക്കത്തില്‍ തീരുമാനമായില്ല. പഴയ പ്ലാസ്റ്റിക്കിന് 18 ശതമാനമാണ് നികുതിയാണ് നിശ്ചയിച്ചത്.
ലോട്ടറി നികുതി കുറയ്ക്കാന്‍ ലോട്ടറി മാഫിയ പരമാവധി ശ്രമങ്ങള്‍ നടത്തുന്നുണ്ടെന്നു തോമസ് ഐസക്ക് ആരോപിച്ചു. ലോട്ടറിക്കും 28 ശതമാനം നികുതി വേണമെന്നാണ് കേരളത്തിന്റെ ആവശ്യം.
ജി.എസ്.ടി. വരുന്നതോടെ ചെറുകിട വ്യവസായ സ്ഥാപനങ്ങള്‍ക്കുണ്ടാകുന്ന പ്രതിസന്ധി എല്ലാവരും ഇപ്പോഴാണ് തിരിച്ചറിയുന്നതെന്ന് തോമസ് ഐസക്ക് പറഞ്ഞു. നേരത്തെ ഒന്നരക്കോടി വരെ വിറ്റുവരവുള്ള സ്ഥാപനങ്ങള്‍ക്ക് നികുതിയുണ്ടായിരുന്നില്ല.
ജി.എസ്.ടി. വന്നതോടെ അതില്ലാതായി. നിയമഭേദഗതി വേണ്ടിവരുമെന്ന സാഹചര്യം വന്നതിനാലാണ് നികുതി പരിധി 75 ലക്ഷമാക്കി നിശ്ചയിച്ചത്. സംരക്ഷണം ലഭിക്കേണ്ട ചെറുകിട സ്ഥാപനങ്ങളുണ്ടെങ്കില്‍ സംസ്ഥാനങ്ങള്‍ക്ക് കൂടുതല്‍ സഹായം നല്‍കി സംരക്ഷിക്കാവുന്നതാണെന്നും തോമസ് ഐസക്ക് പറഞ്ഞു.
https://www.facebook.com/Malayalivartha


























