ജെഎന്‍യുവില്‍ നിന്ന് കാണാതായ നജീബിനെക്കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് സി.ബി.ഐയുടെ പത്തു ലക്ഷം പാരിതോഷികം

എ.ബി.വി.പി പ്രവര്‍ത്തകരുടെ മര്‍ദനത്തെത്തുടര്‍ന്ന് ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാലയില്‍ (ജെ.എന്‍.യു) നിന്ന് കാണാതായ നജീബ് അഹ്മദിനെക്കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് സി.ബി.ഐ പത്തുലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചു. വിവരമറിയിക്കാന്‍ സി.ബി.ഐ ഫോണ്‍ നമ്പറുകളും പ്രസിദ്ധീകരിച്ചിട്ടുണ്ട്.
നജീബിന്റെ തിരോധാനവുമായി ബന്ധപ്പെട്ട് ഡല്‍ഹി പൊലീസും പത്തുലക്ഷം രൂപ വരെ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു. എന്നാല്‍, കാണാതായി എട്ടുമാസം കഴിഞ്ഞിട്ടും ഒരു വിവരവും ശേഖരിക്കാന്‍ സാധിക്കാത്തതിനെത്തുടര്‍ന്ന് സി.ബി.ഐയോട് അന്വേഷണം ഏറ്റെടുക്കാന്‍ ഡല്‍ഹി ഹൈക്കോടതി ആവശ്യപ്പെടുകയായിരുന്നു.
ദിവസങ്ങള്‍ക്ക് മുമ്പാണ് സി.ബി.ഐ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം തുടങ്ങിയത്. നജീബ് താമസിച്ച ജെ.എന്‍.യുവിലെ ഹോസ്റ്റലില്‍ സി.ബി.ഐ തെളിവെടുപ്പ് നടത്തിയിരുന്നു. കൂടാതെ, നജീബിന്റെ മാതാവ് ഫാത്തിമ നഫീസ് സി.ബി.ഐ ഓഫിസില്‍ എത്തി മൊഴി നല്‍കുകയും ചെയ്തു. കഴിഞ്ഞ ഒക്‌ടോബര്‍ 15 മുതലാണ് ഉത്തര്‍പ്രദേശ് സ്വദേശിയായ ഒന്നാംവര്‍ഷ ബയോടെക്‌നോളജി വിദ്യാര്‍ഥി നജീബിനെ ഹോസ്റ്റലില്‍ നിന്ന് കാണാതാവുന്നത്.
ഡല്‍ഹി പൊലീസില്‍ നിന്ന് അന്വേഷണം മാറ്റണമെന്ന് ആവശ്യപ്പെട്ട് ഫാത്തിമ നഫീസ് ഹൈക്കോടതിയെ സമീപിച്ചതിനെത്തുടര്‍ന്നാണ് കേസ് സി.ബി.ഐക്ക് കൈമാറിയത്.
https://www.facebook.com/Malayalivartha






















