ഇനി ആഡംബരങ്ങൾക്ക് മങ്ങലേൽക്കും

പെണ്ണിനല്പം തിളക്കമില്ലെങ്കില്‍ എന്ത് കല്യാണം. പട്ടിനും പൊന്നിനും ചമയത്തിനുമെല്ലാം വില ഉയരുന്നതോടെ ഇന്നു മുതല്‍ കല്യാണച്ചെലവേറുകയാണ്. മേക്കപ് മുതല്‍ സദ്യ വരെ നികുതി കൂടുമ്പോള്‍ ഒരു രക്ഷയുമില്ലാതെ പാവപ്പെട്ടവന്റെ കല്യാണം വെള്ളത്തിലാകുമെന്ന കാര്യത്തില്‍ ഒരു സംശയവുമില്ല. കല്യാണ ഓഡിറ്റോറിയങ്ങളുടെ വാടക കുറയുന്നതാണ് ഏക ആശ്വാസം. പക്ഷേ സദ്യയ്ക്കു നികുതി കൂടുന്നതിനാല്‍ ആശ്വസിക്കാനുമാകില്ല.
ബ്രൈഡൽ മേക്കപ്
ബ്രൈഡൽ മേക്കപ്പിനു രണ്ടു തരത്തില്‍ വില കൂടും. മേക്കപ്പിനുപയോഗിക്കുന്ന സൗന്ദര്യ വര്‍ധക ഉല്‍പന്നങ്ങള്‍ക്കുള്ള നികുതി 12.5 ശതമാനത്തില്‍ നിന്ന് 28 ശതമാനമാകും. ഉല്‍പന്നങ്ങളുടെ വിലയോടൊപ്പം മേക്കപ്, ഹെയര്‍ ഡ്രെസിങ് തുടങ്ങിയ ബ്യൂട്ടി പാര്‍ലറുകളിലെ സേവനങ്ങള്‍ക്കും ചിലവു കൂടും. 15 ശതമാനമായിരുന്ന നികുതി 18 ആയി ഉയരും.

സ്വര്‍ണം
ഇന്നു മുതല്‍ വിവാഹങ്ങളില്‍ സ്വര്‍ണത്തിളക്കത്തിനു മങ്ങലേല്‍ക്കും. 1.15% മാത്രം നികുതി ഉണ്ടായിരുന്ന സ്വര്‍ണത്തിന് ഇനി മൂന്നു ശതമാനം നികുതി നല്‍കണം. 1.85% നികുതി കൂടുമ്പോള്‍ ഇപ്പോഴത്തെ സ്വര്‍ണവിലയില്‍ (ഇന്നലെ പവന് 21880 രൂപ) പവന് 404.78 രൂപ കൂടും. 25 പവന്‍ സ്വര്‍ണത്തിന് ഇന്നലെ കൊടുത്തതിനെക്കാള്‍ 10,119 രൂപ ഇന്നു കൂടുതല്‍ നല്‍കണം.

വസ്ത്രം
കല്യാണ വസ്ത്രങ്ങളുടെ വിലയും ജിഎസ്ടി വരുന്നതോടെ ഉയരും. 1000 രൂപയ്ക്കു മുകളിലുള്ള വസ്ത്രങ്ങളുടെ നികുതി 12 ശതമാനമാകും. 1000 രൂപയ്ക്കു മുകളിലുള്ള സാരി, ചുരിദാര്‍, കുര്‍ത്തി തുടങ്ങിയുള്ള റെഡിമെയ്ഡ് വസ്ത്രങ്ങള്‍ക്കെല്ലാം വില കൂടും.
വരനും വധുവിനും മാത്രമല്ല ബന്ധുക്കള്‍ക്കു വസ്ത്രമെടുക്കണമെങ്കിലും ഇനി അധികം കാശുമുടക്കണം. സിന്തറ്റിക്, കൈത്തറി നൂലുകള്‍ക്ക് 18 ശതമാനമാണ് ജിഎസ്ടി. ബ്രാന്‍ഡഡ് വസ്ത്രങ്ങള്‍ക്കു വില കൂടുന്നതോടെ വരന്റെ വസ്ത്രത്തിനു കാര്യമായ വിലക്കയറ്റമുണ്ടാകും.

ചെരുപ്പ്
500 രൂപയ്ക്കു മുകളിലുള്ള ചെരുപ്പുകള്‍ക്ക് 18 ശതമാനമാണ് നികുതി. വധുവിന്റെ കല്യാണച്ചെരുപ്പിനും വരന്റെ കല്യാണഷൂവിനും വില കൂടും.

വിഡിയോ, ഫോട്ടോ
കല്യാണ വിഡിയോയും ഫോട്ടോയും ഫ്രീലാന്‍സ് ഫൊട്ടോഗ്രഫറെയാണ് ഏല്‍പ്പിക്കുന്നതെങ്കില്‍ ജിഎസ്ടിയെപ്പറ്റി ചിന്തിക്കുകയേ വേണ്ട. കാരണം 20 ലക്ഷത്തിലധികം വാര്‍ഷിക വിറ്റുവരവുള്ളവര്‍ മാത്രമേ ജിഎസ്ടി പരിധിയില്‍ വരുന്നുള്ളു. എന്നാല്‍ കല്യാണഫൊട്ടോഗ്രഫര്‍മാര്‍ ഇവന്റ് മാനേജ്‌മെന്റ് കമ്പനിയുടെ ഭാഗമാണെങ്കില്‍ നികുതിയടയ്ക്കണം.

ഓഡിറ്റോറിയം
ജിഎസ്ടിയില്‍ കല്യാണ ഓഡിറ്റോറിയങ്ങളുടെ നികുതി 18 ശതമാനമാണ്. നേരത്ത എസി ഹാളുകള്‍ക്ക് 10.5 ശതമാനം സര്‍വീസ് ചാര്‍ജും 20 % ആഡംബര നികുതിയും നല്‍കണമായിരുന്നു. ആകെ 30.5% ആയിരുന്ന നികുതി 18% ആയി കുറയും. ഒരു ലക്ഷം രൂപയുടെ കല്യാണ ഹാളിന് നേരത്തെ 30500 രൂപ നികുതി നല്‍കണമായിരുന്നു. ഇത് 18000 രൂപയായി കുറയും.

ഭക്ഷണം
ഓഡിറ്റോറിയവും കേറ്ററിങ്ങും ചേര്‍ന്നുള്ള സര്‍വീസിന് (ബണ്‍ഡില്‍ഡ് സര്‍വീസസ്) 18 ശതമാനമാണ് നികുതി. കേറ്ററിങ് സര്‍വീസിന് 10.5% സര്‍വീസ് ചാര്‍ജ് ഈടാക്കിയിരുന്നത് ഇനി 18 ശതമാനമായി ഉയരും. അതായത് കല്യാണ ഭക്ഷണത്തിന്റെ ആകെ ചെലവ് ഒരു ലക്ഷം രൂപയാണെങ്കില്‍ ഇന്നലെ വരെ നികുതി 10500 രൂപ, ഇനി നല്‍കേണ്ടത് 18000 രൂപ.

യാത്രാച്ചെലവ്
കല്യാണയാത്രകള്‍ക്കുള്ള ചെലവില്‍ നേരിയ ആശ്വാസമുണ്ടാകും. റെന്റ് എ കാര്‍, ടാക്‌സി കാര്‍ എന്നിവയുടെ നിരക്കില്‍ ഒരു ശതമാനം ഇളവു വരുന്നതോടെ വാടക അല്‍പം കുറയും. ആറു ശതമാനമായിരുന്ന നികുതി അഞ്ചായി കുറയും.
ഹണിമൂണ്‍
മധുവിധു യാത്ര അത്യാഡംബരമാക്കിയാല്‍ പോക്കറ്റ് വേഗം കാലിയാകും. പക്ഷേ ഇക്കണോമി ക്ലാസില്‍ പറക്കാനാണു പദ്ധതിയെങ്കില്‍ ടിക്കറ്റ് നിരക്കു കുറയും. ഇവിടെ 7500 രൂപയ്ക്കു താഴെ വാടകയുള്ള ഹോട്ടലിലാണു താമസമെങ്കില്‍ ബില്ലില്‍ നേരിയ ഇളവു ലഭിക്കും.
https://www.facebook.com/Malayalivartha






















