അഗ്‌നിപര്‍വത സ്‌ഫോടനത്തില്‍ രക്ഷിക്കാനെത്തിയ ഹെലിക്കോപ്റ്റര്‍ തകര്‍ന്ന് 8 മരണം

ഇന്തൊനീഷ്യയില്‍ അഗ്‌നിപര്‍വതം പൊട്ടിത്തെറിച്ചതിനു സമീപം താമസിക്കുന്നവരെ രക്ഷിക്കാന്‍പോയ ഹെലിക്കോപ്റ്റര്‍ തകര്‍ന്നു വീണ് എട്ടുപേര്‍ മരിച്ചു. പ്രമുഖ വിനോദ സഞ്ചാര കേന്ദ്രമായ ദിയെങ് പ്ലേറ്റോയില്‍ അഗ്‌നിപര്‍വത സ്‌ഫോടനത്തെത്തുടര്‍ന്ന് 10 പേര്‍ക്കു പരുക്കേറ്റിരുന്നു. ഇവിടെ എത്തുന്നതിനു മൂന്നു മിനിറ്റ് മുന്‍പാണ് ഹെലിക്കോപ്റ്റര്‍ തകര്‍ന്നുവീണത്.
മധ്യ ജാവ പ്രവിശ്യയിലെ തെമാന്‍ഗുങ് ജില്ലയില്‍ ബുട്ടാക് മലയുടെ പാറയിലിടിച്ചാണ് ഹെലിക്കോപ്റ്റര്‍ തകര്‍ന്നത്. ഹെലിക്കോപ്റ്ററിലുണ്ടായിരുന്ന എല്ലാവരും കൊല്ലപ്പെട്ടതായി ദേശീയ സെര്‍ച്ച് ആന്‍ഡ് റെസ്‌ക്യൂ ഏജന്‍സി ഡപ്യൂട്ടി ഓപ്പറേഷന്‍സ് ചീഫ് മേജര്‍ ജനറല്‍ ഹെറോണിമസ് ഗുരു അറിയിച്ചു. നാല് നാവികരും നാല് രക്ഷപ്രവര്‍ത്തകരുമായിരുന്നു കോപ്റ്ററില്‍ ഉണ്ടായിരുന്നത്.
ഞായര്‍ രാവിലെ മുതലാണ് ദിയെങ് പ്ലേറ്റോയിലെ സിലെറി ക്രേറ്റര്‍ എന്ന അഗ്‌നിപര്‍വതത്തില്‍നിന്ന് തണുത്ത ലാവയും മണ്ണും പുകയും 50 മീറ്ററോളം ഉയരത്തിലേക്കു തെറിച്ചുവീഴാന്‍ തുടങ്ങിയത്. അപ്രതീക്ഷിതമായാണ് അഗ്‌നിപര്‍വം പൊട്ടിത്തെറിക്കാന്‍ തുടങ്ങിയത്. അപ്പോള്‍ 17 പോരോളം പ്രദേശത്തുണ്ടായിരുന്നു. പരുക്കേറ്റ 10 പേരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
https://www.facebook.com/Malayalivartha






















