ജാതിമത വ്യത്യാസമില്ലാതെ എല്ലാ വിവാഹങ്ങളും 30 ദിവസത്തിനകം രജിസ്റ്റര്‍ ചെയ്യുന്നത് നിര്‍ബന്ധമാക്കണമെന്ന് നിയമ കമീഷന്‍

ജാതിമത വ്യത്യാസമില്ലാതെ എല്ലാ വിവാഹങ്ങളും 30 ദിവസത്തിനുള്ളില്‍ രജിസ്റ്റര്‍ ചെയ്യുന്നത് നിര്‍ബന്ധമാക്കി കേന്ദ്രസര്‍ക്കാര്‍ നിയമം കൊണ്ടുവരണമെന്ന് നിയമ കമീഷന്‍. വിവാഹ രജിസ്‌ട്രേഷന് ഏകീകൃതനിയമം കൊണ്ടുവരേണ്ടത് അനിവാര്യമാണെന്ന് നിയമ മന്ത്രാലയത്തിന് കമീഷന്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു. നിര്‍ദിഷ്ട സമയപരിധിക്കുശേഷം രജിട്രേഷന്‍ നടത്താത്തവര്‍ക്കും തെറ്റായ വിവരം നല്‍കുന്നവര്‍ക്കും പിഴ ചുമത്തണമെന്നും റിപ്പോര്‍ട്ട് നിര്‍ദേശിക്കുന്നു.
ശൈശവവിവാഹവും നിര്‍ബന്ധിത വിവാഹവും തടയാന്‍ രജിസ്‌ട്രേഷന്‍ നിര്‍ബന്ധമാക്കുന്നതിലൂടെ സാധിക്കും. വിവാഹത്തട്ടിപ്പും ഔദ്യോഗികരേഖകളുടെ അഭാവത്തില്‍ ഭാര്യയെ ഒഴിവാക്കുന്നതും ഇതുവഴി തടയാനാകും.
പുതിയ നിയമം ലിംഗസമത്വം ഉറപ്പാക്കുമെന്നും സ്ത്രീശാക്തീകരണത്തിന് സഹായമാകുമെന്നും റിപ്പോര്‍ട്ട് പറയുന്നു. രജിസ്‌ട്രേഷനില്‍ വീഴ്ചവരുത്തുന്നവര്‍ക്ക് ദിവസം കണക്കാക്കി പിഴ ഈടാക്കണമെന്നും നിര്‍ദേശമുണ്ട്. 1969ലെ ജനനമരണ രജിസ്‌ട്രേഷന്‍ നിയമം ഭേദഗതി ചെയ്ത് നിര്‍ബന്ധിത വിവാഹ രജിസ്‌ട്രേഷന്‍ ഉറപ്പാക്കാം. വിവാഹവുമായി ബന്ധപ്പെട്ട വ്യക്തിനിയമങ്ങള്‍ ഇതിനായി ഭേദഗതി ചെയ്യേണ്ടതില്ലെന്നും നിയമ കമീഷന്‍ വ്യക്തമാക്കി.
വിവാഹത്തിനുശേഷം ഭാര്യയെയും കുട്ടികളെയും ഒഴിവാക്കുന്നത് തടയാന്‍ സാധുവായ രജിസ്‌ട്രേഷന്‍ ഉറപ്പാക്കണമെന്ന് സുപ്രീംകോടതി ചൂണ്ടിക്കാട്ടിയിട്ടുണ്ടെന്ന് റിപ്പോര്‍ട്ട് പറയുന്നു. ജാതിമത വ്യത്യാസമില്ലാതെ രാജ്യത്ത് നടക്കുന്ന എല്ലാ വിവാഹങ്ങളും അതത് സംസ്ഥാനത്ത് രജിസ്റ്റര്‍ ചെയ്യണമെന്ന് കോടതി നിര്‍ദേശിച്ചിരുന്നു. സുപ്രീംകോടതി നിര്‍ദേശത്തെതുടര്‍ന്ന് 2012ല്‍ ഇതുസംബന്ധിച്ച ഒരു ബില്‍ പാര്‍ലമെന്റില്‍ വച്ചിരുന്നു.
https://www.facebook.com/Malayalivartha























