ഗംഗയും യമുനയും വ്യക്തികളല്ല; ഹൈക്കോടതി വിധി സുപ്രീംകോടതി സ്‌റ്റേ ചെയ്തു

പുണ്യനദികളായ ഗംഗയ്ക്കും യമുനയ്ക്കും നിയമപരമായി മനുഷ്യതുല്യമായ പദവി നല്‍കിക്കൊണ്ട് ഉത്തരാഖണ്ഡ് ഹൈക്കോടതി പുറപ്പെടുവിച്ച വിധി സുപ്രീംകോടതി സ്‌റ്റേ ചെയ്തു. ഹൈക്കോടതിയില്‍ നിന്ന് ഇത്തരമൊരു വിധി ഉണ്ടാവുന്നതിനായി ഹര്‍ജി നല്‍കിയ ഹരിദ്വാര്‍ സ്വദേശിയായ മുഹമ്മദ് സലീന് നോട്ടീസ് അയയ്ക്കാനും കോടതി നിര്‍ദ്ദേശിച്ചു. രണ്ട് നദികളും നേരിടുന്ന നിലനില്‍പ് ഭീഷണി കണക്കിലെടുത്താണ് ജസ്റ്റിസുമാരായ രാജീവ് ശര്‍മ്മ, അലോക് സിംഗ് എന്നിവര്‍ ഉള്‍പ്പെട്ട ബെഞ്ച് കഴിഞ്ഞ മാസം ചരിത്രപരമായ വിധി പുറപ്പെടുവിച്ചത്. ഇതോടെ ഒരു പൗരന് ഭരണഘടന നല്‍കുന്ന എല്ലാ അവകാശങ്ങളും ഈ നദികള്‍ക്കും ലഭ്യമാകുന്ന സ്ഥിതി ഉണ്ടായിരുന്നു.
എന്നാല്‍, വിധി അപ്രായോഗികമാണെന്ന് ചൂണ്ടിക്കാട്ടി ഉത്തരാഖണ്ഡ് സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിക്കുകയായിരുന്നു. ഹൈക്കോടതി വിധി ദൂരവ്യാപകമായ പ്രത്യാഘാതങ്ങളും നിയമപ്രശ്‌നങ്ങള്‍ക്കും വഴിവയ്ക്കുന്നതാണെന്ന് സര്‍ക്കാര്‍ കോടതിയില്‍ വാദിച്ചു. നദികള്‍ പല സംസ്ഥാനങ്ങളിലൂടെ ഒഴുകുന്നവയാണ്. അതിനാല്‍ തന്നെ അവയുടെ സംരക്ഷണത്തിന് പൊതുനയം രൂപീകരിക്കേണ്ടത് കേന്ദ്ര സര്‍ക്കാരിന്റെ ഉത്തരവാദിത്തമാണ്. ഗംഗ-യമുന നദികളും അവയുടെ കൈവഴികളും ഇന്ത്യയിലെ ജനങ്ങളുടെ ജീവിതത്തേയും സമൂഹത്തിന്റേയും ഭാഗമാണ്. എന്നാല്‍, സമൂഹത്തിലെ വിശ്വാസം സംരക്ഷിക്കുകയെന്ന ഏകകാരണം പറഞ്ഞ് നദികള്‍ക്ക് മനുഷ്യതുല്യമായ പദവി നല്‍കുന്നത് അംഗീകരിക്കാനാവില്ലെന്ന് സര്‍ക്കാര്‍ കോടതിയില്‍ ചൂണ്ടിക്കാട്ടി.
ഗംഗ, യമുന നദികള്‍ മാത്രമല്ല, അവയുടെ പോഷക നദികളും അരുവികളും നിയമപരമായി വ്യക്തിത്വമുള്ളവ ആയിരിക്കുമെന്നും ഉത്തരാഖണ്ഡ് ഹൈക്കോടതി വിധിന്യായത്തില്‍ പറഞ്ഞിരുന്നു. ജലസേചനം, നഗരങ്ങളിലേക്കും ഗ്രാമങ്ങളിലേക്കുമുള്ള ജലവിതരണം, ജലവൈദ്യുതി ഉത്പാദനം തുടങ്ങിയവയ്ക്കായി ഗംഗ മാനേജ്‌മെന്റ് ബോര്‍ഡ് രൂപീകരിക്കാനും കോടതി ഉത്തരവിട്ടിരുന്നു.
ഹൈന്ദവ വിശ്വാസപ്രകാരം ഗംഗയില്‍ മുങ്ങിയാല്‍ പാപമോചനം നേടാം. ഇന്ത്യയിലെ ജനസംഖ്യയുടെ പുകുതിയിലേറെ നിലനില്‍ക്കുന്നത് ഈ നദികളെ ആശ്രയിച്ചാണ്. രണ്ട് നദികളും ജീവിക്കുകയും ശ്വസിക്കുകയും ചെയ്യുന്നു. പര്‍വതം മുതല്‍ സമുദ്രം വരെയുള്ള സമൂഹങ്ങളെ ഈ നദികള്‍ നിലനിറുത്തുന്നതായും വിധിയില്‍ ഹൈക്കോടതി പറഞ്ഞിരുന്നു.
https://www.facebook.com/Malayalivartha























