പാക് പ്രധാനമന്ത്രി നവാസ് ഷെരീഫിനെ അയോഗ്യനാക്കി സുപ്രീം കോടതി; ഷെരീഫിനെതിരെ ക്രിമിനല്‍ കേസെടുക്കും, ഉടന്‍ രാജി വയ്ക്കണമെന്ന് കോടതി ഉത്തരവ്

പനാമ അഴിമതിക്കേസില്‍ പാക് പ്രധാനമന്ത്രി നവാസ് ഷെരീഫിനെ അയോഗ്യനാക്കി പാക് സുപ്രീം കോടതി ഉത്തരവ്. ഷെരീഫിനെതിരെ ക്രീമിനല്‍ കേസെടുക്കും. ഷെരീഫ് ഉടന്‍ രാജിവെക്കണമെന്നും കോടതി വ്യക്തമാക്കി. ഷെരീഫിനും കുടുംബത്തിനും എതിരെ കേസെടുത്ത് വിചാരണ നടത്തും. ഷെരീഫും കുടുംബവും അനധികൃത സ്വത്ത് സമ്പാദിച്ചെന്ന് അന്വേഷണ റിപ്പോര്‍ട്ട് കോടതി ശരിവെച്ചു.
അഞ്ചംഗ ബെഞ്ച് ഏകകണ്ഠമായാണ് വിധി പ്രസ്താവിച്ചത്. തൊണ്ണൂറുകളില്‍ പ്രധാനമന്ത്രിയായിരിക്കെ മൊസാക് ഫൊന്‍സേക എന്ന നിയമസഹായ സ്ഥാപനം വഴി ലണ്ടനില്‍ നവാസ് ഷെരീഫീന്റെ കുടുംബം സ്വത്തുക്കള്‍ വാങ്ങികൂട്ടിയെന്ന പനാമ രേഖകള്‍ പുറത്ത് വന്നതിനെ തുടര്‍ന്നാണ് ഷെരീഫിനെതിരെ കേസെടുത്തത്.
കളളപ്പണ ഇടപാട് നടത്തിയില്ലെന്ന് പ്രധാനമന്ത്രി രാജ്യത്തെ തെറ്റിദ്ധരിപ്പിച്ചുവെന്നാണ് പരാതി. ഷെരീഫ് കുറ്റക്കാരനാണെന്ന് വിധി വന്നതിനെ തുടര്‍ന്ന് പാകിസ്താന്‍ ഉപതെരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കേണ്ടി വരും.
ഷെരീഫിനെതിരെ കേസെടുക്കമെന്നും പ്രധാനമന്ത്രി സ്ഥാനത്തു നിന്നു അയോഗ്യനാക്കണമെന്നും ആവശ്യപ്പെട്ട് മുന്‍ ക്രിക്കറ്റ് താരവും പാകിസ്ഥാന്‍ തെഹ്രീക് ഇ ഇന്‍സാഫ് നേതാവുമായ ഇമ്രാന്‍ ഖാനാണ് പരാതി നല്‍കിയത്. സുപ്രീം കോടതി നിര്‍ദേശ പ്രകാരം കേസ് അന്വേഷിച്ച സംയുക്ത സമിതിയുടെ റിപ്പോര്‍ട്ട് ഈ മാസം പത്തിന് കോടതിയില്‍ സമര്‍പ്പിച്ചിരുന്നു.
പ്രധാനമന്ത്രിയുടെയും കുടുംബത്തിന്റെയും വരവുചെലവു കണക്കുകളില്‍ വന്‍ പൊരുത്തക്കേടുണ്ടെന്നും ഇതിനെക്കുറിച്ചുള്ള കണക്കുകള്‍ സമര്‍പ്പിക്കുന്നതില്‍ ഷെരീഫ് പരാജയപ്പെട്ടെന്നും റിപ്പോര്‍ട്ടിലുണ്ട്.
ഷെരീഫിന്റെയും കുടുംബത്തിന്റേയും സാമ്പത്തിക ഇടപാടുകള്‍ സംശയകരമാണെന്ന് സംയുക്ത അന്വേഷണസംഘം സുപ്രീംകോടതിയെ അറിയിച്ചു. ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലുള്ള വാദം കേള്‍ക്കല്‍ 22 നു പൂര്‍ത്തിയായി.
നവാസ് ഷെരീഫിനെയും മൂന്നു മക്കള്‍ ഉള്‍പ്പെടെ എട്ടു കുടുംബാംഗങ്ങളെയും അന്വേഷണ സംഘം ചോദ്യം ചെയ്തിരുന്നു. പ്രധാനമന്ത്രി രാജി വയ്ക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടെങ്കിലും അന്വേഷണസംഘം സമര്‍പ്പിച്ച റിപ്പോര്‍ട്ട് വെറും ആരോപണങ്ങളും അനുമാനങ്ങളുമാണെന്നായിരുന്നു ഷെരീഫിന്റെ നിലപാട്. നവാസ് ഷരീഫിനെ കുറ്റക്കാരനെന്ന് കോടതി വിധിച്ചാല്‍ അദ്ദേഹത്തിന് പകരം ഇളയ സഹോദരന്‍ ഷെഹബാസ് ഷെരീഫിനെ പ്രധാനമന്ത്രിയാക്കാനാണ് പി എം എല്‍ എന്‍ പാര്‍ട്ടിയുടെ നീക്കം.
https://www.facebook.com/Malayalivartha

























