മാനഭംഗത്തിനിരയായ പത്തു വയസുകാരിക്ക് ഗര്‍ഭച്ഛിദ്രത്തിന് അനുമതി നല്‍കണമെന്ന് ആവശ്യപ്പെട്ട പൊതുതാത്പര്യ ഹര്‍ജി സുപ്രീം കോടതി തള്ളി

മാനഭംഗത്തിനിരയായ പത്തു വയസുകാരിക്ക് ഗര്‍ഭച്ഛിദ്രത്തിന് അനുമതി നല്‍കണമെന്ന് ആവശ്യപ്പെട്ട പൊതുതാത്പര്യ ഹര്‍ജി സുപ്രീം കോടതി തള്ളി. 32 ആഴ്ച പ്രായമായ ഭ്രൂണം ഇല്ലാതാക്കുന്നത് അമ്മയ്ക്കും അപകടമുണ്ടാക്കാന്‍ സാധ്യതയുണ്ടെന്ന മെഡിക്കല്‍ പാനലിന്റെ റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് ഹര്‍ജി തള്ളിയത്. ചണ്ഡിഗഡ് പിജിഐ മെഡിക്കല്‍ ഇന്‍സ്റ്റിറ്റിയൂട്ടിലെ വിദഗ്ധ ഡോക്ടര്‍മാരാണ് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയത്.
ചീഫ് ജസ്റ്റീസ് ജെ.എസ്. ഖെഹാര്‍, ജസ്റ്റീസ് ഡി.വൈ ചന്ദ്രചൂഡ് എന്നിവരുടെ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്. ഗര്‍ഭച്ഛിദ്രം അനുവദനീയമായ കാലയളവ് പെണ്‍കുട്ടി പിന്നിട്ടതായി കോടതി നിരീക്ഷിച്ചു. ഗര്‍ഭച്ഛിദ്രത്തിന് അനുമതി തേടിയുള്ള ഹര്‍ജി ചണ്ഡിഗഡിലെ ജില്ലാകോടതി തള്ളിയതിനെത്തുടര്‍ന്നാണ് പെണ്‍കുട്ടിയുടെ അഭിഭാഷകര്‍ സുപ്രീം കോടതിയെ സമീപിച്ചത്. അന്ന് 23 ആഴ്ച മാത്രമായിരുന്നു ഭ്രൂണത്തിന്റെ വളര്‍ച്ച.
മെഡിക്കല്‍ ടെര്‍മിനേഷന്‍ ഓഫ് പ്രെഗ്‌നന്‍സി ആക്ട് പ്രകാരം 20 ആഴ്ച വളര്‍ച്ചയുള്ള ഭ്രൂണംവരെ അലസിപ്പിക്കാന്‍ അനുവാദം നല്‍കും. എന്നാല്‍ ബലാത്സംഗത്തിനിരയായവര്‍ ഗര്‍ഭം അലസിപ്പിക്കാന്‍ അനുമതി നല്‍കണമെന്ന് ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചാല്‍ സുപ്രീം കോടതിക്ക് നിയമപ്രകാരമുള്ള കാലാവധി കണക്കിലെടുക്കാതെ ഗര്‍ഭച്ഛിദ്രത്തിന് അനുമതി നല്‍കാവുന്നതാണ്.
https://www.facebook.com/Malayalivartha

























