ഭാര്യയ്ക്ക് വിലകൂടിയ സാരി സമ്മാനിക്കാൻ മോഹിച്ച് മോഷണം ; അദ്ധ്യാപകൻ അറസ്റ്റിൽ

ഭാര്യയ്ക്ക് ഉത്സവത്തിന് പോകാനായി വിലകൂടിയ സാരികൾ അടിച്ചുമാറ്റിയ അദ്ധ്യാപകൻ കുടുങ്ങി. ഛത്തീസ്ഗഡിലെ ബിലാസ്പൂർ ജില്ലയിൽ കഴിഞ്ഞദിവസമാണ് സംഭവം. പ്രൈമറി സ്കൂളിൽ ദിവസവേതനാടിസ്ഥാനത്തിൽ ജോലിചെയ്യുന്ന ഇരുപത്താറുകാരൻ ശ്രീകാന്ത് ഗുപ്തയാണ് പിടിയിലായത്. 56,000 രൂപ വിലയുള്ള രണ്ട് സാരികളാണ് അടിച്ചുമാറ്റിയത്. ബന്ധുവായ ഒരാളും പിടിയിലായിട്ടുണ്ട്.ഭാര്യ വിലകൂടിയ സാരിയുടുത്ത് മറ്റുസ്ത്രീകളുടെ മുന്നിൽ തിളങ്ങണമെന്ന ആഗ്രഹത്താലാണ് മോഷണം നടത്തിയതെന്നാണ് ശ്രീകാന്ത് പൊലീസിനോട് പറഞ്ഞത്. വെറും 2500 രൂപ മാത്രമായിരുന്നു ശ്രീകാന്തിന്റെ മാസവരുമാനം. ശമ്പളത്തിൽ നിന്ന് മിച്ചംപിടിച്ച് ഭാര്യയ്ക്ക് സാരിവാങ്ങാൻ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. പണം സംഘടിപ്പിക്കാൻ മറ്റുചില വഴികൾകൂടി നോക്കിയെങ്കിലും വിജയിച്ചില്ല. തുടർന്നാണ് മോഷണം നടത്താനുറച്ചത്. ബന്ധുവിന്റെ സഹായവും തേടി. ബിലാസ്പൂരിലെ തുണിക്കടയിൽ സാരികൾ വാങ്ങാനെന്ന വ്യാജേന എത്തി മോഷണം നടത്തുകയായിരുന്നു.കടയുടമ നൽകിയ പരാതിയെ തുടർന്നാണ് പൊലീസ് അന്വേഷണം നടത്തിയത്. സി.സി.ടി.വി ദൃശ്യങ്ങളും ഉടമ പൊലീസിന് നൽകി. അന്വേഷണത്തിന്റെ ഭാഗമായി ദൃശ്യങ്ങൾ പൊലീസ് പുറത്തുവിട്ടു.കഴിഞ്ഞദിവസം പൊലീസിന് ലഭിച്ച ഒരു വീഡിയോ ആണ് കേസിൽ നിർണായകമായത്. മോഷണം പോയതുപോലുള്ള സാരിയുടുത്ത് പ്രാദേശിക ഉത്സവത്തിൽ പങ്കെടുക്കുന്ന സ്ത്രീയുടെ വീഡിയോയായിരുന്നു അത്. തുടർന്ന് നടത്തിയ അന്വേഷണത്തിൽ കാര്യങ്ങൾ വ്യക്തമായി. ശ്രീകാന്ത് സമ്മാനമായി നൽകിയതാണ് സാരി എന്നാണ് യുവതി പൊലീസിനോട് പറഞ്ഞത്. ചോദ്യംചെയ്തതോടെ അയാൾ എല്ലാം ഏറ്റു.
https://www.facebook.com/Malayalivartha

























