ഉത്തരേന്ത്യ കലാപത്തിൽ ; ജീവൻ നഷ്ടപ്പെട്ടത് 28 പേർക്ക്

ബലാത്സംഗക്കേസിൽ ദേരാ സച്ചാ സൗധ നേതാവ് ഗുർമീത് റാം റഹീം സിംഗ് കുറ്റക്കാരനാണെന്ന് കോടതി പ്രഖ്യാപിച്ചതിന് പിന്നാലെ പൊട്ടിപ്പുറപ്പെട്ട കലാപത്തിൽ മരണം 28 ആയി. ദേശീയ മാധ്യമങ്ങളാണ് മരണസംഖ്യ സംബന്ധിച്ച് റിപ്പോർട്ട് ചെയ്തത്. നിരവധി പേർക്ക് ഏറ്റുമുട്ടലിൽ പരിക്കേറ്റിട്ടുണ്ട്.
വിധി പ്രസ്താവം വന്നതിനുപിന്നാലെ ഗുർമീത് റാം റഹീം അനൂകൂലികൾ പൊലീസ് സ്റ്റേഷനും റെയിൽവേ സ്റ്റേഷനും തീയിട്ടു. ഹരിയാനയിലും പഞ്ചാബിലും ഡൽഹിയിലും ഉത്തർപ്രദേശിലും റാം റഹീം അനുകൂലികൾ കലാപമുണ്ടാക്കുകയാണ്. കോടതി പരിസരത്ത് മാധ്യമ പ്രവർത്തകർക്കു നേരെ ആക്രമം ഉണ്ടായി. ദേശീയ ചാനലുകളുടെ മൂന്ന് ഒബി വാനുകൾ (തത്സമയ ദൃശ്യങ്ങൾ നൽകുന്ന വാഹനം) അഗ്നിക്കിരയാക്കി.
ഇതു കൂടാതെ നൂറുകണക്കിന് വാഹനങ്ങൾക്കും തീയിട്ടു. സൈന്യം നിരവധി തവണ കണ്ണീർവാതകം പ്രയോഗിച്ചു. ഗുർമീതിന്റെ അനുയായികളുള്ള പ്രദേശങ്ങളിൽ സുരക്ഷ വർധിപ്പിച്ചതായും സ്ഥിതിഗതികൾ നിയന്ത്രണത്തിലാണെന്നും പോലീസ് പറയുന്നു.പഞ്ചഗുല സിബിഐ കോടതിയാണ് ഗുർമീത് കുറ്റക്കാരാണെന്ന വിധി പ്രസ്താവിച്ചത്. ഇയാൾക്കുള്ള ശിക്ഷ കോടതി തിങ്കളാഴ്ച പ്രഖ്യാപിക്കും. സുരക്ഷ നടപടികൾ കണക്കിലെടുത്ത് റാം റഹീമിനെ സൈനിക കേന്ദ്രത്തിലേക്കു മാറ്റിയിരിക്കുകയാണ്.
15 വർഷം മുന്പ് ഗുർമീതിന്റെ അനുയായിയായ ഒരു സ്ത്രീ നൽകിയ പരാതിയിലാണ് ഇയാൾക്കെതിരെ ബലാത്സംഗ കുറ്റം ചുമത്തിയത്. പരാതിക്കാരിയായ സ്ത്രീ അന്ന് പ്രധാനമന്ത്രിയായിരുന്ന എ.ബി.വാജ്പേയ്, ചണ്ഡിഗഡ് ഹൈക്കോടതി ചീഫ് ജസ്റ്റീസ് എന്നിവർക്ക് പരാതി നൽകിയിരുന്നു. തുടർന്നാണ് സ്വയം പ്രഖ്യാപിത ആൾ ദൈവത്തിനെതിരേ അന്വേഷണമുണ്ടായത്.
https://www.facebook.com/Malayalivartha
























