ഗുര്‍മീത് റാം റഹിം മാനഭംഗക്കേസ്: ഹരിയാന സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി

ദേര സച്ചാ സൗദ മേധാവി ഗുര്‍മീത് റാം റഹിം മാനഭംഗക്കേസില്‍ കുറ്റക്കാരനെന്നു കോടതി കണ്ടെത്തിയതോടെ അനുയായികള്‍ കലാപം അഴിച്ചുവിട്ടതില്‍ ഹരിയാന സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ചു ഹൈക്കോടതി. ആക്രമണങ്ങള്‍ നിയന്ത്രിക്കുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടെന്നു ഹൈക്കോടതി ചൂണ്ടിക്കാട്ടി. നാട് കത്തിയെരിയുമ്പോള്‍ മുഖ്യമന്ത്രി മനോഹര്‍ലാല്‍ ഖട്ടര്‍ കയ്യും കെട്ടിയിരുന്നു എന്നാണു പഞ്ചാബ്, ഹരിയാന ഹൈക്കോടതി പറഞ്ഞത്.
കലാപത്തിന്റെ പശ്ചാത്തലത്തില്‍ ഹരിയാന മുഖ്യമന്ത്രിയെ കേന്ദ്രസര്‍ക്കാര്‍ ഡല്‍ഹിക്കു വിളിപ്പിച്ചതിനു പിന്നാലെയാണു ഹൈക്കോടതിയുടെ വിമര്‍ശനം. കലാപം അടിച്ചമര്‍ത്തുന്നതില്‍ പരാജയപ്പെട്ട ഹരിയാന സര്‍ക്കാര്‍ അക്രമികള്‍ക്കു കീഴടങ്ങിയോ എന്നും ഹൈക്കോടതി ചോദിച്ചു. മുഖ്യമന്ത്രിക്ക് എങ്ങനെയാണു കാര്യങ്ങളക്കുറിച്ചു ബോധ്യമില്ലാതിരിക്കുന്നതെന്നും കോടതി രൂക്ഷഭാഷയില്‍ ചോദിച്ചു.
അതിനിടെ, ദേര സച്ചാ സൗദയുടെ ഹരിയാനയിലെ ആസ്ഥാനത്തിന്റെ നിയന്ത്രണം സൈന്യം ഏറ്റെടുത്തു. റാം റഹിമിന്റെ അനുയായികളെ സംഘര്‍ഷമേഖലയില്‍നിന്ന് ഒഴിപ്പിക്കാനുള്ള നടപടി പുരോഗമിക്കുകയാണ്. ഒരു ലക്ഷത്തോളം അനുയായികള്‍ തമ്പടിച്ചിരിക്കുന്ന സിര്‍സയിലെ ആസ്ഥാനത്തു സൈന്യവും ദ്രുതകര്‍മസേനയും അക്രമം നേരിടാനുള്ള പൂര്‍ണസന്നാഹങ്ങളുമായി രംഗത്തുണ്ട്. അനുയായികളെ ഒഴിപ്പിച്ചശേഷം, കുരുക്ഷേത്രയിലെ ഒന്‍പത് ആശ്രമങ്ങള്‍ ജില്ലാ ഭരണകൂടവും പൊലീസും ചേര്‍ന്ന് അടച്ചുപൂട്ടി. ഇവിടെനിന്നു മാരാകായുധങ്ങള്‍ പിടിച്ചെടുത്തു.
ആഭ്യന്തരമന്ത്രി രാജ് നാഥ് സിങ്ങിന്റെ നേതൃത്വത്തില്‍ ഡല്‍ഹിയില്‍ ഉന്നതതലയോഗം ചേര്‍ന്നു സ്ഥിതിഗതികള്‍ വിലയിരുത്തി. പ്രതിരോധമന്ത്രി അരുണ്‍ ജയ്റ്റ്‌ലി, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ തുടങ്ങിയവരും യോഗത്തില്‍ പങ്കെടുത്തു. ആക്രമണങ്ങളുണ്ടായ അഞ്ച് സംസ്ഥാനങ്ങളിലെ സ്ഥിതി വിലയിരുത്തി. പ്രധാനമന്ത്രി റിപ്പോര്‍ട്ട് ആവശ്യപ്പെട്ടതിനെത്തുടര്‍ന്നാണ് ആഭ്യന്തരമന്ത്രി യോഗം വിളിച്ചത്. 31 പേര്‍ കൊല്ലപ്പെടുകയും ആയിരത്തിലധികം പേര്‍ക്കു പരുക്കേല്‍ക്കുകയും ചെയ്ത കലാപത്തിന്റെ ആശങ്ക ഇനിയും ഒഴിഞ്ഞുമാറിയിട്ടില്ല. പഞ്ച്കുളയില്‍ 29 പേരും സിര്‍സയില്‍ രണ്ടുപേരുമാണ് മരിച്ചതെന്നു പഞ്ച്കുള കണ്‍ട്രോള്‍ റൂം ഔദ്യോഗികമായി അറിയിച്ചു.

പഞ്ച്കുളയിലെ സുരക്ഷാവീഴ്ചയുടെ പേരില്‍ ഡപ്യൂട്ടി പൊലീസ് കമ്മിഷണര്‍ അശോക് കുമാറിനെ സസ്‌പെന്‍ഡ് ചെയ്തു. ശിക്ഷ പ്രഖ്യാപിക്കുന്ന തിങ്കളാഴ്ച വീണ്ടും കലാപമുണ്ടായേക്കാമെന്ന വിവരത്തെതുടര്‍ന്നു ശക്തമായ സൈനിക, അര്‍ധസൈനിക വിഭാഗങ്ങളുടെ സുരക്ഷ ഒരുക്കാന്‍ കേന്ദ്ര - സംസ്ഥാന സര്‍ക്കാരുകള്‍ തീരുമാനിച്ചു. അതിനിടെ, മുഖ്യമന്ത്രി മനോഹര്‍ലാല്‍ ഖട്ടറിന്റെ രാജിക്കുവേണ്ടിയുള്ള മുറവിളിയും ശക്തമായി. സംസ്ഥാനത്തിന്റെ ചുമതലയുള്ള കൈലാഷ് വിജയ്‌വര്‍ഗിയ ഡല്‍ഹിയിലെത്തി ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായുമായി കൂടിക്കാഴ്ച നടത്തി.

ഹരിയാനയിലെയും പഞ്ചാബിലെയും പ്രശ്‌നബാധിത പ്രദേശങ്ങളില്‍ റോഡ് ഗതാഗതം പൂര്‍ണതോതില്‍ പുനഃസ്ഥാപിക്കാന്‍ കഴിഞ്ഞിട്ടില്ല. കര്‍ഫ്യൂവില്‍ ഇളവു കൊണ്ടുവന്നിട്ടുണ്ട്. എല്ലായിടത്തും പൊലീസ് പിക്കറ്റുകള്‍ ഏര്‍പ്പെടുത്തി. ദ്രുതകര്‍മസേനയും അര്‍ധസൈനികരും റോന്തുചുറ്റുന്നുണ്ട്. ഹരിയാന, പഞ്ചാബ് എന്നീ സംസ്ഥാനങ്ങളിലൂടെ കടന്നുപോകുന്ന ഏഴു ട്രെയിനുകള്‍ വെസ്‌റ്റേണ്‍ റെയില്‍വേ റദ്ദാക്കി. ഇരു സംസ്ഥാനങ്ങളിലെയും സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് ഓഗസ്റ്റ് 24 മുതല്‍ ഇതുവരെ 600ല്‍ അധികം ട്രെയിനുകളാണ് റദ്ദാക്കിയത്. ജയിലില്‍ റാം റഹിമിന് മിനറല്‍ വാട്ടറും സഹായിയും നല്‍കി വിഐപി പരിഗണനയെന്ന വാര്‍ത്തകള്‍ ഹരിയാന ജയില്‍മേധാവി കെ.പി.സിങ് തള്ളി. സുനൈറ ജയിലിലാണ് റാം റഹിം ഇപ്പോഴുള്ളത്. കലാപസാധ്യത അടിച്ചമര്‍ത്താന്‍ സിര്‍സയില്‍ ഇന്നു രാവിലെ സൈന്യം മാര്‍ച്ച് നടത്തി.
https://www.facebook.com/Malayalivartha
























