പശു മോഷ്ടാക്കളെന്നാരോപിച്ച് യുവാക്കളെ നാട്ടുകാർ തല്ലിക്കൊന്നു

പശുവിന്റെ പേരിൽ വീണ്ടും ആൾക്കൂട്ട കൊലപാതകം. പശുവിനെ മോഷ്ടിക്കാൻ ശ്രമിച്ചെന്നാരോപിച്ച് യുവാക്കളെ ഗ്രാമവാസികൾ ക്രൂരമായി മർദിച്ചു കൊലപ്പെടുത്തി. പശ്ചിമബംഗാളിലെ ജൽപൈഗുരി ജില്ലയിൽ ഞായറാഴ്ച പുലർച്ചെ രണ്ടിനും മൂന്നിനും ഇടയിലായിരുന്നു സംഭവം.
ആസാമിൽനിന്നുള്ള യുവാവും ബംഗാളിലെ കൂച്ച്ബിഹാറിൽനിന്നുള്ള യുവാവുമാണ് കൊല്ലപ്പെട്ടതെന്നാണു സൂചന. മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിനയച്ചതായും അന്വേഷണം ആരംഭിച്ചതായും ജൽപൈഗുരി പോലീസ് മേധാവി അറിയിച്ചു. പിക്കപ്പ് വാനുമായായിരുന്നു കൊല്ലപ്പെട്ടവർ യാത്ര ചെയ്തിരുന്നത്. ഇവരുടെ വാഹനത്തിൽ ഏഴു പശുക്കളുണ്ടായിരുന്നു. വാഹനത്തിന്റെ ശബ്ദം കേട്ടു പുറത്തിറങ്ങിയ നാട്ടുകാർ മോഷ്ടാക്കളെന്നാരോപിച്ച് യുവാക്കളെ മർദിക്കുകയായിരുന്നു.
വാഹനത്തിന്റെ ഡ്രൈവർ ഓടി രക്ഷപ്പെട്ടു. കൊല്ലപ്പെട്ടവർ പശു മോഷ്ടാക്കളാണോ വ്യാപാരികളാണോ എന്നു സ്ഥിരീകരിക്കാൻ കഴിഞ്ഞിട്ടില്ലെന്നു പോലീസ് പറഞ്ഞു. ജൂണിൽ സമാനമായ സംഭവത്തിൽ മൂന്നു മുസ്ലിം യുവാക്കൾ നാട്ടുകാരുടെ മർദനത്തിനിരയായി കൊല്ലപ്പെട്ടിരുന്നു.
https://www.facebook.com/Malayalivartha
























