എയര്‍ഇന്ത്യ വിമാനം എലി കാരണം വൈകിയത് ഒന്‍പത് മണിക്കൂര്‍

ഇന്നലെ പുലര്‍ച്ചെ ദില്ലിയില്‍ നിന്ന് സാന്‍ഫ്രാന്‍സിസ്കോയിലേക്ക് പുറപ്പെടേണ്ടിയിരുന്ന എയര്‍ ഇന്ത്യ വിമാനം നിസ്സാരനായ ഒരു എലിയെ കാരണം ഒന്‍പത് മണിക്കൂറാണ് വൈകിയത്. 206 യാത്രക്കാരും ജീവനക്കാരുമായി ബോയിങ് 777 വിഭാഗത്തിലെ വിമാനം ദില്ലി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് പുറപ്പെടാന്‍ നേരത്താണ് എലിയെക്കണ്ടത്. തുടര്‍ന്ന് സുരക്ഷാ ചട്ടങ്ങള്‍ പ്രകാരം വിമാനത്തില്‍ നിന്ന് ആളെയിറക്കിയ ശേഷം എലിയെ പുകച്ച് പുറത്തുചാടിച്ച ശേഷമാണ് യാത്ര തുടരാനായത്. പുലര്‍ച്ചെ 2.30ന് പുറപ്പെടേണ്ടിയിരുന്ന വിമാനം ഒന്‍പത് മണിക്കൂര്‍ വൈകിയാണ് അമേരിക്കയിലേക്ക് പറന്നത്.
പുറപ്പെടാനായി റണ്‍വേയിലേക്ക് വിമാനം കൊണ്ടുവരുന്നതിനിടെയാണ് എലിയെ കണ്ടത്. തുടര്‍ന്ന് വിമാനം തിരികെയെത്തിച്ച് യാത്രക്കാരെയെല്ലാം പുറത്തിറക്കി. ശേഷം എലിയെ പുറത്തിറക്കാനായി വിമാനം പുകച്ചു. ആറ് മണിക്കൂര്‍ സമയമെടുത്തായിരുന്നു ഇത് പൂര്‍ത്തിയാക്കിയത്. വിമാന ജീവനക്കാരുടെ ഡ്യൂട്ടി സമയത്തിന് കര്‍ശന നിയന്ത്രണമുള്ളതിനാല്‍ പകരം ജീവനക്കാരെ കണ്ടെത്താനാണ് പിന്നീട് മൂന്ന് മണിക്കൂര്‍ കൂടി വൈകിയത്. സംഭവത്തെക്കുറിച്ച് എയര്‍ ഇന്ത്യയുടെ പുതുതായി ചുമതലയേറ്റ മാനേജിങ് ഡയറക്ടര്‍ രാജീവ് ബന്‍സാല്‍ റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്.
https://www.facebook.com/Malayalivartha
























