മുത്തലാഖ് ബിൽ പാസാക്കി; പ്രതിപക്ഷത്തിന്റെ ഭേദഗതി നിർദേശങ്ങൾ വോട്ടിനിട്ട് തള്ളി

മുത്തലാഖ് ക്രിമിനല്‍ കുറ്റമാക്കുന്ന ബില്‍ ലോക്സഭ പാസാക്കി. പ്രതിപക്ഷത്തിന്റെ ഭേദഗതി നിര്‍ദേശങ്ങള്‍ വോട്ടിനിട്ട് തള്ളിയാണ് ബില്‍ പാസാക്കിയത്. മുത്തലാഖ് നിമയവിരുദ്ധമാക്കിയ സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തിലാണ് മുത്തലാഖ് ക്രിമിനല്‍ കുറ്റമാക്കുന്ന ബില്‍ ലോക്സഭയില്‍ ബിജെപി സര്‍ക്കാര്‍ പാസ്സാക്കിയത്. വ്യക്തമായ ഭൂരിപക്ഷമുള്ളതിനാല്‍ ലോക്സഭയില്‍ ബി.ജെ.പിയ്ക്ക് മുത്തലാഖ് ബില്‍ പാസാക്കുന്നത് വെല്ലുവിളിയായില്ല.
ഇന്ന് ഉച്ചയ്ക്ക് 12 മണിയോടെ അപ്രതീക്ഷിത നീക്കത്തിലൂടെയാണ് കേന്ദ്ര നിയമമന്ത്രി രവിശങ്കര്‍ പ്രസാദ് മുസ്ലിം വനിതാ വിവാഹ അവകാശ സംരക്ഷണ ബില്‍ എന്ന പേരില്‍ മുത്തലാഖ് ബില്‍ ലോക്സഭയില്‍ അവതരിപ്പിച്ചത്.ബില്ലിനെ എല്ലാവരും പിന്തുണയ്ക്കണമെന്ന് അഭ്യര്‍ത്ഥിച്ച മന്ത്രി, ഇതില്‍ മതത്തിന്റേയോ വിശ്വാസത്തിന്റേയോ പ്രശ്നമില്ലെന്നും വ്യക്തമാക്കി. സ്ത്രീകള്‍ക്കും തുല്യത ഉറപ്പാക്കുകയാണ് ഈ ബില്ലിലൂടെ കേന്ദ്രം ചെയ്യുന്നത്. ലിംഗ സമത്വവും സ്ത്രീകളുടെ അന്തസും കാത്തുസൂക്ഷിക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, മുത്തലാഖ് ഇല്ലാതാക്കുന്നതിനെ പിന്തുണയ്ക്കുന്നെങ്കിലും മുത്തലാഖ് ചൊല്ലുന്നവര്‍ക്ക് മൂന്ന് വര്‍ഷം തടവ് ശിക്ഷ നല്‍കാനുള്ള നീക്കത്തെ കോണ്‍ഗ്രസ് എതിർത്തു. ശിക്ഷയ്ക്ക് പകരം സ്ത്രീകള്‍ക്ക് സുരക്ഷിതത്വം ഉറപ്പാക്കാനുള്ള വ്യവസ്ഥകള്‍ വേണമെന്നാണ് കോൺഗ്രസ്സ് ആവശ്യപ്പെട്ടത്. മുത്തലാഖിന്റെ പേരില്‍ ശിക്ഷിക്കപ്പെടുന്നയാള്‍ ജയിലില്‍ ആയാല്‍ എങ്ങനെയാണ് ജീവനാംശം നല്‍കുന്നതെന്നും അവര്‍ ചോദിച്ചു. എന്നാല്‍ ജീവനാംശത്തിന്റെ കാര്യം നിഷേധിക്കുന്നില്ലെന്ന് കേന്ദ്ര നിയമമന്ത്രി രവിശങ്കര്‍ പ്രസാദ് മറുപടി നല്‍കി. ഇക്കാര്യം മജിസ്ട്രേറ്റ് കോടതിയ്ക്ക് തീരുമാനിക്കാമെന്നും അദ്ദേഹം പ്രതിപക്ഷത്തിനോട് വിശദീകരിച്ചു. എന്നാൽ ബില്‍ പാസാക്കുന്നതില്‍ പ്രതിഷേധിച്ച് മുസ്ലീം ലീഗ് പ്രതിനിധികള്‍ സഭ വിട്ടിറങ്ങി.
https://www.facebook.com/Malayalivartha























