പിടികിട്ടാപ്പുള്ളിയായ മലയാളി ഗുണ്ടാനേതാവ് പി.ബിനു ചെന്നൈ അമ്പത്തൂര്‍ പൊലീസ് സ്റ്റേഷനില്‍ കീഴടങ്ങി

കൊലപാതകം ഉള്‍പ്പെടെ വിവിധ കേസുകളില്‍ പിടികിട്ടാപ്പുള്ളിയായ മലയാളി ഗുണ്ടാനേതാവ് പി.ബിനു ചെന്നൈയില്‍ കീഴടങ്ങി. അമ്പത്തൂര്‍ സ്റ്റേഷനില്‍ ഇന്ന് രാവിലെയാണ് കീഴടങ്ങിയത്. പിറന്നാള്‍ ആഘോഷത്തിനിടെ ബിനുവിനെ പിടികൂടാന്‍ പൊലീസ് എത്തിയെങ്കിലും ബിനു രക്ഷപെട്ടിരുന്നു. പിടികൂടിയ 73 ഗുണ്ടകളെ ചോദ്യം ചെയ്തതില്‍ നിന്നാണ് ഇയാളെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ലഭിച്ചത്. വര്‍ഷങ്ങളായി ചെന്നൈയില്‍ താമസിക്കുന്ന ബിനു തൃശൂര്‍ സ്വദേശിയാണെന്നു പൊലീസ് പറഞ്ഞു . തിരുവനന്തപുരം സ്വദേശിയാണെന്നാണു നേരത്തെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നത്. തൃശൂരില്‍ നിന്നു ജോലി തേടി ചെന്നൈയിലേക്കു കുടിയേറിയതാണ് കുടുംബമെന്ന് പൊലീസ് വിശദമാക്കി. ചായക്കട ജോലിക്കാരനായിട്ടാണ് ബിനുവിന്റെ ചെന്നൈ ജീവിതം തുടങ്ങിയത്. പിന്നീട് ചെറിയ കുറ്റകൃത്യങ്ങളില്‍ പങ്കാളിയായി പ്രാദേശിക രാഷ്ട്രീയ നേതാവിന്റെ പിണിയാളായി. കരാട്ടേ വിദഗ്ധന്‍ കൂടിയായ ബിനു പിന്നീടു ഗുണ്ടാസംഘ ത്തലവനാവുകയായിരുന്നു.
പ്രമേഹം ഉള്‍പ്പെടെയുള്ള അസുഖങ്ങള്‍ അലട്ടിയതിനാല്‍ നാലുവര്‍ഷം മുമ്പു കേരളത്തിലേക്കു ബിനു മടങ്ങിരുന്നു. എന്നാല്‍, ഈയിടെ വീണ്ടും അധോലോകത്തു സജീവമാകാന്‍ തീരുമാനിച്ചതിനെ തുടര്‍ന്നാണ് നാല്‍പതാം പിറന്നാള്‍ ആഘോഷം സംഘടിപ്പിച്ചതും ഗുണ്ടകളെയെല്ലാം ആഘോഷത്തിനായി ക്ഷണിച്ചതും. പിറന്നാള്‍ ആഘോഷത്തിനെത്തിയ ക്രിമിനലുകളെ വിദഗ്ധമായി കുടുക്കിയത് അമ്ബാട്ടൂര്‍ ഡെപ്യൂട്ടി കമ്മിഷണര്‍ സര്‍വേശ് ആണ്. ബിനുവിന്റെ പിറന്നാള്‍ ആഘോഷത്തില്‍ പങ്കെടുക്കാന്‍ ക്രിമിനലുകള്‍ എത്തുന്ന വിവരം ലഭിച്ച ഉടന്‍ കമ്മിഷണര്‍ എ.കെ.വിശ്വനാഥനെ സര്‍വേശ് അറിയിച്ചു. അങ്ങനെയാണ് ക്രിമിനല്‍ സംഘത്തെ ഒറ്റ രാത്രി കൊണ്ട് കുടുക്കാനായത്.
ഓപ്പറേഷന്‍ ബര്‍ത്ത് ഡേയിലൂടെ ബിനുവിന്റെ സംഘത്തെ തമിഴ്‌നാട് പൊലീസ് കീഴടക്കിയെങ്കിലും ബിനു രക്ഷപെട്ടിരുന്നു. ബിനുവിന്റെ വേരുകള്‍ തേടി തമിഴ്‌നാട് പൊലീസ് കേരളത്തിലേക്ക് എത്തിയിരുന്നു. ബിനു ചെന്നൈയിലെ ചൂളൈമേട്ടിലെത്തിയിട്ട് വര്‍ഷങ്ങളായി. ദാവൂദ് ഇബ്രാഹീം എന്നാണ് പൊലീസ് ഇയാളെ വിളിക്കുന്നത്. രണ്ട് വര്‍ഷമായി ഒളിവിലായിരുന്നു ഇയാള്‍. അവിടെയിരുന്ന് പല ഓപ്പറേഷനുകളും നടത്തിയിരുന്നു. ഇരുന്നോറോളം ഗുണ്ടകളും മറ്റുമാണ് ആഘോഷത്തില്‍ പങ്കെടുക്കാനെത്തിയത്. മദ്യലഹരിയില്‍ ആഘോഷം പൊടിപൊടിക്കുന്നതിനിടെയാണ് പൊലീസ് ഇവര്‍ തമ്പടിച്ച വര്‍ക്ക്ഷാപ്പ് വളഞ്ഞത്.
എന്നാല്‍ ബിനുവും കൂടെയുള്ള മറ്റൊരാളും രക്ഷപെട്ടു. 28 കേസുകളാണ് ഗുണ്ട ബിനുവിന്റെ പേരില്‍ തമിഴ്‌നാട്ടിലുള്ളത്. വേലു ലോറിത്താവളത്തിന് സമീപത്തെ വര്‍ക്ക്ഷാപ്പില്‍ പാര്‍ട്ടി നടക്കുമെന്ന് രഹസ്യവിവരം കിട്ടിയ പൊലീസ് ഗുണ്ടകളെ പോലെ സ്വകാര്യവാഹനങ്ങളിലാണ് സ്ഥലത്തെത്തിയത്. രാത്ര ഒന്‍പത് മണിയോടെ ബൈക്കിലും കാറിലും എത്തിയ സംഘം ജീവനക്കാരനെ വിരട്ടിയാണ് ആഘോഷം തുടങ്ങിയത്. നാട്ടുകാരുടെ സഹായത്തോടെയാണ് പൊലീസ് ഗുണ്ടകളെ പിടികൂടിയത്.
എട്ടോളം കൊലക്കേസിലെ പ്രതിയാണ് ബിനു. വര്‍ക്ക്ഷാപ്പില്‍ നിന്ന് നിരവധി ബക്കുകള്‍, മൊബൈല്‍ ഫോണുകള്‍, കത്തികള്‍, വടിവാളുകള്‍, മറ്റ് ആയുധങ്ങള്‍ എന്നിവ കണ്ടെടുത്തു. തമിഴ് ആക്ഷന്‍ ചിത്രങ്ങളെ വെല്ലുന്ന സംഘട്ടനമാണ് നടന്നതെന്ന് നാട്ടുകാര്‍ പറഞ്ഞു. വടിവാള്‍ ഉപയോഗിച്ച് കേക്ക് മുറിച്ചാണ് ആഘോഷം തുടങ്ങിയത്. നൃത്തവും പാട്ടുമായി പാര്‍ട്ടി കൊഴുത്തപ്പോള്‍ തോക്കുമായി പൊലീസിന്റെ എന്‍ട്രി. അതോടെ എല്ലാവരും ഓടിക്കളഞ്ഞു. സമീപത്തെ തടാകത്തില്‍ ചാടിയാണ് പലരും രക്ഷപെട്ടത്. പൊലീസിന്റെ പിടിയിലായ മദന്‍ എന്ന ഗുണ്ടയാണ് ബര്‍ത്ത്‌ഡേ പാര്‍ട്ടി നടക്കുമെന്ന വിവരം നല്‍കിയത്. ചെന്നൈ സിറ്റി പൊലീസ് കമ്മീഷണര്‍ എ കെ വിശ്വനാഥനും ഡപ്യൂട്ടി എസ് സര്‍വേശുമാണ് ഓപ്പറേഷന്‍ തയ്യാറാക്കിയത്.
https://www.facebook.com/Malayalivartha
























