അങ്കിളിന്റെ വൈരാഗ്യം മൂത്തപ്പോൾ ഏഴുവയസുകാരനെ തന്ത്രത്തിൽ വീട്ടിലെത്തിച്ചു; ശേഷം ചെയ്തത് ഇങ്ങനെ...

ഒരു മാസം മുൻപാണ് ആശിഷ് എന്ന ഏഴുവയസുകാരനെ കാണാതാകുന്നത്. ഒരു മാസത്തെ തിരച്ചിലിനൊടുവിൽ കുട്ടിയുടെ മൃതദേഹം കിട്ടിയത് പഴയ വാടകക്കാരനായ യു.പി.എസ്.സി. ഉദ്യോഗാര്‍ഥി അവദേശ് സക്യ എന്ന യുവാവിന്റെ വീട്ടിലെ സ്യൂട്ട്കേസില്‍നിന്നും. റായ്പുറിലെ സ്വരൂപ് നഗറിലാണു സംഭവം നടന്നത്. കൊലപാതകത്തിൽ അവദേശ് സക്യയെ പോലീസ് അറസ്റ്റ് ചെയ്തു. ജനുവരി ഏഴു മുതലായിരുന്നു കുട്ടിയെ കാണാതാകുന്നത്.
യുവാവ് അഞ്ചുവര്‍ഷം മുമ്പു വരെ ആശിഷിന്റെ വീട്ടിലായിരുന്നു വാടകയ്ക്കു താമസിച്ചിരുന്നത്. പിന്നീട് മറ്റൊരു വീട്ടിലേക്കു താമസം മാറുകയായിരുന്നു. ഇയാളുടെ സ്വഭാവം ഇഷ്ടപെടാത്തതിനാൽ ആശിഷിനെ ഇയാളുടെ വീട്ടിലേക്ക് അയയ്ക്കാന്‍ അച്ഛനും അമ്മയ്ക്കും താല്പര്യമില്ലായിരുന്നു. ആശിഷിനെ തന്റെ വീട്ടിലേക്കു വിടാത്തതില്‍ ഇയാള്‍ക്കു അതിയായ ദേഷ്യമായിരുന്നു. അതുകൊണ്ടുതന്നെ കൊലപാതകം നടന്ന ദിവസം സൈക്കിള്‍ വാങ്ങിക്കൊടുക്കാമെന്നു പറഞ്ഞു കുട്ടിയെ വീട്ടിലേക്കു കൂട്ടിക്കൊണ്ടു പോകുകയും ശ്വാസംമുട്ടിച്ചു കൊല്ലുകയുമായിരുന്നു.
റോഡിൽ സിസിടിവി ക്യാമറകള്‍ ഉള്ളതിനാല്‍ മൃതദേഹം പുറത്തു കൊണ്ടുപോയി കളയാതെ സ്യൂട്ട്കേസില്‍ സൂക്ഷിക്കുകയായിരുന്നു. ദുര്‍ഗന്ധം എലികളുടേതാണെന്നു വരുത്തിത്തീർക്കാൻ കുറച്ച് എലികളെ കൊല്ലുകയും ചെയ്തു. കൊലപാതകത്തിനു ശേഷം കുട്ടിയെ കാണാതായതിനെക്കുറിച്ചു സ്വരൂപ് നഗര്‍ പോലീസ് സ്റ്റേഷനില്‍ പരാതി നല്കാൻ യുവാവും മാതാപിതാക്കള്‍ക്കൊപ്പം മുന്നിലുണ്ടായിരുന്നു. കൊലപാതകത്തിൽ ഇയാളുടെയും മൊഴിയെടുത്തിരുന്നു. സംഭവത്തിനുശേഷം കുട്ടിയുടെ വീട്ടില്‍ പ്രതി പതിവായി പോകാറുണ്ടായിരുന്നു. എന്നാല്‍, ഏതാനും ദിവസങ്ങളായി പോകാത്തതിനെത്തുടർന്ന് സംശയം തോന്നിയ മാതാപിതാക്കൾ വിവരം പോലീസിനെ അറിയിക്കുകയായിരുന്നു. ചോദ്യം ചെയ്യലില്‍ ആദ്യം കുറ്റം നിഷേധിച്ചെങ്കിലും പിന്നീടു കുറ്റം സമ്മതിക്കുകയായിരുന്നു.
https://www.facebook.com/Malayalivartha
























